തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ മൃതദേഹം മാരായമുട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ജോയിയുടെ സഹോദരന്റെ വസതിയില്‍ പത്തുമിനിറ്റ് പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.
മൃതദേഹം ജീര്‍ണാവസ്ഥയിലായതിനാല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണമാണ് സംസ്കാരം വേഗത്തില്‍ നടത്തിയത്. തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന്, എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സംസ്കാര ചടങ്ങിനെത്തിയിരുന്നു.
ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ, സഹോദരന് ജോലി, ജോയിയുടെ കുടുംബത്തിന് വീട്, വീട്ടിലേക്ക് വഴി എന്നിങ്ങനെ നാല് ഉറപ്പുകള്‍ സര്‍ക്കാരും കോര്‍പ്പറേഷനും നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വലിയ പ്രതിഷേധങ്ങളില്ലാതെ സംസ്കാര ചടങ്ങുകള്‍ നടന്നതെന്ന് ജോയിയുടെ കുടുംബം പറഞ്ഞു. ജോയിയെ കണ്ടെത്താന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം മഹത്തായതെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രക്ഷാദൗത്യത്തില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുന്നു. ഒരു തരത്തിലും സംഭവിക്കാന്‍ പാടില്ലാത്ത, ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് ആനയിഴഞ്ചാല്‍ അപകടത്തിലൂടെ സംഭവിച്ചത്. ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് വരുത്താനുള്ള നടപടികള്‍ എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: