പാരീസ്: പാരീസ് ഒളിംപിക്സ് അമ്പെയ്‌ത്തില്‍ ഭാരത പുരുഷ-വനിത ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മിക്സഡ് വിഭാഗത്തിലും ഭാരതം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. റാങ്കിംഗ് റൗണ്ടില്‍ 1,983 പോയിന്റ് നേടി നാലാം സ്ഥാനക്കാരായാണ് വനിതകളുടെ ക്വാര്‍ട്ടര്‍ പ്രവേശനം. പുരുഷന്മാര്‍ 2025 പോയിന്റ് നേടി മൂന്നാം സ്ഥാനക്കാരുമായാണ് ക്വാര്‍ട്ടറിലെത്തിയത്.
വനിതകളില്‍ കൊറിയയും ചൈനയും മെക്സിക്കോയും ഭാരതത്തിനൊപ്പം ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. റാങ്കിങ് റൗണ്ടില്‍ ഒളിംപിക് റിക്കോര്‍ഡോടെ 2046 പോയിന്റുമായി ദക്ഷിണ കൊറിയയാണ് ഒന്നാമത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ അവര്‍ തന്നെ സ്ഥാപിച്ച 2032 പോയിന്റിന്റെ റിക്കോര്‍ഡാണ് ഇന്നലെ തിരുത്തിയത്. ചൈന 1996 പോയിന്റും മെക്സിക്കോ 1986 പോയിന്റും നേടി.
നെതര്‍ലന്‍ഡ്സ്-ഫ്രാന്‍സ് മത്സര വിജയികളാണ് 28ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ഭാരതത്തിന്റെ എതിരാളികള്‍. ഇന്ത്യയുടെ എതിരാളികള്‍. ഈയിനത്തിലെ മെഡല്‍ ജേതാക്കളെയും അന്നറിയാം.
റാങ്കിങ് വ്യക്തിഗത ഇനത്തില്‍ അങ്കിത ഭഗത് 666 പോയിന്റുമായി 11-ാമത് എത്തി. 659 പോയിന്റുമായി ഭജന്‍ കൗര്‍ 22-ാമതും, 658 പോയിന്റുമായി ദീപിക കുമാരി 23-ാമതുമാണ് ഫിനിഷ് ചെയ്തത്. അങ്കിത മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ദീപിക കുമാരിക്കും ഭജന്‍ കൗറിനും താളം കണ്ടെത്താനായില്ല. റൗണ്ട് ഒഫ് 64-ല്‍ ഭജന്‍ കൗര്‍ ഇന്തോനേഷ്യയുടെ സെയിഫ കമാലിനെയും അങ്കിത ഭഗത് പോളണ്ടിന്റെ വിയോലേറ്റ മൈസോറിനെയും ദീപിക കുമാരി എസ്തോണിയയുടെ റീന പര്‍നതിനെയും നേരിടും.
വ്യക്തിഗത റൗണ്ടില്‍ 694 പോയിന്റ് നേടിയ ലിം സി ഹൈയോണ്‍ ലോക റിക്കോര്‍ഡോടെ ഒന്നാം സ്ഥാനത്തെത്തി. 2019-ല്‍ അവരുടെ തന്നെ കാങ് ചെയോങ് സ്ഥാപിച്ച 692 പോയിന്റിന്റെ റിക്കോര്‍ഡാണ് ലിം മറികടന്നത്.
തുടര്‍ച്ചയായി നാലു ബുള്‍സ് ഐ അമ്പെയ്‌ത്തുകളുമായി തുടക്കത്തിലെ ലിം സി ഹൈയോണ്‍ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടി. ഭാരതത്തിനായി ആദ്യം തന്നെ ബുള്‍സ് ഐയില്‍ അമ്പെയ്ത് 10 പോയിന്റ് നേടിയ അങ്കിതക്ക് പിന്നീട് ആ മികവ് നിലനിര്‍ത്താനായില്ല.
പുരുഷ ടീം ഇനത്തില്‍ 2049 പോയിന്റുമായി ദക്ഷിണ കൊറിയയാണ് ഒന്നാമത്. 2025 പോയിന്റുമായി ഫ്രാന്‍സ് രണ്ടാം സ്ഥാനക്കാരായും 1998 പോയിന്റ് നേടി ചൈന നാലാം സ്ഥാനക്കാരായും ഭാരതത്തിനൊപ്പം ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ തുര്‍ക്കി-കൊളംബിയ വിജയികളാണ് ഭാരതത്തിന്റെ എതിരാളികള്‍.
റാങ്കിങ് വ്യക്തിഗത ഇനത്തില്‍ ധിരജ് ബൊമ്മദേവര മികച്ച പ്രകടനം നടത്തി നാലാം സ്ഥാനത്തെത്തി. 681 പോയിന്റാണ് ധിരജ് നേടിയത്. 674 പോയിന്റുമായി തരുണ്‍ദീപ് റായ് 14-ാം സ്ഥാനത്തും 658 പോയിന്റുമായി പര്‍വീണ്‍ രമേഷ് ജാദവ് 39-ാം സ്ഥാനത്തും എത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറി. റൗണ്ട് ഒഫ് 64-ല്‍ ധിരജ് ചെക്ക് റിപ്പ്ബ്ലിക്കിന്റെ ആഡം ലിയുമായും തരുണ്‍ദീപ് റായ് ബ്രിട്ടന്റെ ടോം ഹാളുമായും പ്രവീണ്‍ രമേഷ് ചൈനയുടെ കൊ വെന്‍ചാവോയുമായും മത്സരിക്കും.
മിക്സഡ് ആര്‍ച്ചറിയില്‍ അങ്കിത ഭക്തിനൊപ്പം ധീരജ് ബൊമ്മദേവര മത്സരിക്കും. ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയാണ് ഭാരതത്തിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: