കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന കോപ്പാ അമേരിക്ക ഫുട്ബോളിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന കളിയില്‍ സൂപ്പര്‍താരം ലിയോണേല്‍ മെസ്സിയും യുവതാരം അല്‍വാരസും ടീമിനായി സ്കോര്‍ ചെയ്തു. ന്യൂജഴ്സിയിലെ മൈതാനത്ത് നടന്ന മത്സരത്തില്‍ ചുരുക്കം ചില സന്ദര്‍ഭങ്ങള്‍ ഒഴിച്ചാല്‍ പൂര്‍ണ്ണമായും അര്‍ജന്റീനയുടെ കയ്യിലായിരുന്നു മത്സരം. തുടര്‍ച്ചയായി രണ്ടാം തവണയാണ് കാനഡ അര്‍ജന്റീനയോട് 2-0 ന് തോല്‍വി ഏറ്റുവാങ്ങുന്നത്.
ആദ്യപകുതിയില്‍ ജൂലിയന്‍ അല്‍വാരസിന്റെ ഗോളില്‍ മുന്നിലായിരുന്ന അര്‍ജന്റീനയ്ക്കായി രണ്ടാം പകുതിയിലെ 51 ാം മിനിറ്റില്‍ മെസ്സി സ്കോര്‍ ഇരട്ടിയാക്കുകയായിരുന്നു. വാറിന്റെ സഹായം തേടിയ ശേഷമാണ് റഫറി മെസ്സിയുടെ ഗോള്‍ അനുവദിച്ചത്. എന്‍സോയുടെ ഷോട്ട് മെസ്സിയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. കാനഡ ടീം മെസ്സി ഓഫ്സൈഡാണെന്ന് വാദിച്ചതിനെ തുടര്‍ന്ന് റഫറി കൊര്‍ണേലിയസ് വാര് പരിശോധന നടത്തിയ ശേഷമായിരുന്നു ഗോള്‍ അനുവദിച്ചത്. 2024 കോപ്പ അമേരിക്കയില്‍ ലയണല്‍ മെസ്സി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. ഈ ടൂര്‍ണമെന്റില്‍ മെസ്സിഗോള്‍ കണ്ടില്ലെന്ന നിരാശ ഇതോടെ അവസാനിച്ചു.
നേരത്തേ 23 ാം മിനിറ്റില്‍ അര്‍ജന്റീന ആദ്യം മുന്നിലെത്തിയിരുന്നു. മൈതാനത്ത് നിന്നും കാനഡ പ്രതിരോധത്തെ കീറിമുറിച്ചു കൊടുത്ത ഒരു പാസില്‍ അല്‍വാരസ് ഓടിക്കയറുകയും ബോക്സില്‍ കയറിവന്ന ഗോള്‍കീപ്പറെ നട്ട്മഗ് ചെയ്ത് പന്തിനെ അല്‍വാരസ് വലയിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. ടൂര്‍ണമെന്റില്‍ രണ്ടാം തവണയായിരുന്നു അര്‍ജന്റീന കാനഡയെ തോല്‍പ്പിച്ചത്. നേരത്തേ ഗ്രൂപ്പ് മത്സരങ്ങളില്‍ ഇരു ടീമുകളും ഗ്രൂപ്പ് എ യില്‍ ആദ്യറൗണ്ടില്‍ ഏറ്റുമുട്ടിയിരുന്നു. അന്നും 2-0 നാണ് കാനഡ തോറ്റത്. അതേസമയം ആദ്യമായി പങ്കെടുക്കുന്ന കോപ്പാ അമേരിക്ക ടൂര്‍ണമെന്റില്‍ സെമിയില്‍ കടന്നതിന്റെ അഭിമാനവുമായിട്ടാണ് കാനഡ മടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: