മലയാളത്തില്‍ ഏറെക്കാലം നീണ്ടുനിന്ന പംക്തി പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ എഴുതിയ ‘സാഹിത്യ വാരഫലം’ ആയിരിക്കും. മലയാള നാട്, കലാകൗമുദി, സമകാലിക മലയാളം എന്നീ വാരികകളിലായി മൂന്നര പതിറ്റാണ്ടുകാലമാണ് കൃഷ്ണന്‍ നായര്‍ തുടര്‍ച്ചയായി എഴുതിയത്. വാരഫലം എന്ന പേര് സൂചിപ്പിക്കുന്നതുപോലെ സമകാല സാഹിത്യ രചനകളെക്കുറിച്ചാണ് എഴുതിക്കൊണ്ടിരുന്നത്. കൃഷ്ണന്‍ നായര്‍ കഴിഞ്ഞാല്‍ ഒരു പ്രതിവാര പംക്തി ഏറ്റവും കൂടുതല്‍ കാലം എഴുതിയ വ്യക്തി ഒരാള്‍ മാത്രം- ജന്മഭൂമിയുടെ പത്രാധിപരായിരുന്ന, ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ, ഇപ്പോള്‍ നവതിയിലെത്തിയിരിക്കുന്ന പി.നാരായണന്‍. സംഘപഥത്തിലൂടെ എന്ന പ്രതിവാര പംക്തി കാല്‍നൂറ്റാണ്ടു കാലമായി ജന്മഭൂമിയില്‍ തുടരുകയാണ്.
‘സാഹിത്യ’ വാരഫലത്തില്‍നിന്ന് വ്യത്യസ്തമായി ‘സംഘപഥത്തിലൂടെ’ സൂര്യനു കീഴെയുള്ള ഏതു വിഷയവും കടന്നുവരുന്നു. ഭാഷ, സാഹിത്യം, കല, ചരിത്രം, സംസ്‌കാരം, രാഷ്‌ട്രീയം, സാമ്പത്തികം, മതം, ആത്മീയത, കൃഷി, ഭൂമിശാസ്ത്രം, പ്രകൃതി, പരിസ്ഥിതി, പാരമ്പര്യ വിജ്ഞാനം, സ്ഥലനാമങ്ങള്‍, നാട്ടറിവുകള്‍… അവസാനിക്കാത്ത വിഷയ വൈവിധ്യം. അപൂര്‍വമായ അറിവുകള്‍, കൗതുകകരമായ കണ്ടെത്തലുകള്‍, കാലം കവര്‍ന്നെടുക്കാനിടയുള്ള സ്‌ഫോടനാത്മകമായ വിവരങ്ങള്‍ എന്നിവയൊക്കെ പങ്കുവയ്‌ക്കുന്ന അസുലഭമായ ഒരു വായനാനുഭവമാണ് സംഘപഥത്തിലൂടെ സമ്മാനിക്കുന്നത്. ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പൊന്‍പേനയും കൈമുതലായുള്ള ഇങ്ങനെയൊരു എഴുത്തുകാരനെ മലയാളി ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. നല്ല പത്രാധിപന്മാര്‍ നല്ല എഴുത്തുകാരാവണമെന്നില്ല. നല്ല എഴുത്തുകാര്‍ നല്ല പത്രാധിപരും. നാരായണ്‍ജി ഇത് രണ്ടുമാണ്. നാരായണ്‍ജിയോളം എഴുതിയ പത്രാധിപന്മാര്‍ കുറഞ്ഞപക്ഷം മലയാളത്തിലെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല.
‘സബര്‍മതി’യിലെ തുടക്കം
ജന്മഭൂമിയിലെ ഔദ്യോഗിക സേവനം അവസാനിച്ചശേഷമാണ് ‘സംഘപഥത്തിലൂടെ’യുള്ള യാത്രനാരായണ്‍ജി തുടങ്ങിയത്. ചെറുപ്പത്തില്‍ പരിചയപ്പെട്ട ചില വ്യക്തികളെക്കുറിച്ചും, അവരുടെ കൗതുകകരങ്ങളായ കാര്യങ്ങളെക്കുറിച്ചും ജന്മഭൂമിയുടെ വാരാദ്യപ്പതിപ്പില്‍ എഴുതിത്തുടങ്ങിയത് ഒരു നിയോഗമെന്നോണം അതിവിശാലമായ സംഘപഥമായി മാറുകയായിരുന്നു. സംഘപഥമെന്നത് രാഷ്‌ട്രീയ സ്വയംസേവക സംഘം എന്ന ദേശീയ പ്രസ്ഥാനത്തിന്റെ മഹാപഥമാണ്. ”വലിയ വലിയ ആളുകളെപ്പറ്റി മിക്കവര്‍ക്കും അറിയാം. എന്നാല്‍ സാധാരണ വ്യക്തികളുടെ പങ്ക് അറിയണമെന്നില്ല.” ഇത്തരക്കാരായ ചിലരെ പരിചയപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു എഴുത്ത്. സ്‌നേഹത്തിലും ആത്മാര്‍ത്ഥതയിലും ധീരതയിലും ആദര്‍ശ പ്രതിബദ്ധതയിലും ആരുടെയും പിന്നിലല്ലാത്ത പച്ചമനുഷ്യരുടെ ജീവിതകഥകള്‍ കോറിയിടുന്നതിനാലാണ് സംഘപഥത്തിലൂടെ എന്ന പംക്തി ജനകീയമായിത്തീരുന്നത്. ഇവരെ കാണാനും കേള്‍ക്കാനും പ്രായാധിക്യം മറന്നുള്ള യാത്രകള്‍ നാരായണ്‍ജി എന്ന മനുഷ്യനെയും പത്രപ്രവര്‍ത്തകനെയും വ്യത്യസ്തനാക്കുന്നു. രാഷ്‌ട്രസേവനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാരഥന്മാരും ഈ എഴുത്തില്‍ സ്ഥാനംപിടിക്കുന്നു.
സഹയാത്രികര്‍ നിരവധിയുണ്ടെങ്കിലും സംഘപഥത്തിലൂടെയുള്ള മഹായാത്രികന്‍ നാരായണ്‍ജി തന്നെയാണ്. പ്രസിദ്ധീകരിച്ചത് ജന്മഭൂമിയാണെങ്കിലും അതിന്റെ തുടക്കം മറ്റൊരിടത്താണ്. 1951 ല്‍ തിരുവനന്തപുരം എംജി കോളജ് അദ്ധ്യാപകന്‍ രാഘവന്‍ പിള്ളയുടെ, കോളജ് കാമ്പസില്‍ തന്നെയുള്ള ‘സബര്‍മതി’ വസതിയില്‍നിന്നായിരുന്നു അത്. രാഘവന്‍ പിള്ള സാറിന്റെ രണ്ടു മക്കള്‍ സ്വയംസേവകരായിരുന്നു. ഇവരെത്തേടിയെത്തിയ കെ.ഇ. കൃഷ്ണന്‍ വഴി പട്ടം സര്‍ക്കാര്‍ സ്‌കൂള്‍ മുറ്റത്തെ ശാഖയിലെത്തുകയായിരുന്നു നാരായണ്‍ജി. തിരുവനന്തപുരത്ത് എംജി കോളജിലെയും യൂണിവേഴ്‌സിറ്റി കോളജിലെയും പഠനം കഴിഞ്ഞ് തൊടുപുഴയില്‍ തിരിച്ചെത്തിയ നാരായണ്‍ജി അവിടുത്തെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സംഘശാഖ ആരംഭിക്കുകയായിരുന്നു. അപ്പോള്‍ സര്‍സംഘചാലക് ആയിരുന്ന ഗുരുജിയുടെ അന്‍പത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച രാഷ്‌ട്ര ജാഗരണ പ്രസ്ഥാനകാലത്തായിരുന്നു ഇത്. എറണാകുളത്തെ പ്രചാരകനായിരുന്ന ഭാസ്‌കര്‍ റാവുജിയുടെ മാര്‍ഗദര്‍ശനവും ഇതിനു ലഭിച്ചു.
ഗുരുവായൂരിലെ പ്രചാരകന്‍
സംഘപ്രചാരകനാവാനുള്ള മോഹം നാരായണ്‍ജിക്ക് അധികനാള്‍ മനസ്സില്‍ കൊണ്ടുനടക്കേണ്ടി വന്നില്ല. ആ മോഹം തീരുമാനത്തിനു വഴി മാറി. ഔദ്യോഗികമായി പ്രചാരകനായിരുന്നില്ലെങ്കിലും തൊടുപുഴയില്‍ ഒരു പ്രചാരകനെ പോലെയായിരുന്നു പ്രവര്‍ത്തനം. പ്രചാരകനാവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടും അനുമതി ലഭിക്കാതെ കുറെ നാള്‍ വീട്ടില്‍ കഴിയേണ്ടിവന്നു. അനുമതി ലഭിച്ച വിവരം വന്നപ്പോള്‍ അച്ഛന്‍ വീട്ടില്‍ ഇല്ലായിരുന്നു. ജോലി അകലെയുള്ള സ്‌കൂളിലായിരുന്നതിനാല്‍ ആഴ്ചയില്‍ ഒരിക്കലേ വരുമായിരുന്നുള്ളൂ. പ്രചാരകനാവുന്ന കാര്യം അച്ഛനെ നേരിട്ട് അറിയിച്ചില്ല. കൊല്ലത്തെ ഹിന്ദുമഹാ മണ്ഡലം സമ്മേളനത്തില്‍ പ്രതിനിധിയായിരുന്ന അച്ഛനൊപ്പം പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ”അതിനൊക്കെ പ്രായമാകുമ്പോള്‍ പോയാല്‍ മതി. തല്‍ക്കാലം വീട്ടിലിരി” എന്നു പറഞ്ഞത് മനസ്സില്‍ കിടക്കുന്നുണ്ട്. അമ്മയോട് പറഞ്ഞിട്ടു പോകാം എന്നു കരുതി. അതിലും മറ്റൊരു പ്രശ്‌നമുണ്ട്. ”ഏതോ ജ്യോതിഷം പറയുന്നയാള്‍ എന്റെ തലക്കുറി നോക്കിയിട്ട് പതിനാലാം വയസ്സില്‍ വീടുവിട്ടു പോകുമെന്നും, നാലുവര്‍ഷം കഴിഞ്ഞ് തിരിച്ചുവരുമെന്നും, രണ്ടുകൊല്ലം കൂടി കഴിഞ്ഞ് ഒരു പോക്കുകൂടി പോയാല്‍ തിരിച്ചുവരില്ലെന്നും പറഞ്ഞിരുന്നു. പതിനാലാം വയസ്സില്‍ പഠിക്കാന്‍ തിരുവനന്തപുരത്ത് പോയിട്ട് നാലുകൊല്ലം കഴിഞ്ഞാണല്ലോ തിരിച്ചെത്തിയത്. രണ്ടുവര്‍ഷം കഴിഞ്ഞ് പ്രചാരകനായി പോകുന്ന ഞാന്‍ ഇനി തിരിച്ചുവരില്ലെന്ന് അമ്മ വിചാരിച്ചിരിക്കും” എന്നാണ് നാരായണ്‍ജി എഴുതിയിട്ടുള്ളത്.
പ്രചാരകനായി പോകുന്നതില്‍ നാരായണ്‍ജിയുടെ വീട്ടിനെക്കാള്‍ കോലാഹലമുണ്ടാക്കിയത് നാട്ടുകാരായിരുന്നു. പക്ഷേ എംഎ സാറും (എം.എ. കൃഷ്ണന്‍) സേതുവേട്ടനും (എസ്. സേതുമാധവന്‍) തൊടുപുഴയില്‍ പ്രചാരകരായി എത്തിയതിനാലും, ഭാസ്‌കര്‍ റാവുജിയുടെ സമര്‍ത്ഥമായ ഇടപെടല്‍കൊണ്ടും കുടുംബം അതുമായി ഒരുവിധം പൊരുത്തപ്പെട്ടു. ഗുരുവായൂരിലേക്കാണ് നാരായണ്‍ജി നിയോഗിക്കപ്പെട്ടത്. അവിടെ ചെന്നശേഷമാണ് കത്തുവഴി അച്ഛനെ വിവരമറിയിച്ചത്. ”പണത്തിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കണം” എന്നു മാത്രമേ മറുപടിയായി പറയാനുണ്ടായിരുന്നുള്ളൂ. ഇതേ അച്ഛന്‍ പിന്നീട് സംഘത്തിന്റെ തൊടുപുഴ താലൂക്ക് സംഘചാലകനായി. മകനിലൂടെ അച്ഛന്‍ സംഘത്തില്‍ വരികയായിരുന്നു. അങ്ങനെ രണ്ടുപേരും സംഘപഥത്തിലൂടെ യാത്ര തുടങ്ങി.
ഗുരുവായൂരിലും തലശ്ശേരിയിലും കണ്ണൂരിലും താലൂക്ക് പ്രചാരകനായും, കണ്ണൂരും കോട്ടയത്തും ജില്ലാപ്രചാരകനായുമാണ് നാരായണ്‍ജി പ്രവര്‍ത്തിച്ചത്. ഗുരുവായൂരിലെ മുഖ്യശിക്ഷകന്‍ നാരായണന്‍ നമ്പൂതിരിയാണ് ‘നാരായണ്‍ജി’ എന്ന് ആദ്യമായി വിളിച്ചത്. രണ്ടു പേരും നാരായണന്മാരാണെന്ന കൗതുകവുമുണ്ട്. പിന്നീട് വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും നാരായണ്‍ജി എന്നു വിളിച്ചുപോന്നു. സംഘത്തിലും ഭാരതീയ ജനസംഘത്തിലും ജന്മഭൂമിയിലും നാരായണജിയാണ്. മാധ്യമലോകത്തും അങ്ങനെ തന്നെ. സഹധര്‍മ്മിണിക്കും സ്വന്തം ഭര്‍ത്താവ് നാരായണ്‍ജിയാണ്. എല്ലാ സ്‌നേഹ ബഹുമാനങ്ങളോടെയും ‘നാരായണന്‍’ എന്നുമാത്രം വിളിച്ച ഒരാളുണ്ട്-മഹാജ്ഞാനിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന പി. മാധവ്ജി. തിരുവനന്തപുരത്ത് മാധവ്ജി സംഘപ്രചാരകനായിരുന്നപ്പോള്‍ എഴുതിയ ഒരു കത്തില്‍ 50 തവണയെങ്കിലും നാരായണ്‍ജി എന്നു സംബോധന ചെയ്ത ശേഷം ഇനി മുതല്‍ ഞാന്‍ അങ്ങനെ വിളിക്കില്ലെന്ന ഒരു ക്ഷമാപണവും. സ്വതസിദ്ധമായ തമാശകള്‍!
ജനസംഘ വര്‍ഷങ്ങള്‍
സംഘ തീരുമാനപ്രകാരം ഭാരതീയ ജനസംഘത്തിലേക്ക് നിയോഗിക്കപ്പെട്ട നാരായണ്‍ജി പിന്നീട് അതിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി. ദേശീയ രാഷ്‌ട്രീയത്തില്‍ സംഭവബഹുലമായ ഒരു കാലഘട്ടമായിരുന്നു അത്. മതപ്രീണനവും സോഷ്യലിസ്റ്റ് വ്യാമോഹവും പുലര്‍ത്തിപ്പോന്ന കോണ്‍ഗ്രസിന് ബദലായി ദേശീയ ബോധത്തിലും സാംസ്‌കാരിക ത്തനിമയിലും അടിയുറച്ചു വിശ്വസിക്കുകയും, ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും ജനതയുടെ ഐക്യത്തിനു വേണ്ടി നിലകൊള്ളുകയും, മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനുമപ്പുറം പുതിയൊരു വികസന മാതൃക വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ജനസംഘത്തിന്റെ കേരളത്തിലെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു നാരായണ്‍ജി. ജനസംഘത്തില്‍ താന്‍ എന്തു ചെയ്തു എന്നതിലുപരി ജനസംഘം എന്തൊക്കെ ചെയ്തുവെന്നാണ് നാരായണന്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
‘ഹിന്ദുത്വ രാഷ്‌ട്രീയം കേരളത്തില്‍’ എന്ന പേരില്‍ തിരുവനന്തപുരത്തെ അരവിന്ദ പഠന കേന്ദ്രം ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം ‘ദേശീയതയുടെ രാഷ്‌ട്രീയം കേരളത്തില്‍’ എന്നു പുനര്‍നാമകരണം ചെയ്തു രണ്ടു ഭാഗങ്ങളായി ജന്മഭൂമി പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് കേവലം പാര്‍ട്ടി ചരിത്രമല്ല. ദീര്‍ഘമായ ഒരു കാലഘട്ടത്തില്‍ ദേശീയ രാഷ്‌ട്രീയം രൂപപ്പെട്ടതിന്റെയും, കേരളത്തില്‍ അതുളവാക്കിയ പ്രതികരണത്തിന്റെയും ആധികാരിക രേഖയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ അതിവിശാലമായ ഒരു ക്യാന്‍വാസിലാണ് കേരളത്തില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം നടന്നതെന്ന് മനസ്സിലാക്കാനാവും. പിന്നീട് ദീന്‍ദയാല്‍ ഉപാധ്യായ ഉള്‍പ്പെടെയുള്ള വലിയ നേതാക്കന്മാരുടെ വരവും പോക്കും അവരുടെ ഇടപെടലുകളും, 1967 ല്‍ ജനസംഘത്തിന്റെ ദേശീയ സമ്മേളനം കോഴിക്കോട് നടന്നതുമൊക്കെ വളരെ കൃത്യമായി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അധികാരം കയ്യാളുന്ന പ്രബല രാഷ്‌ട്രീയ ശക്തിയായി ജനസംഘവും പിന്നീട് ബിജെപിയും മാറാതിരുന്നതെന്ന ചോദ്യം രാഷ്‌ട്രീയ വിദ്യാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കാന്‍ പോന്ന ഒന്നാണ്.
ജന്മഭൂമിയിലെ ജീവിതം
ജനസംഘത്തിലൂടെയാണ് നാരായണ്‍ജി ജന്മഭൂമിയിലെത്തുന്നത്. അന്നും ദേശീയ ചിന്താഗതിക്കും ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിനുമെതിരെ സംഘടിതവും ആസൂത്രിതവുമായ പ്രചാരവേലകള്‍ നടന്നിരുന്നു. ഇതിനെ നേരിടാന്‍ സ്വന്തമായി ഒരു പത്രം വേണമെന്ന ആവശ്യത്തില്‍ നിന്നാണ് ജന്മഭൂമി എന്ന ആശയം രൂപപ്പെടുന്നത്. ജനസംഘത്തിന്റെ ദക്ഷിണ മേഖല കാര്യദര്‍ശിയായിരുന്ന കെ. രാമന്‍പിള്ളയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. അന്നത്തെ നിലയ്‌ക്ക് അതത്ര എളുപ്പമല്ലെന്ന അഭിപ്രായങ്ങളും ഉയര്‍ന്നു. പക്ഷേ അതൊരു അനിവാര്യതയായിരുന്നു. ജനസംഘത്തിന്റെ സംഘടനാ ചുമതലയ്‌ക്കൊപ്പം ഈ ഉത്തരവാദിത്വവും നാരായണ്‍ജിയില്‍ വന്നുചേര്‍ന്നു. ‘ജനസംഘ പത്രിക’ എന്ന പേരില്‍ പുസ്തകരൂപത്തില്‍ ഒരു പ്രസിദ്ധീകരണത്തിന്റെ ചുമതല വഹിച്ചിരുന്നതാണ് ഇതിനൊരു കാരണം.
കോഴിക്കോട് കേന്ദ്രീകരിച്ച് ‘മാതൃകാ പ്രചരണാലയം’ എന്നൊരു കമ്പനി രൂപീകരിച്ചു. ജനസംഘം നേതാവ് യു. ദത്താത്രേയ റാവു ഡയറക്ടറായി നടപടികള്‍ പുരോഗമിക്കുകയും മൂലധനം ശേഖരിക്കുകയും ചെയ്തു. പുതിയ പത്രത്തിന് ഒരു പേര് കണ്ടെത്താനുള്ള അന്വേഷണം ചെന്നെത്തിയത് നവാബ് രാജേന്ദ്രന്റെ അച്ഛന്‍ തൃശൂരില്‍ നിന്ന് പുറത്തിറക്കിയിരുന്ന ‘ജന്മഭൂമി’ എന്ന മാസികയിലാണ്. പണം നല്‍കി ഈ ടൈറ്റില്‍ സ്വന്തമാക്കിയശേഷം രജിസ്റ്റര്‍ ചെയ്തു. നിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും, കണ്ണൂര്‍ സ്വദേശി പി.വി.കെ. നെടുങ്ങാടിയെ പത്രാധിപരായി നിയമിച്ച് കോഴിക്കോട്ടുനിന്ന് സായാഹ്ന പത്രമായി ജന്മഭൂമി പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.
മൂന്നുമാസത്തോളമാണ് ജന്മഭൂമി കോഴിക്കോട്ടു നിന്ന് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്. 1975 ല്‍ ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യം വിലക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പത്രാധിപരായ പി.വി. കെ. നെടുങ്ങാടിയെയും ദത്താത്രേയ റാവുവിനെയും നാരായണ്‍ജിയെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചു. നാലുമാസം കഴിഞ്ഞാണ് നാരായണ്‍ജി ജയില്‍മോചിതനായത്. അപ്പോഴേക്കും ജന്മഭൂമി എന്ന ടൈറ്റില്‍ മറ്റൊരാള്‍ സ്വന്തമാക്കിയിരുന്നു. കെ. രാമന്‍പിള്ളയുടെ സഹായത്തോടെ ഇത് വീണ്ടെടുക്കുകയും, തിരുവനന്തപുരത്തുനിന്ന് അച്ചടിയന്ത്രം വാങ്ങിച്ച് എറണാകുളത്തുനിന്ന് പ്രൊഫ.എം പി. മന്മഥന്‍ പത്രാധിപരായി ജന്മഭൂമി പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് എളമക്കരയില്‍ സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ച് അവിടെനിന്ന് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. നാരായണ്‍ജി പത്രാധിപരായി. 2000 ല്‍ വിരമിക്കുന്നതുവരെ ആ ചുമതല സ്തുത്യര്‍ഹമായി നിര്‍വഹിച്ചു.
ജന്മഭൂമിക്ക് ആരാണ് നാരായണ്‍ജിയെന്ന ചോദ്യത്തിന് മറുപടിയായി ഒരുപാട് പറയാനുണ്ട്. ജന്മഭൂമിയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഒരാളെന്ന് ഒറ്റവാചകത്തില്‍ പറയാം. ഒരു താരതമ്യത്തിന് മുതിര്‍ന്നാല്‍, മാതൃഭൂമിക്ക് കേളപ്പജിയും മനോരമയ്‌ക്ക് മാമന്‍ മാത്യുവും കേരള കൗമുദിക്ക് കെ. സുകുമാരനും കേസരി വാരികയ്‌ക്ക് എം. എ. കൃഷ്ണനും ആരായിരുന്നോ, അതാണ് ജന്മഭൂമിക്ക് നാരായണ്‍ജി. ജന്മഭൂമിയുടെ കാര്യത്തില്‍ പത്രാധിപര്‍ എന്നുമാത്രം പറഞ്ഞാല്‍ അത് നാരായണ്‍ജിയാണ്.
കേരളത്തിന്റെ മല്‍ക്കാനി
കാലാകാലങ്ങളില്‍ ജന്മഭൂമിക്ക് എന്തൊക്കെ ആവശ്യമുണ്ടോ അതൊക്കെ ഏറ്റവും ദീര്‍ഘകാലം അതിന്റെ പത്രാധിപരായിരുന്ന നാരായണ്‍ജി ചെയ്തു. ആയുര്‍വേദ രംഗത്തെ പ്രശ്‌നങ്ങള്‍ മുതല്‍ ആണവ സ്‌ഫോടനം വരെയുള്ള കാര്യങ്ങളെക്കുറിച്ച് എഴുതിയ മുഖപ്രസംഗങ്ങള്‍. സാമൂഹ്യവും സാമ്പത്തികവും രാഷ്‌ട്രീയവുമായ വിഷയങ്ങളില്‍ എണ്ണമറ്റ ലേഖനങ്ങള്‍. അന്താരാഷ്‌ട്ര കാര്യങ്ങളില്‍ ആരെക്കാളും വിവരമുണ്ടായിരുന്നതിനാല്‍ അവയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍. ഹിന്ദിയിലും ഇംഗ്ലീഷിലും ഒരേപോലെ എഴുതാന്‍ കഴിഞ്ഞ നാരായണ്‍ജി ഈ രണ്ട് ഭാഷകളില്‍നിന്നും യഥേഷ്ടം ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. നീണ്ടകാലം ഹിന്ദി വാരികയായ പാഞ്ചജന്യയ്‌ക്കും, ഇംഗ്ലീഷ് വാരികയായ ഓര്‍ഗനൈസറിനും വേണ്ടി കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നത് നാരായണ്‍ജിയാണ്. കേസരി വാരികയ്‌ക്കു വേണ്ടിയും നിര്‍ലോഭം എഴുതി. എഴുത്തിലെ ഓള്‍റൗണ്ടര്‍ എന്നുതന്നെ നാരായണന്‍ജിയെ വിശേഷിപ്പിക്കാം. ജന്മഭൂമിയുടെ ആദ്യ ചുമതലക്കാരനായ ദത്താത്രേയ റാവു മുതല്‍ ഇപ്പോഴത്തെ എംഡി എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ വരെയുള്ളവരുമായി സമ്പൂര്‍ണമായി സഹകരിച്ച പത്രാധിപരുമാണ് നാരായണ്‍ജി.
ജന്മഭൂമിയിലും മറ്റ് മാധ്യമങ്ങളിലും പ്രവര്‍ത്തിച്ച എത്രയോ മാധ്യമ പ്രവര്‍ത്തകര്‍ ഓരോരോ കാലത്ത് നാരായണ്‍ജിയുടെ സഹപ്രവര്‍ത്തകരായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അവര്‍ക്കു വേണ്ട മാര്‍ഗദര്‍ശനം നല്‍കാന്‍ എപ്പോഴും തയ്യാറായിരുന്നു. തിരുത്താനും പ്രോത്സാഹിപ്പിക്കാനും പ്രശംസിക്കാനും ഒരിക്കലും മടികാണിച്ചിട്ടില്ല. ഇവര്‍ക്കൊക്കെ ഏതു സമയത്തും നാരായണ്‍ജിയെ വിളിക്കാം, വിവരങ്ങള്‍ കൈമാറാം, സംശയങ്ങള്‍ തീര്‍ക്കാം, ഉപദേശങ്ങള്‍ തേടാം. ഒരു റഫറന്‍സും ആവശ്യമില്ലാതെ നാരായണജി മറുപടികള്‍ നല്‍കും.
ജനസംഘം ബിജെപിയായി മാറിയപ്പോള്‍ നാരായണ്‍ജിയുടെ മുഖ്യ പ്രവര്‍ത്തനമേഖല ജന്മഭൂമിയായി മാറി. പക്ഷേ ബിജെപിയുടെ രാഷ്‌ട്രീയം സ്വന്തം കൈരേഖപോലെ തിരിച്ചറിയാമായിരുന്ന നാരായണ്‍ജി പാര്‍ട്ടിക്കുവേണ്ടി പിന്നെയും പല കാര്യങ്ങളും ചെയ്തു. അടല്‍ബിഹാരി വാജ്‌പേയിയുടെയും എല്‍.കെ.അദ്വാനിയുടെയും രാജമാതാവിജയരാജെ സിന്ധ്യയുടെയും മറ്റും കേരള പര്യടനങ്ങളില്‍ പ്രസംഗ പരിഭാഷകന്‍ നാരായണ്‍ജിയായിരുന്നു. ജനസംഘകാലം മുതല്‍ പരിചയമുള്ള ഇവരുടെ ഭാഷാ ശൈലികള്‍ നാരായണ്‍ജിക്ക് ഹൃദിസ്ഥമായിരുന്നു. പരിഭാഷകനായി നാരായണ്‍ജിയെ കിട്ടിയാല്‍ ഈ നേതാക്കള്‍ക്ക് സന്തോഷമാകും. കാരണം ആശയവിനിമയം കൃത്യമായിരിക്കും.
ആര്‍എസ്എസിന്റെ ചരിത്രത്തെക്കുറിച്ച് ആദ്യമായി സമഗ്രസ്വഭാവുള്ള പുസ്തകം രചിക്കുന്നത് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഓര്‍ഗനൈസര്‍ വാരികയുടെ പത്രാധിപരുമായിരുന്ന കെ.ആര്‍. മല്‍ക്കാനിയാണ്. ‘ദ ആര്‍എസ്എസ് സ്റ്റോറി’ എന്ന പേരില്‍ അതുവരെ ലഭ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എഴുതിയ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയും പുറത്തു വരികയുണ്ടായി. ഏറെക്കാലം ആര്‍എസ്എസിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഒരു ഗ്രന്ഥം ഇതുമാത്രമായിരുന്നു. മദര്‍ലാന്റ് എന്ന പത്രത്തിന്റെയും എഡിറ്ററായിരുന്ന മല്‍ക്കാനി ഭാരതീയ ജനസംഘത്തിന്റെയും ബിജെപിയുടെയും നേതാവും, വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണറുമായിരുന്നു. ഗവര്‍ണര്‍ പദവി മാറ്റിനിര്‍ത്തിയാല്‍ മറ്റു സവിശേഷതകളൊക്കെ ചേരുന്ന ഒരാളാണ് നാരായണ്‍ജി-‘കേരള മല്‍ക്കാനി’ എന്നുതന്നെ വിളിക്കാം.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രം നാരായണ്‍ജി പ്രത്യേകമായി എഴുതിയിട്ടില്ല. ആത്മകഥാ രചനയും നടത്തിയിട്ടില്ല. പക്ഷേ സംഘപഥത്തിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് ഇതു രണ്ടും അറിയാന്‍ കഴിയും. നാരായണ്‍ജിയുടെ ജീവചരിത്രം ആര്‍ക്കെങ്കിലും എഴുതണമെന്നുണ്ടെങ്കില്‍ അതിന് ആവശ്യമായ വിവരങ്ങളെല്ലാം ഈ അക്ഷരസഞ്ചാരത്തില്‍നിന്ന് ലഭിക്കും. ആ യാത്ര നവതി പിന്നിട്ടും തുടരട്ടെ. ഈശ്വരന്‍ ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: