അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആന്ധ്രാ പോലീസിലെ മുതിര്‍ന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍, സര്‍വീസില്‍ നിന്ന് വിരമിച്ച രണ്ടുദ്യോഗസ്ഥര്‍ എന്നിവരും കേസിലുള്‍പ്പെട്ടിട്ടുണ്ട്. ടിഡിപി എംഎല്‍എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയില്‍ ഗുണ്ടൂര്‍ പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ആന്ധ്രാ പോലീസിന്റെ സിഐഡി വിഭാഗം മുന്‍ മേധാവി പി.വി. സുനില്‍ കുമാര്‍, ഇന്റലിജന്‍സ് വിഭാഗം മേധാവി പി.എസ്.ആര്. സീതാറാംആഞ്ജനേയലു, റിട്ട. പോലീസുദ്യോഗസ്ഥനായ ആര്. വിജയ് പോള്‍, ഗുണ്ടൂര്‍ ഗവ. ജനറല്‍ ആശുപത്രി റിട്ട. സൂപ്രണ്ട് ജി. പ്രഭാവതി എന്നിവരാണ് മറ്റ് പ്രതികള്‍. വധശ്രമം, കസ്റ്റഡി മര്‍ദനം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
ഒരുമാസം മുന്‍പാണ് രാജു പരാതി നല്‍കിയതെന്ന് ഗുണ്ടൂര്‍ പോലീസ് അറിയിച്ചു. പരാതി മെയില്‍ ചെയ്യുകയായിരുന്നു. പരാതിയില്‍ നിയമോപദേശം സ്വീകരിച്ച ശേഷമാണ് വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: