കോഴിക്കോട്: പിഎസ്സി കോഴ വിവാദത്തില്‍ നിന്ന് മുഖംരക്ഷിക്കാന്‍ സിപിഎം നേതൃത്വം ശ്രമിക്കുമ്പോള്‍ പുറത്താകുന്നത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയുടെ ഇരയായാണ് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
ജില്ലാ കമ്മിറ്റിയുടെയും ജില്ലാ സെക്രട്ടേറിയറ്റിന്റെയും നിര്‍ദേശ പ്രകാരം ചേര്‍ന്ന ഏരിയ കമ്മിറ്റിയോഗം തന്നെ അറിയിക്കുക പോലും ചെയ്തില്ലെന്ന് പ്രമോദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്നെ പുറത്താക്കിയതിന് പിന്നില്‍ ചിലരുടെ തിരക്കഥയാണ്. പാര്‍ട്ടിക്കുള്ളിലെ ക്രിമിനലുകളെ പുറത്തു കൊണ്ട് വരും നഗരം ഏരിയാ കമ്മിറ്റിയില്‍ ദീര്‍ഘകാലമായി സജീവപ്രവര്‍ത്തനത്തില്‍ ഉള്ള തനിക്കെതിരെ ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് പുറത്താക്കലിന് പിന്നില്‍. സംഘടനാ രേഖയ്ക്കകത്ത് പറയുന്ന കാര്യങ്ങളാണ് താന്‍ ചെയ്തത്.
എന്നാല്‍ കോട്ടൂളി ഫെസ്റ്റ് അടക്കമുള്ള പരിപാടികള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തടസങ്ങളുണ്ടായി. കൊവിഡ് കാലത്ത് ഏറെ സഹായിച്ച സുഹൃത്തിന്റെ ഭാര്യയാണ് എനിക്കെതിരെ പരാതി നല്‍കിയത്. ഏരിയാ കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന തീരുമാനമുള്ളതുകൊണ്ടാണ്. ഇതിനെതിരെ കണ്ട്രോള് കമ്മിഷനെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും സമീപിക്കാനാണ് തീരുമാനം. നിക്കെതിരെ പ്രവര്‍ത്തിച്ചവരെ രക്ഷപ്പെടാനാവാത്തവിധം പഴുതടച്ച നിയമനടപടി സ്വീകരിക്കും. അതിനായി നിയമവിദഗ്ധരുമായി ബന്ധപ്പെട്ടു വരുന്നതായും പ്രമോദ് പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരും. കൃത്രിമമായി ഉണ്ടാക്കിയതൊന്നും നിലനില്‍ക്കില്ല. ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ശ്രീജിത്ത് നിരന്തരം ബന്ധപ്പെട്ടപ്പോഴാണ് അയാളെ സമാധാനിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള സെല്‍ഫി അയച്ചുകൊടുത്തത്. പിഎസ്സി നിയമനവുമായി ബന്ധപ്പെട്ടല്ല, സ്ഥല കച്ചവടവുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തുമായി സംസാരിച്ചത്. ജില്ലാകമ്മിറ്റി അംഗം ചതിക്കുമെന്ന് ശ്രീജിത്ത് മുന്നറിപ്പു നല്‍കിയിരുന്നു, പ്രമോദ് പ്രതികരിച്ചു.
സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നിതിനിടെയാണ് പ്രമോദിന്റെ വെളിപ്പെടുത്തല്‍. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കളക്ടറേറ്റ് മാര്‍ച്ച്് നടത്തി. മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ച് കോണ്‍ഗ്രസും ഇന്നലെ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: