ലഖ്നൗ: മദ്രസകളില്‍ പാര്‍പ്പിക്കപ്പെട്ട ഹിന്ദു, ഇതര മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളുടെ മൗലികാവകാശ ലംഘനത്തില്‍ ആശങ്കയറിയിച്ച് ദേശീയ ബാലാവകാശ കമ്മിഷന്.
ഭരണഘടന വിഭാവനം ചെയ്യുന്ന നിയമങ്ങള്‍ക്ക് പുറത്തുള്ള ഇസ്ലാമിക മത വിദ്യാഭ്യാസമാണ് മദ്രസകള്‍ നല്‍കുന്നത്. ഇവിടെ പാര്‍പ്പിക്കപ്പെടുന്ന അമുസ്ലിം വിഭാഗത്തിലെ കുട്ടികള്‍ നിര്‍ബന്ധിത മത വിദ്യാഭ്യാസത്തിന് വിധേയമാകുന്നുണ്ടെന്നും ദേശീയ ബാലാവകാശ കമ്മിഷന് അധ്യക്ഷ പ്രിയാങ്ക് കനൂന്ഗോ അറിയിച്ചു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
മദ്രസകള്‍ ഇസ്ലാമിക മതപഠനത്തിനുള്ള കേന്ദ്രങ്ങളാണ്. അവ ഭരണഘടന നിഷ്കര്‍ഷിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലുള്പ്പെടുന്നില്ല. ഹിന്ദു, ഇതരമതസ്ഥരായ കുട്ടികളെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത് ഭരണഘടനയുടെയും അവരുടെ മൗലികാവകാശങ്ങളുടെയും ലംഘനമാണ്. ഇത് സമൂഹത്തില്‍ മതവിദ്വേഷം വളര്‍ത്താനുള്ള നീക്കമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്രസകളില്‍ പാര്‍പ്പിച്ചിരിക്കുന്ന ഹിന്ദു കുട്ടികളെ സ്കൂളുകളിലേക്ക് പ്രവേശിപ്പിക്കണമെന്ന് കമ്മിഷന് സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ മുസ്ലിം കുട്ടികള്‍ക്ക് മതവിദ്യാഭ്യാസത്തോടൊപ്പം ഭരണഘടന നിഷ്കര്‍ഷിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസവും ഉറപ്പാക്കണം. ഇതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ മുസ്ലിം സംഘടനകള്‍ ഇത് വളച്ചൊടിച്ച് സമൂഹത്തില്‍ തെറ്റായ പ്രചരണം നടത്തി, അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നിന്ന് കാണാതായ ഹിന്ദു കുട്ടികളെ മതപരിവര്‍ത്തനം നടത്തി മദ്രസകളില്‍ പാര്‍പ്പിച്ചതായി കണ്ടെത്തിയ പത്രക്കുറിപ്പ് പങ്കുവച്ചായിരുന്നു പ്രിയാങ്ക് കനൂന്‍ഗോയുടെ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: