റാഞ്ചി (ഝാര്‍ഖണ്ഡ്): ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചെത്തുന്ന യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ആര്‍എസ്എസിനെ അറിയാനും ഒപ്പം ചേരാനും ആഗ്രഹിക്കുന്നവര്‍ക്കായി 2012ലാണ് ജോയിന്‍ ആര്‍എസ്എസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആരംഭിച്ചത്.
പ്രതിവര്‍ഷം ഒന്നേ കാല്‍ലക്ഷത്തോളം യുവാക്കളാണ് ഇത്തരത്തില്‍ സംഘത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 66,529 പേര് ജോയിന്‍ ആര്‍എസ്എസില്‍ ചേര്‍ന്നുവെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. റാഞ്ചി സരള ബിര്‍ള വിദ്യാലയത്തില്‍ സമാപിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രാന്തപ്രചാരക് ബൈഠക്കിന്റെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാഠ്യപദ്ധതിയിലും നടത്തിപ്പ് രീതിയിലും മാറ്റം വരുത്തിയതിന് ശേഷം ആദ്യമായി നടന്ന പരിശീലനശിബിരങ്ങളുടെ വിവരങ്ങളും അദ്ദേഹം വിശദീകരിച്ചു.
ആര്‍എസ്എസിന്റെയും വിവിധ ക്ഷേത്ര സംഘടനകളുടെയും പ്രധാന ചുമതലക്കാര്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ അഖില ഭാരതീയ സമന്വയ ബൈഠക്കിന് കേരളം വേദിയാകും. ആഗസ്ത് 31, സപ്തംബര്‍ ഒന്ന്, രണ്ട് തീയതികളിലായി പാലക്കാടാണ് സമന്വയ ബൈഠക് ചേരുക.
സംഘം നൂറാണ്ട് പൂര്‍ത്തിയാക്കുന്ന 2025 വിജയദശമിക്കുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും എല്ലാ മണ്ഡലങ്ങളിലും നഗരങ്ങളിലെ എല്ലാ സ്ഥലങ്ങളിലും ആര്‍എസ്എസ് ശാഖ ആരംഭിക്കും. ആകെയുള്ള 58,981 മണ്ഡലങ്ങളില്‍ 2024 മാര്‍ച്ച് വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 36,823 മണ്ഡലങ്ങളില്‍ ശാഖയുണ്ട്.
നഗരങ്ങളില്‍ 23,649 സ്ഥലങ്ങളില്‍ 14,645 ഇടങ്ങളിലും ദിവസവും ശാഖ നടക്കുന്നു. മറ്റിടങ്ങളില്‍ ആഴ്ചയിലൊരിക്കലോ മാസത്തിലോ ചേരുന്ന സംവിധാനമാണുള്ളത്. ഇത്തരത്തില്‍ രാജ്യത്താകെ നിലവില്‍ 73,117 ശാഖകളും 27,717 സാപ്താഹിക് മിലനുകളും നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: