വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയതോടെ കമലാഹാരിസിന് ആണ് കൂടുതൽ സാധ്യത. ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ തന്നെ ജോ ബൈഡൻ ഇക്കുറി മത്സരിക്കരുതെന്ന നിലപാടെടുത്തതോടെയാണ് ബൈഡൻ പിന്മാറ്റം പ്രഖ്യാപിച്ചത്. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ബൈഡൻ അപ്രതീക്ഷിതമായി മത്സര രംഗത്തുനിന്നും പിന്മാറുകയാണെന്ന് അറിയിച്ചത്.
രാജ്യത്തിന്റെയും പാർട്ടിയുടെയും നല്ലതിനായി മത്സരത്തിൽനിന്ന് പിന്മാറുന്നു എന്നായിരുന്നു ബൈഡന്റെ കുറിപ്പ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാലുമാസം മാത്രം അവശേഷിക്കെയാണ് ബൈഡന്റെ പിന്മാറ്റം.തനിക്കു പകരം കമല ഹാരിസിന്റെ പേരു നിർദ്ദേശിച്ചാണ് ബൈഡൻ പിൻമാറുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ കമലയെ പിന്തുണയ്ക്കണമെന്ന് ബൈഡൻ ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടു.
ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയിൽ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനൽ കൺവൻഷനിൽ പുതിയ സ്ഥാനാർഥിയെ തെരഞ്ഞെടുക്കും.പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽനിന്നു ബൈഡൻ പിന്മാറണമെന്നു പാർട്ടിക്കകത്തും പുറത്തും ചർച്ചയായിരുന്നു.
പാർട്ടിയിലെ പ്രമുഖ നേതാക്കളായ മുൻ പ്രസിഡന്റ് ബറാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമർ തുടങ്ങിയവർ ബൈഡന്റെ സ്ഥാർഥിത്വത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. എതിർ സ്ഥാനാർഥിയായ ട്രംപുമായുള്ള സംവാദത്തിൽ തിരിച്ചടിയേറ്റതുമുതൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ബൈഡന് വിമർശനമേൽക്കേണ്ടി വന്നിരുന്നു. ട്രംപിന് മുന്നിൽ ബൈഡന് പിടിച്ചുനിൽക്കാനാകില്ലെന്നും അഭിപ്രായമുയർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: