ഇന്ന് പല പുരുഷന്മാരും മസിലുകൾ പെരുപ്പിക്കാനായി പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. പക്ഷേ ഇത്തരത്തിൽ കൂടുതൽ പ്രോട്ടീൻ കഴിച്ച് മസിൽ അധികരിക്കുമ്പോൾ കുറയുന്നത് ആയുസ്സ് ആണെന്ന് അവർ തിരിച്ചറിയുന്നില്ല. ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറയുന്നതിനേക്കാൾ അപകടകരമാണ് കൂടുന്നത്. ആധുനിക കാലത്തെ ജീവിതരീതിയും കഴിക്കുന്ന ഭക്ഷണവും പരിഗണിച്ചാൽ പലരും ആവശ്യത്തിലധികം പ്രോട്ടീൻ കഴിക്കുന്നവരായാണ് കണ്ടെത്തിയിട്ടുള്ളത്.
യഥാർത്ഥത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ഒരു പ്രധാന പോഷകമാണ് പ്രോട്ടീൻ. അതിന്റെ കുറവ് നിങ്ങളുടെ പ്രതിരോധശേഷി കുറയ്ക്കുകയും മുടിയും ചർമ്മവും നശിപ്പിക്കുകയും മസിലുകൾ നഷ്ടപ്പെടുത്തുകയും ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഇതിനേക്കാളെല്ലാം ദോഷകരമാണ് ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നത്. ഭക്ഷണത്തിൽ പ്രോട്ടീൻ കൂടുതൽ ആകുമ്പോൾ കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയ മറ്റ് അവശ്യ പോഷകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയാതെ വരുന്നതാണ്.
ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ നിർജ്ജലീകരണത്തിനും കാരണമാകും. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവർക്ക് മൂത്രത്തിലൂടെ ധാരാളം കാൽസ്യം നഷ്ടപ്പെടുമെന്നും പഠനങ്ങൾ പറയുന്നു. കൂടാതെ അധികമായി ലഭിക്കുന്ന പ്രോട്ടീൻ നിങ്ങളുടെ വൃക്കകളെ തകരാറിലാക്കുകയും ചെയ്യുന്നതാണ്. ഉയർന്ന അളവിൽ പ്രോട്ടീൻ കഴിക്കുന്നവർക്ക് പലപ്പോഴും ദഹന പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്.
ശരീരത്തിൽ നിന്നും അമിതമായി ജലാംശം ഇല്ലാതാവുന്നതും വൃക്കകൾക്ക് കൂടുതൽ സമ്മർദ്ദം ഉണ്ടാകുന്നതും ഇവരിൽ കാണാനാകുന്നതാണ്. പ്രോട്ടീൻ ധാരാളം കഴിക്കുമ്പോൾ ശരീര ഭാരവും മസിലുകളും കൂടാമെങ്കിലും അസ്ഥികളുടെ ആരോഗ്യം ക്ഷയിക്കുകയാണ് ചെയ്യുന്നത്. പ്രോട്ടീൻ കൂടുതൽ ആകുമ്പോൾ മൂത്രത്തിലൂടെ ധാരാളം കാൽസ്യം നഷ്ടപ്പെടുന്നതിനാൽ അസ്ഥികൾ ഭാവിയിൽ ദുർബലപ്പെടുന്നതാണ്. ഇത്തരത്തിലുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിൽ പ്രോട്ടീൻ അധികമാകുന്നതിലൂടെ സംഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: