തിരുവനന്തപുരം: നെയ്യാറ്റിന്‍കര താമരവിള കാരുണ്യമിഷന് ചാരിറ്റബിള്‍ സ്കൂള്‍ സൊസൈറ്റി ഹോസ്റ്റലില്‍ കൂടുതല്‍ പേരില്‍ കോളറ സ്ഥിരീകരിച്ചതോടെ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതു തടയാന്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്.
രോഗ ബാധിതരെ ഐരാണിമുട്ടം ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കെയര്‍ ഹോമിലെ ചിലര്‍ വീട്ടില്‍ പോയതിനാല്‍ അവരെ നിരീക്ഷണത്തിലാക്കി. സ്ഥാപനത്തിന്റെ തന്നെ സ്കൂളിലെ കുട്ടികളുടെയും ജീവനക്കാരുടെയും പട്ടിക തയാറാക്കി നിരീക്ഷണം ശക്തമാക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
അതേസമയം, കോളറ വ്യാപന ഉറവിടം കണ്ടെത്താനാകാത്തത് വെല്ലുവിളിയാകുന്നു. ഇതു രോഗ പ്രതിരോധത്തിനു തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്നുണ്ട്. പ്രദേശത്ത് ഇതുവരെ 12 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുമായി 17 പേര് ജില്ലയില്‍ ചികിത്സയിലുണ്ട്. അതിനിടെ, പ്രദേശത്തെ വിവിധ ജലസ്രോതസ്സുകളില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഹോട്ടലുകളിലെ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: