മംഗളൂരു/കോഴിക്കോട്: കര്‍ണാടകയില്‍ ഷിരൂരില്‍ ദേശീയപാതയിലെ വന്‍ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ നാവിക സേനയുടെ ഡ്രൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി പരിശോധന നടത്തി. അര്ജുന് ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു.
മണ്ണിനടിയില്‍ ലോറി ഉണ്ടോയെന്ന് മനസിലാക്കാനായി മെറ്റല്‍ ഡിറ്റക്ടറുകള്‍ എത്തിച്ച് പരിശോധന നടത്തി. റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയില്‍ ലോറി ഉണ്ടാകുമെന്നാണ് അര്‍ജുന്റെ കുടുംബം കരുതുന്നത്. ലോറിയുടെ ജിപിഎസ് ലോക്കേഷന്‍ മണ്ണിനടിയിലാണ് ഏറ്റവും ഒടുവില്‍ കാണിച്ചത്. ഇടവിട്ട് മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്.
ദേശീയ ദുരന്ത നിവാരണ സേനയാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരിക്കുന്നത്. ജൂലായ്16 ന് രാവിലെയാണ് കൂറ്റന്‍ മണ്ണിടിച്ചിലില്‍ പ്രദേശമാകെ തകര്‍ന്നത്.നാല് ദിവസമായി അര്‍ജുനെ കാണാനില്ല.
മരം കയറ്റിയ ലോറിയാണ് നാല് ദിവസമായി കാണാതായത്.എന്നാല്‍ ഓഫ് ആയിരുന്ന അര്‍ജുന്റെ ഫോണ്‍ ഇന്നലെയും ഇന്നും ബെല്ലടിച്ചതിനാല്‍ പ്രതീക്ഷയിലാണ് കുടുംബം.അപകട വാര്‍ത്തകള്‍ക്ക് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുംബം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ ഷിരൂരില്‍ എത്തി വാഹനത്തിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
രണ്ടു ദിവസം ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ഇന്നലെ രാവിലെ ഭാര്യ കൃഷ്ണപ്രിയ വിളിച്ചപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.ഇതോടെയാണ് പ്രതീക്ഷ ഉയര്‍ന്നത്. ഇന്ന് രാവിലെ മണ്ണിനടിയില്‍ക്കിടക്കുന്ന ലോറിയില്‍ നിന്നും വീണ്ടും അര്‍ജുന്റെ ഫോണ്‍ ബെല്ലടിച്ചു.
ഈ മാസം എട്ടിനാണ് മരം ലോഡ് കൊണ്ടു വരാനായി അര്ജുന് കര്‍ണാടകയിലേക്ക് പോയത്.അര്ജുന് പന്‍വേല്‍ -കന്യാകുമാരി ദേശീയപാത പരിചിതമാണ്. മണ്ണും കല്ലും കടക്കാന്‍ ഇടയില്ലാത്ത തരത്തില്‍ സുരക്ഷാസംവിധാനങ്ങളുള്ള കാബിനാണ് ലോറിക്കുളളത്. അര്‍ജുനെ കാണാതായെന്ന വാര്‍ത്തയെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും കര്‍ണാടക അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: