കേരളത്തിലെ ക്രൈസ്തവസമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ സത്വര നടപടികൾ കൈക്കൊള്ളാൻ സീറോ മലബാർ അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.കർഷകർ അനുഭവിക്കുന്ന വിവേചനങ്ങളും കഷ്ടതകളുംമനസ്സിലാക്കി അനുകൂല തീരുമാനങ്ങൾക്കു വഴിയൊരുക്കാൻ സർക്കാർ തയ്യാറാകണം.ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ തലത്തിൽ പ്രായോഗിക നടപടികൾ വൈകുന്നത് ക്രൈസ്തവ സമൂഹത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
കേരളത്തിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുഭാവപൂർണമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധിക്കുശേഷവും കർഷകരുടെ ആശങ്കകൾ പരിഹരിക്കപ്പെടാതെ നിൽക്കുന്നു എന്ന സത്യം സംസ്ഥാന സർക്കാർ മനസ്സിലാക്കണം.കൃഷി ഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾ കർഷകന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും കർഷകനെ സംരക്ഷിക്കുന്ന നയങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് ദുഃഖകരമാണ്.വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലമുള്ള ജീവഹാനി സമീപക്കാലത്തു വളരെയേറെ വർദ്ധിച്ചിരിക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ തീർത്തും നിരാശാജനകമാണ്.
വന്യമൃഗശല്യവും, വിലയിടിവും കൊണ്ട് ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ മഴക്കാല ദുരിതങ്ങളും ഏറ്റുവാങ്ങുന്നതോടെ കര്‍ഷക ജീവിതങ്ങളെ വീണ്ടും ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണെന്ന് സർക്കാരിനെ ഓർമ്മിപ്പിക്കുന്നു. കാർഷിക മേഖലയിലെ പ്രതിസന്ധി ഇപ്പോഴും സർക്കാർ ഗൗരവമായി എടുത്തിട്ടില്ല. കൃഷി നാശത്തിനിരകളായ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ചോ അവരുടെ വായ്പാ ഭാരം ലഘൂകരിക്കുന്നതിനോ കാര്യമായ നടപടികളൊന്നുമില്ല. ബാങ്കുകളും ഇക്കാര്യത്തിൽ വിമുഖത കാണിക്കുകയാണ്. കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിനെ കുറിച്ചോ കാലാവധി നീട്ടി നൽകുന്നതിനെ കുറിച്ചോ കാര്യമായ ചർച്ചകൾ പോലും നടക്കുന്നില്ല.പ്രതിസന്ധികളിൽ കർഷകർക്ക് ആശ്വാസം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്ന് ഓർമ്മിപ്പിക്കുന്നു.
റവന്യൂ-വനം-ന്യൂനപക്ഷ ക്ഷേമം-തദ്ദേശസ്വയംഭരണം-കൃഷി എന്നീ വകുപ്പ് മന്ത്രിമാരുടെ സംയോജിത നീക്കങ്ങൾ ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഉണ്ടാകണം.സംവരണേതര വിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം അർഹരായവർക്കു ലഭിക്കുന്നതിൽ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ചും സ്വാശ്രയ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിയമ നിർമ്മാണങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾ പരിഹരിക്കണം.
കർഷകരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗശല്യം, ബഫർസോണും പരിസ്ഥിതിലോല പ്രദേശങ്ങളും നിർണ്ണയിക്കുന്നതിലെ അശാസ്ത്രീയത, ദളിതു ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ,കുട്ടനാട്ടിലെ കർഷകരും തീരദേശനിവാസികളും അനുഭവിക്കുന്ന പ്രതിസന്ധികൾ എന്നിവ സംസ്ഥാന സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കണം. രാഷ്ട്രനിർമ്മാണത്തിനായുള്ള ക്രൈസ്തവരുടെ സംഭാവനകളെ അവഗണിക്കുന്ന സമീപനം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിലുള്ള ആശങ്ക സീറോ മലബാർ അൽമായ ഫോറം സംസ്ഥാന സർക്കാരിനെ അറിയിക്കുന്നു.ന്യൂനപക്ഷക്ഷേമപദ്ധതികൾ വിതരണം ചെയ്യുന്നതിൽ ക്രൈസ്തവർക്ക് എതിരെ നീതീകരിക്കാനാകാത്ത വിവേചനവും നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്നുണ്ട്.കേരളത്തിൽ വിവിധ മേഖലകളിൽ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: