കൊച്ചി : മാധ്യമങ്ങള്‍ സ്റ്റിങ്ങ് ഓപ്പറേഷന് നടത്തുന്നത് സത്യം അറിയിക്കാനുള്ള സദുദ്ദേശ്യത്താടെയെങ്കില്‍ നിയമപരിരക്ഷയുണ്ടാകുമെന്ന് ഹൈക്കോടതി. എന്നാല്‍ ദുരുദ്ദേശ്യത്തോടെ ആരെയെങ്കിലും വ്യക്തിപരമായ തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഓപ്പറേഷനുകള്‍ക്ക് ഈ പരിഗണന ലഭിക്കില്ലെന്നും പ്രോസിക്യൂഷന് നടപടികള്‍ നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കണ്ണന് പറഞ്ഞു. പത്തനംതിട്ട ജയിലില്‍ സോളാര്‍ കേസിലെ പ്രതിയുടെ മൊഴി റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ച വാര്‍ത്താചാനല്‍ ലേഖകര്ക്കെതിരെയുള്ള കേസിലാണ് കോടതിയുടെ ഈ നിരീക്ഷണം. ഓരോ കേസിന്റെയും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിക്കാനാവുക. അതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. മാധ്യമസ്വാതന്ത്ര്യം ഇല്ലെങ്കില്‍ ജനാധിപത്യത്തിന്റെ അവസാനമാണ്. എന്നാല്‍ ഒരാളുടെ സ്വകാര്യതയെയും ഭരണഘടനപരമായ അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഒരു ചെറിയ തെറ്റുപോലും ഇക്കാര്യത്തില്‍ സംഭവിക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: