കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കെഎസ്ഇബിയുടെ കീഴിലുള്ള സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരം കുതിച്ചുയരുന്നു. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം പ്രധാനപ്പെട്ട സംഭരണികളിലാകെ 47 ശതമാനമാണ് ജലശേഖരം. 12ന് ജലശേഖരം 36 ശതമാനമായിരുന്നു.
ഈ മാസം ഇതുവരെ 921.702 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് സംഭരണികളിലേക്ക് ഒഴുകിയെത്തിയത്. ഇതില്‍ ഏതാണ്ട് 600 ദശലക്ഷം യൂണിറ്റും ഒഴുകിയെത്തിയത് കഴിഞ്ഞ ആറ് ദിവസത്തിലാണ്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഒരു ദിവസത്തിനിടെ 3 ശതമാനം വെള്ളം കൂടിയിട്ടുണ്ട്. ഇടുക്കിയില്‍ ഒരു ദിവസത്തിനിടെ 2 മുതല്‍ 3 അടിയും ഇടമലയാറില്‍ 2 മീറ്റര്‍ വരെയും വെള്ളമുയര്‍ന്നിട്ടുണ്ട്.
2350.88 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്, 46.63 ശതമാനം. 12ന് 2340.64 അടിയായിരുന്നു ജലനിരപ്പ്, 38 ശതമാനം. പമ്പ, കക്കി- 41 ശതമാനം, ഷോളയാര്‍- 36, ഇടമലയാര്‍- 46, കുണ്ടള- 27, മാട്ടുപ്പെട്ടി- 80, കുറ്റിയാടി- 81, തരിയോട്- 56, ആനയിറങ്കല്‍- 14, പൊന്മുടി- 60, ലോവര്‍പെരിയാര്‍- 100, നേര്യമംഗലം- 97, പൊരിങ്ങള്കുത്ത്- 91 ശതമാനം വീതമാണ് ജലനിരപ്പ്. അവസാനം പറഞ്ഞ മൂന്ന് ഡാമുകളും ദിവസങ്ങളായി തുറന്നിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് മഴ കനത്തതോടെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറഞ്ഞു. മഴയ്ക്ക് മുമ്പ് വരെ 80 ദശലക്ഷത്തിന് മുകളിലായിരുന്ന ഉപഭോഗം നിലവില്‍ 74 മില്യണ്‍ യൂണിറ്റില്‍ താഴെ എത്തി. സീസണിലെ ഏറ്റവും ശക്തമായ മഴയാണ് നിലവില്‍ തുടരുന്നത്.
12 നാണ് മഴ ശരാശരി അളവിന് മുകളിലെത്തിയത്. അന്ന് മാത്രം സംസ്ഥാനത്ത് ശരാശരി 4 സെ.മീ. മഴ കിട്ടി. പിന്നീട് 13ന് അല്പം കുറഞ്ഞ് 3 സെ.മീറ്ററായെങ്കിലും 14ന് 4 സെ.മീറ്ററിലേക്ക് തിരികെ എത്തി. 15ന് ആണ് ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്, 9 സെ.മീ. മഴയാണ് സംസ്ഥാനത്ത് അന്ന് മാത്രം ലഭിച്ചത്. 16ന് 3.7 സെമീറ്ററും 17ന് 5 സെ.മീറ്റര്‍ മഴയും സംസ്ഥാനത്താകെ ലഭിച്ചു. ഇതില്‍ 8 ദിവസവും ജൂണിലാണ്. മഴ തുടരുന്നതിനാല്‍ ജൂലൈ ഈ റിക്കാര്‍ഡ് വൈകാതെ തന്നെ മറികടക്കും. മഴയ്ക്ക് അല്പം കുറവ് വന്നെങ്കിലും വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ജൂണിലും ജൂലൈയിലും ശരാശരി 66 സെ.മീ. മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. നിലവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മാസം വരുന്ന ആഴ്ചകളില്‍ ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതുവരെ 12 ശതമാനം മഴയുടെ കുറവാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: