ചാര്‍ലോറ്റി: ജെയിംസ് റോഡ്രിഗസിന്റെ സെറ്റ് പീസില്‍ മദ്ധ്യനിര താരം ജെഫേഴ്‌സന്‍ ലെര്‍മയുടെ ഹെഡ്ഡര്‍ ഫിനിഷില്‍ കൊളംബിയ കോപ്പ അമേരിക്ക സെമിയില്‍ ഉറുഗ്വേയെ തോല്‍പ്പിച്ചു.
വാശിയേറിയ പോരാട്ടത്തില്‍ ഉറുഗ്വേ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒരു ഗോള്‍ പോലും കണ്ടെത്താനായില്ല. ആദ്യ പകുതിയില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് രണ്ടാം സെമിയില്‍ കൊളംബിയ വിജയിച്ചത്.
രണ്ട് പകുതികളിലുമായി നിരവധി അവസരങ്ങളാണ് മുന്‍ ജേതാക്കളായ ഉറുഗ്വേ സൃഷ്ടിച്ചത്. പക്ഷെ ഗോള്‍ മാത്രം സ്വന്തമാക്കാനായില്ല. കളിയുടെ പകുതി സമയവും കൊളംബിയ ഒരാളിന്റെ കുറവുമായാണ് കളിച്ചത്. ആദ്യ പകുതിയുടെ സ്റ്റോപ്പേജ് സമയത്ത് കൊളംബിയന്‍ പ്രതിരോധ താരം ഡാനിയേല്‍ മുനോസ് ആണ് രണ്ടാം മഞ്ഞകാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് ചുവപ്പ് കണ്ട് പുറത്തുപോയത്.
39-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍കിക്കെടുത്ത ജെയിംസ് റോഡ്രിഗസ് ക്ലോസ് റേഞ്ചില്‍ മഴവില്ല് പോലെയെത്തിച്ച പന്തിലേക്ക് പിഴവറ്റൊരു ഹെഡ്ഡറിലൂടെയാണ് ജെഫേഴ്‌സണ്‍ ഗോളാക്കിയത്.
കളി രണ്ടാം പകുതിയില്‍ പുരോഗമിക്കവെ 67-ാം മിനിറ്റിലാണ് പകരക്കാരനായി ലൂയിസ് സുവാരസ് കളത്തിലിറങ്ങിയത്. താരം കളിക്കാനിറങ്ങിയതിന്റെ മാറ്റം പ്രകടമായെങ്കിലും ഗോളില്ലാത്ത അവസ്ഥയില്‍ മാറ്റമുണ്ടായില്ല. ഒടുവില്‍ ഫൈനല്‍ മോഹം പൊലിഞ്ഞുവീണു.
ആദ്യ സെമിയില്‍ പരാജയപ്പെട്ട കാനഡയും ഇന്നലെ പുറത്തായ ഉറുഗ്വേയും ഞായറാഴ്ച വെളുപ്പിന് അഞ്ചരയ്‌ക്ക് മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്‌സ് ഫൈനല്‍ കളിക്കും. തിങ്കളാഴ്ച വെളുപ്പിന് അഞ്ചരയ്‌ക്കാണ് ഫൈനല്‍. അര്‍ജന്റീനയും കൊളംബിയയും തമ്മില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: