കോട്ടയം: നിസ്വാര്‍ഥ സേവനത്തിലൂടെ കേരളം ഉള്‍ക്കൊണ്ട പ്രസ്ഥാനമാണ് സേവാഭാരതിയെന്ന് കേന്ദ്ര മന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍. കൊവിഡ്, പ്രളയ കാലങ്ങളില്‍ സേവാഭാരതിയുടെ മാതൃകാപരമായ സേവനങ്ങള്‍ മുക്തകണ്ഠമായ പ്രശംസകളാണ് നേടിയത്. സേവന പാതയില്‍ വലിയ മുന്നേറ്റമാണ് സേവാഭാരതി നടത്തുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമി ആധാരം ചെയ്ത് കൈമാറുന്ന ദേശീയ സേവാഭാരതിയുടെ ഭൂദാനം-ശ്രേഷ്ഠ ദാനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി അധ്യക്ഷനായി.
എട്ടു ജില്ലകളിലായി നാലേക്കര്‍ ഭൂമി 83 നിര്‍ധന കുടുംബങ്ങള്‍ക്കാണ് നല്കിയത്. സ്വന്തമായി ‘ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും ഭവനവും യാഥാര്‍ഥ്യമാക്കുന്ന പദ്ധതിയാണ് ഭൂദാനം.
1980കളുടെ അവസാനം സേവനരംഗത്തേക്കു കടന്ന സംഘടനയാണ് ദേശീയ സേവാഭാരതിയെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. 1977 മുതല്‍ ഈ ആശയത്തിന്റെ സഹയാത്രികനായി ഞാനും പ്രവര്‍ത്തിച്ചിരുന്നു. പല സാഹചര്യങ്ങള്‍ കൊണ്ടാണ് ആളുകള്‍ ഭവനരഹിതരായത്. ഇവര്‍ക്ക് തലചായ്‌ക്കാനൊരിടം ഒരുക്കുന്നത് ഏറ്റവും മഹത്തായതാണ്. നിരവധി പേര്‍ക്കാണ് സേവാഭാരതിയിലൂടെ തലചായ്‌ക്കാന്‍ ഇടം ലഭിക്കുന്നത്.
ആസ്തി വര്‍ധിപ്പിക്കാനല്ല സഹജീവികളെ സഹായിക്കാനാണ് സംഘടനകള്‍ ശ്രമിക്കേണ്ടത്. തലചായ്‌ക്കാന്‍ ഒരിടം എന്ന ആശയം സര്‍ക്കാര്‍ മാത്രം ഏറ്റെടുക്കേണ്ട ഒന്നല്ല. ഇതില്‍ സമൂഹത്തിനും ചുമതലയുണ്ട്. അതുകൊണ്ടാണ് ഭൂദാനം ശ്രേഷ്ഠ ദാനം എന്നു പറയുന്നത്.
ആയിരങ്ങള്‍ ഭൂരഹിതരായി കഴിയുമ്പോള്‍ അതിലേറെ വീടുകള്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. വെറുതേ കിടക്കുന്ന ഭൂമിയും വീടുകളും എന്തുകൊണ്ട് ദാനം ചെയ്തുകൂടാ. എന്റെ ഗ്രാമത്തില്‍ ഗൃഹ സമ്പര്‍ക്കത്തിനിറങ്ങിയപ്പോള്‍ മുന്നൂറിലധികം വീടുകള്‍ പൂട്ടിക്കിടക്കുന്നതായി അറിഞ്ഞു. പലരും നാട്ടില്‍ ത്തന്നെയില്ല. ഇങ്ങനെയുള്ളവരും ഇതിലേക്ക് വരണമെന്നാണ് അഭ്യര്‍ഥിക്കുന്നത്. ഭൂദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചവരെ അഭിനന്ദിച്ചതിനൊപ്പം, ഇനിയും നിരവധിയാളുകള്‍ ഈ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: