ബെംഗളുരു: ഉത്തര കന്നഡ അങ്കോള-ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്നേയ്ക്ക് ഏഴുദിവസം പിന്നിടുമ്പോള്‍ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. സൈന്യമുള്‍പ്പെടെ തെരച്ചിലിനെത്തിയെങ്കിലും നിലവില്‍ അര്‍ജുനെക്കുറിച്ചോ, ലോറിയെക്കുറിച്ചോ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇനിയുള്ള തെരച്ചില്‍ റോഡില്‍ തുടര്‍ന്നേക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ഗംഗംഗാവലി പുഴയിലാണ് സ്കൂബ ഡൈവേഴ്സ് ഇപ്പോൾ പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന. സൈന്യത്തിന്റെ ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സ്ഥലത്ത് എത്തിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് സൈന്യം കരയിൽ തെരച്ചിൽ നടത്തുകയാണ്. ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.
അർജുനെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്ന് എംകെ രാഘവൻ എംപി വ്യക്തമാക്കി. അതേ സമയം അർജുന്റെ വാഹനം പുഴയിലാകാമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കി. വാഹനം കരയിലുണ്ടാകാൻ 99 ശതമാനവും സാധ്യതയില്ലെന്നും കളക്ടർ പറഞ്ഞു. അവ്യക്തമായ ചില സിഗ്നൽ ലഭിച്ചിട്ടുണ്ട്. എന്നാൽ അതെന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല.
മണ്ണിടിച്ചിലിന് 10 മിനിറ്റ് മുമ്പുള്ള കരയുടെ ദൃശ്യങ്ങളുടെ ചിത്രം ഇന്ന് ലഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദിക്കരയിൽ ആ സമയത്ത് ഏതൊക്കെ വാഹനങ്ങൾ നിർത്തിയിട്ടുവെന്ന് ഈ ചിത്രങ്ങളിൽ നിന്ന് അറിയാൻ സാധിക്കും. സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. അർജുന്റെ ലോറി സംഭവ സ്ഥലത്തേക്ക് കടന്നുവന്നു എന്ന് സിസിടിവിയിൽ വ്യക്തമാണ്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം ലോറി കടന്ന് പോയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
അർജുന്റെ വാഹനം മണ്ണിനടിയിൽ ഇല്ലെന്നാണ് കർണാടക സർക്കാർ പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഐഎസ്ആർഒയുടെ ഉപഗ്രഹ ദൃശ്യങ്ങൾ പരിശോധിക്കും. എന്താണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ നോക്കി വരികയാണെന്നും തെരച്ചില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
റോഡിലേക്ക് വീണ 90 ശതമാനം മണ്ണു നീക്കിയെന്നും ഇത്ര തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയും ഇല്ലെന്നും കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇനിയും മണ്ണ് നീക്കിയാല്‍ കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അര്‍ജുനെ കൂടാതെ മൂന്ന് കര്‍ണാടക സ്വദേശികളെയും മണ്ണിടിച്ചിലിന് പിന്നാലെ കാണാതായിട്ടുണ്ട്. മണ്ണിടിഞ്ഞ് സമീപത്തെ നദിയിലേക്കാണ് വീണതെന്നും റോഡിലെ മണ്ണിനടിയില്‍ ലോറിയില്ലാത്ത സാഹചര്യത്തില്‍ പുഴയിലേക്ക് തെരച്ചില്‍ മാറ്റിയേക്കുമെന്നും കൃഷ്ണ ബൈരേഗൗഡ അറിയിച്ചു.
രാത്രി തിരച്ചില്‍ നടത്തരുതെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശമുണ്ട്. നിരന്തരമായുള്ള സമ്മര്‍ദ്ദം കാരണം ശനിയാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ സൈന്യത്തെ വിളിച്ചത്. പ്രദേശത്ത് ഇടയ്ക്ക് പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. സൈന്യത്തെ കൂടാതെ നാവിക സേന, ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, അഗ്നിരക്ഷാസേന, പോലീസ് എന്നിവരാണ് തെരച്ചില്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: