മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവനായ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷായുമായി ദൽഹിയിൽ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രി വൈകിയാണ് കൂടിക്കാഴ്ച നടന്നതെന്ന് പവാറുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ജൂലൈ 28 ന് പവാർ വീണ്ടും സന്ദർശനം നടത്തിയേക്കും. ഈ വർഷം ഒക്ടോബറിൽ നടക്കാൻ സാധ്യതയുള്ള മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, ബിജെപി, എൻസിപി എന്നിവ ഉൾപ്പെടുന്ന ഭരണകക്ഷിയായ മഹായുതി സഖ്യം ആരംഭിക്കാനിരിക്കെയാണ് യോഗം പ്രാധാന്യമർഹിക്കുന്നത്.
ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻസിപി നാല് സീറ്റിൽ മത്സരിച്ചെങ്കിലും ഒരെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. എൻസിപി (എസ്പി) തലവനും മുതിർന്ന നേതാവുമായ ശരദ് പവാറിന്റെ മകളും സിറ്റിംഗ് എംപിയുമായ സുപ്രിയ സുലെയാണ് ബാരാമതി സീറ്റിൽ മത്സരിച്ച പവാറിന്റെ ഭാര്യ സുനേത്രയെ പരാജയപ്പെടുത്തിയത്. സുനേത്ര പവാർ പിന്നീട് എതിരില്ലാതെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2023 ജൂലൈയിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൽ ചേർന്ന പവാർ ഉപമുഖ്യമന്ത്രിയായി. അജിത് പവാറിനെയും എൻസിപിയെയും മഹായുതിയിൽ ഉൾപ്പെടുത്തിയതാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണ സഖ്യത്തിന്റെ മോശം പ്രകടനത്തിന് കാരണമെന്ന് സമീപകാലത്ത് ചില ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുമായുള്ള സഖ്യത്തെത്തുടർന്ന് ജനവികാരം ബിജെപിക്കെതിരെ രൂക്ഷമായി, അത് പിന്നീട് ബിജെപിയുടെ മോശം പ്രകടനത്തിന് കാരണമായിയെന്നും ആരോപണമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സിറ്റിംഗ് എംപി ഉദയൻരാജെ ഭോസാലെ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് തന്റെ പാർട്ടിക്ക് ഉറപ്പുനൽകിയതായി പവാർ നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: