ത്രിപുരയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെ രഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നത് വലിയ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നു. ഗ്രാമപഞ്ചായത്തുകള്‍, പഞ്ചായത്ത് സമിതികള്‍, ജില്ലാ പരിഷത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ബിജെപി അഭിമാനകരമായ വിജയം കൈവരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ 8998 പേരും പഞ്ചായത്ത് സമിതികളിലേക്ക് 783 പേരും ജില്ലാ സമിതികളിലേക്ക് 384 പേരുമാണ് സ്ഥാനാര്‍ത്ഥികളായത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം ഇരുപത്തിരണ്ടിനായിരുന്നു. ഇത് കഴിഞ്ഞപ്പോഴാണ് മൂന്ന് തട്ടിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വലിയതോതില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി അസിത് കുമാര്‍ ദാസ് ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 71 ശതമാനവും പഞ്ചായത്ത് സമിതികളില്‍ 68 ശതമാനവും ജില്ലാ പരിഷത്തുകളില്‍ 17 ശതമാനവും ബിജെപി സ്ഥാനാര്‍ത്ഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതനുസരിച്ച് ഗ്രാമപഞ്ചായത്തുകളിലെ ആകെയുള്ള 6370 സ്ഥാനാര്‍ഥികളില്‍ 4550 സ്ഥാനാര്‍ത്ഥികളാണ് വിജയികളായിരിക്കുന്നത്. 1819 സ്ഥാനാര്‍ത്ഥികളാണ് ഇനി മത്സരരംഗത്തുള്ളത്. ഇതില്‍ 1818 സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ്. 1222 സീറ്റില്‍ സിപിഎമ്മിന്റെയും 731 സീറ്റില്‍ കോണ്‍ഗ്രസിന്റെയും 138 സീറ്റില്‍ ബിജെപി സഖ്യകക്ഷിയായ തിപ്ര മോദയുടെയും സ്ഥാനാര്‍ത്ഥികളാണ്. ആഗസ്റ്റ് എട്ടിനാണ് തെരഞ്ഞെടുപ്പ്. പന്ത്രണ്ടിന് ഫലം അറിയാം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മത്സരിച്ച് ജയിക്കുന്നതു പോയിട്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലുമുള്ള കരുത്ത് പ്രതിപക്ഷത്തിനില്ല എന്നാണ് ഭൂരിപക്ഷം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതില്‍ നിന്ന് വ്യക്തമാക്കുന്നത്. ബിജെപിയെ നേരിടുന്നതില്‍ സിപിഎമ്മും കോണ്‍ഗ്രസ്സുമൊക്കെ ഒറ്റക്കെട്ടാണ്. എന്നിട്ടും അവര്‍ക്ക് അതിന് കഴിയുന്നില്ല. 2019 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി വന്‍വിജയം നേടിയിരുന്നു. അന്ന് ഗ്രാമപഞ്ചായത്തുകളിലെ 86 ശതമാനം സീറ്റുകളിലും എതിരില്ലാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ അക്രമംകൊണ്ട് തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും അന്ന് കുപ്രചാരണം നടത്തിയിരുന്നു. എന്നാല്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണം രാഷ്ട്രീയ പാപ്പരത്തമാണെന്നും, സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും ഈ പാര്‍ട്ടികള്‍ക്ക് കഴിയാത്തത് തങ്ങളുടെ കുറ്റമല്ലെന്നും ബിജെപി മറുപടി നല്‍കിയിരുന്നു. 2019 ലെ ബിജെപി വിജയം ഒറ്റപ്പെട്ടതല്ലെന്നും അത് ത്രിപുരയില്‍ വന്നിരിക്കുന്ന രാഷ്ട്രീയ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഇപ്പോഴത്തെ വിജയം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. സ്വന്തം പരാജയം മറച്ചുപിടിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനി എന്താണ് ചെയ്യുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
രണ്ട് ഘട്ടങ്ങളിലായി 35 വര്‍ഷം ഇടതുപക്ഷം ഭരിച്ച സംസ്ഥാനമാണ് ത്രിപുര. 34 വര്‍ഷം ഭരിച്ച പശ്ചിമബംഗാളിനേക്കാള്‍ കൂടുതല്‍ ഇടതുപക്ഷം ത്രിപുര ഭരിച്ചു എന്നര്‍ത്ഥം. 2011ല്‍ പശ്ചിമ ബംഗാള്‍ ഭരണത്തില്‍നിന്ന് സിപിഎമ്മിനെയും ഇടതുമുന്നണിയെയും ഇറക്കിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് ബിജെപിയുടെ സഹായത്തോടെയാണ്. അപ്പോഴും ത്രിപുര തങ്ങളെ കൈവിടില്ലെന്ന് സിപിഎം അവകാശപ്പെട്ടിരുന്നു. ഗുജറാത്ത് മോഡല്‍ അല്ല, ത്രിപുര മോഡല്‍ ആണ് രാജ്യത്തിന് ആവശ്യമെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ കടപുഴുക്കി ബിജെപി ഭരണം പിടിക്കുകയും, ബിപ്ലവ് ദേവ് മുഖ്യമന്ത്രിയാവുകയും ചെയ്തു. സ്വന്തം അവകാശവാദങ്ങള്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും വിഴുങ്ങേണ്ടിയും വന്നു. 2023 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഒരിക്കല്‍ കൂടി ബിജെപി അധികാരം പിടിച്ചതോടെ ത്രിപുരയില്‍ സിപിഎമ്മിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്‍ഡി മുന്നണിയായി മത്സരിച്ചിട്ടും തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഇടതുപക്ഷത്തിനായില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ രണ്ട് സീറ്റും ബിജെപി നിലനിര്‍ത്തി. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും രണ്ടു പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചിരിക്കുന്ന ബിജെപിയുമായി സിപിഎമ്മിന് യാതൊരു താരതമ്യവുമില്ല. ഇനിയൊരിക്കലും ബിജെപിയെ മറികടക്കാന്‍ സിപിഎമ്മിനാവില്ല. കേരളത്തിലെ തുടര്‍ഭരണത്തിന്റെ പേരില്‍ അഹങ്കരിക്കുന്ന സിപിഎം ത്രിപുര എന്ന കണ്ണാടി നോക്കുന്നത് നന്നായിരിക്കും. കേരളം ത്രിപുരയാവില്ലെന്ന് ആരും കരുതേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: