കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റി വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള സെനറ്റ് യോഗത്തിലെ അജണ്ട ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനുള്ള ഇടതുപക്ഷാംഗങ്ങളുടെ നീക്കം പരാജയപ്പെട്ടത് സിപിഎമ്മിന് തിരിച്ചടിയായി.
വിസി ഡോ. സാജു വിളിച്ച സെനറ്റിന്റെ പ്രത്യേക യോഗം സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന സിപിഎം അംഗങ്ങളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ അജണ്ടയില്‍ നിന്നും പിന്‍വലിച്ചു. സെര്‍ച്ച് കമ്മിറ്റി തെരഞ്ഞെടുപ്പ് അജണ്ടക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ഇടതുപക്ഷ സെനറ്റ് അംഗം പി.പി. ദിവ്യയാണ് ശ്രമിച്ചത്. യുഡിഎഫ്, എന്‍ഡിഎ അംഗങ്ങള്‍ ആക്റ്റും സ്റ്റാറ്റിയൂട്ടും ചൂണ്ടിക്കാട്ടി നിയമപ്രശ്നം ഉന്നയിച്ചപ്പോള്‍ പ്രമേയം പിന്‍വലിച്ചു.
വിസി തന്നെ നിശ്ചയിച്ച അജണ്ട പിന്‍വലിക്കരുതെന്നും പ്രതിനിധിയെ നിശ്ചയിക്കണമെന്നും യുഡിഎഫ്, എന്‍ഡിഎ അംഗങ്ങള്‍ ആവശ്യമുന്നയിച്ചപ്പോള്‍ വിഷയം വോട്ടിനിടുകയായിരുന്നു. വോട്ടെടുപ്പില്‍ ഇടതുപക്ഷത്തിന് 48 ഉം എന്‍ഡിഎ, യുഡിഎഫ് വിഭാഗത്തിന് 25 ഉം വോട്ടുമാണ് ലഭിച്ചത്. സ്റ്റാറ്റിയൂട്ട് പഠിക്കാതെ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോള്‍ എന്‍ഡിഎ, യുഡിഎഫ് അംഗങ്ങള്‍ നിയമപ്രശ്നം കൃത്യമായി ചൂണ്ടിക്കാണിച്ചതിനാലാണ് സിപിഎമ്മിലെ സെനറ്റ് അംഗത്തിന് പ്രമേയം പിന്‍വലിക്കേണ്ടി വന്നത്. കേരള സര്‍വകലാശാലയില്‍ സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ വിളിച്ചുചേര്‍ത്ത യോഗം മന്ത്രി ഡോ. ബിന്ദു തന്നെ അധ്യക്ഷത വഹിച്ച് സമാന പ്രമേയം അംഗീകരിച്ചത് വിവാദമായിരുന്നു.
സെര്‍ച്ച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാനുള്ള അജണ്ടയിലേക്ക് വിസി കടന്ന ഉടന്‍ തന്നെ എന്‍ഡിഎ അംഗവും യുഡിഎഫ് അംഗവും തങ്ങളുടെ നാമനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതോടെ ഇടത് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ബഹളം വച്ചതിനെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ സംബന്ധിച്ച് വോട്ടെടുപ്പ് നടത്താന്‍ വൈസ് ചാന്‍സലര്‍ തീരുമാനിച്ചത്. ഇത് പ്രകാരം തെരഞ്ഞെടുപ്പ് നടപടി ഒഴിവാക്കിയത് പുതിയ കണ്ണൂര്‍ വിസി നിയമനം വീണ്ടും അനിശ്ചിതമായി നീളാന്‍ ഇടയാക്കും.
സിന്‍ഡിക്കേറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധിയായി വൈഷ്ണവ് മഹേന്ദ്രനേയും ഫിനാന്‍സ് കമ്മിറ്റി പ്രതിനിധിയായി പി.ജെ. സാജുവിനെയും തെരഞ്ഞെടുത്തു. ഗവര്‍ണറുടെ നോമിനികളായ സെനറ്റ് അംഗങ്ങളെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് യൂണിവേഴ്സിറ്റി പരിസരത്തും യോഗസ്ഥലത്തും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: