ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ബിജെപിയില്‍. മുന്‍ കാബിനറ്റ് മന്ത്രിയും എംഎല്‍എയുമായ രാജ് കുമാര്‍ ആനന്ദ്, എംഎല്‍എ കര്‍ത്താര്‍ സിങ് തന്‍വര്‍, മുന്‍ എംഎല്‍എ വീണാ ആനന്ദ് എന്നിവരാണ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപി ദേശീയ ആസ്ഥാനത്ത് എത്തിയാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, ദല്‍ഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ദേവ, നാഷണല്‍ മീഡിയ സഹ – കണ്‍വീനര്‍ ഡോ. സഞ്ജയ് മയൂഖ് എന്നിവര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. ആപ്പ് മുനിസിപ്പല്‍ കൗണ്‍സിലര്‍ ഉമേഷ് സിങ് ഫോഗട്ട്, ദല്‍ഹി മുന്‍ നിയമസഭാ ഡയറക്ടറും ആപ്പ് ഹിമാചല്‍പ്രദേശ് പ്രഭാരിയുമായ രത്നേഷ് ഗുപ്ത, സഹപ്രഭാരി സച്ചിന് റായി എന്നിവരും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നവരില്‍പ്പെടുന്നു.
അരവിന്ദ് കേജ്രിവാളും ആപ്പും ദളിതരുടെ വോട്ട് വാങ്ങി അവരെ വഞ്ചിക്കുകയായിരുന്നുവെന്ന് രാജ് കുമാര്‍ ആനന്ദ് പ്രതികരിച്ചു. ദളിതരുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചപ്പോഴെല്ലാം കേജ്രിവാള് താല്‍പ്പര്യവും കാണിച്ചില്ല. ദളിതരുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍, 10 രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ട സമയമായപ്പോള്‍ അതിലാരും ദളിതരായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ മുന്നോട്ട് നയിക്കുന്ന പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്ന് കര്‍താര്‍ സിങ് തന്‍വാര്‍ പറഞ്ഞു. അഴിമതി തുടച്ചുനീക്കാന്‍ വന്ന പാര്‍ട്ടിയാണ് ദല്‍ഹിയില്‍ ഏറ്റവും വലിയ അഴിമതി നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: