റാഞ്ചി (ഝാര്‍ഖണ്ഡ്): രാജ്യമൊട്ടാകെ നടത്തുന്ന സേവാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം യുവാക്കളെ സ്വാവലംബികളാക്കുന്നതിനും ആര്‍എസ്എസ് ഊന്നല്‍ നല്‍കുമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. റാഞ്ചി സരള ബിര്‍ള വിദ്യാലയത്തില്‍ സമാപിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രാന്തപ്രചാരക് ബൈഠക്കിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയുടെ വികാസം മുന്‍നിര്‍ത്തി സംഘത്തിന്റെ സേവാ, ഗ്രാമ വികാസ് പ്രവര്‍ത്തനങ്ങള്‍ ചേര്‍ന്ന് പദ്ധതി തയാറാക്കും. ഗ്രാമങ്ങളില്‍ത്തന്നെ ജീവിച്ച് ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ യുവാക്കള്‍ തയാറാകണം. സംഘം മുന്നോട്ടു വയ്ക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സമാജം വലിയ അളവില്‍ പങ്ക് ചേരുന്നുണ്ട്. സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, മൂല്യങ്ങളിലുറച്ച കുടുംബ വ്യവസ്ഥ, സ്വദേശി, പൗരബോധം എന്നീ പഞ്ച പരിവര്‍ത്തന മന്ത്രവുമായി സംഘ പ്രവര്‍ത്തകര്‍ നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടും, സുനില്‍ ആംബേക്കര്‍ പറഞ്ഞു.
ആര്‍എസ്എസ് പ്രവര്ത്തനമെത്താത്ത 1,58,532 ഗ്രാമങ്ങളില്‍ ജാഗരണപത്രികയിലൂടെ ഭാവാത്മകവും അദ്ധ്യാത്മികവുമായ സന്ദേശങ്ങളെത്തിക്കുന്നു. ശ്രീരാമജന്മഭൂമി അക്ഷത വിതരണ അഭിയാന് വഴി ആറേകാല്‍ ലക്ഷം ഗ്രാമങ്ങളില്‍ 15 ദിവസം കൊണ്ട് സംഘപ്രവര്ത്തകരെത്തി.
നാല്പതില് താഴെ പ്രായമുള്ളവര്‍ക്കായി രാജ്യത്തുടനീളം നടന്നത് 72 വര്ഗുകളാണ്, (അറുപത് സംഘ ശിക്ഷാ വര്‍ഗുകളും പതിനൊന്ന് കാര്യകര്‍ത്താ വികാസ് വര്‍ഗ് പ്രഥമയും ഒരു കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയും). ഇതില്‍ 20,615 പേര് പങ്കെടുത്തു. നാല്പതിനും 65നും ഇടയില്‍ പ്രായമുള്ളവരുടെ 18 വര്‍ഗുകളിലായി 3335 ശിക്ഷാര്‍ത്ഥികളാണ് പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷം നടന്ന പ്രാഥമിക ശിക്ഷാ വര്‍ഗുകളിലൂടെ ഒരു ലക്ഷം പുതിയ പ്രവര്‍ത്തകര്‍ പരിശീലനം നേടി. പുതിയ പാഠ്യക്രമത്തിന്റെ ഭാഗമായുള്ള പ്രാരംഭിക് വര്‍ഗുകള്‍ ഈ വര്‍ഷം നടക്കും, സുനില്‍ ആംബേക്കര്‍ പറഞ്ഞു.
ദേവി അഹല്യാ ബായി ഹോള്‍ക്കര്‍ ജയന്തിയുടെ ത്രിശതാബ്ദി ആഘോഷങ്ങള്‍ മെയ് 31ന് ഇന്‍ഡോറില്‍ ആരംഭിച്ചുവെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. ദേവിയുടെ ജീവിത ദര്‍ശനം എല്ലാവരിലും എത്തിക്കാനുള്ള പ്രവര്‍ത്തനത്തില്‍ സംഘം പങ്കാളിയാകും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് നേരിട്ടിടപെടാറില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജനാഭിപ്രായങ്ങളെ പരിഷ്കരിക്കുകയും അവരെ സമ്മതിദാന നിര്‍വഹണത്തിന് പ്രേരിപ്പിക്കുകയുമാണ് സംഘം ചെയ്യുന്നത്. ഇക്കുറിയും സംഘ പ്രവര്‍ത്തകര്‍ ചെറിയ ചെറിയ ചര്‍ച്ചകളിലൂടെയും മറ്റും അത് നിര്‍വഹിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
നിര്‍ബന്ധിതവും പ്രലോഭനത്തിലൂടെയുമുള്ള മതം മാറ്റം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് നിരോധിച്ചു കൊണ്ടുള്ള നിയമമുണ്ട്. ആ നിയമം പൂര്‍ണമായും പാലിക്കുകയാണ് വേണ്ടത്, സുനില്‍ ആംബേക്കര്‍ പറഞ്ഞു. ഝാര്‍ഖണ്ഡ് പ്രാന്ത സംഘചാലക് സച്ചിദാനന്ദലാല്, അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖുമാരായ നരേന്ദ്രകുമാര്‍, പ്രദീപ് ജോഷി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: