കൽപ്പറ്റ: മംഗലശേരി നീലകണ്ഠനായി ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി ജീപ്പില്‍ വിലസിയത് വിവാദമായതോടെ ജീപ്പുടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസ്. 9 കുറ്റങ്ങളാണ് സുലൈമാനെതിരെ ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ഉടമയാണ് സുലൈമാൻ. ഇയാൾക്കെതിരെയാണ് എല്ലാ കുറ്റങ്ങളും ചുമത്തിയത്. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്. അതേസമയം, ആകാശ് തില്ലങ്കേരി ഓടിച്ച ഈ ജീപ്പ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നേരത്തെയും ഈ വാഹനത്തിനെതിരെ സമാനമായ മൂന്ന് കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടികള്‍ സ്വീകരിച്ചത്.
ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ, ലൈസൻസ് വിവരങ്ങൾ കണ്ണൂർ ആർടിഒയിൽ നിന്ന് തേടിയിരുന്നു. ആകാശിന്റെ ലൈസൻസ് വിവരങ്ങൾ ലഭിച്ചാൽ ലൈസൻസ് ഇല്ലെന്ന കുറ്റം ഒഴിവാകും. വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തിട്ടുണ്ട്.
വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. ജീപ്പിന് ലോറിയുടെ ചക്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ ചൊവ്വാഴ്ചയാണ് പൊലീസിൽ നിന്ന് ലഭിച്ചത്. അതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്.
നമ്പർ പ്ലേറ്റില്ലാത്ത ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി ജീപ്പോടിച്ചിരുന്നത്. യാത്രയുടെ വീഡിയോ ഷൂട്ട് ചെയ്ത ശേഷം സിനിമ ഡയലോഗുകൾ ചേർത്ത് എഡിറ്റുചെയ്ത് ആകാശ് തില്ലങ്കേരിയുടെ ഫെയിസ്ബുക്ക് പേജിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് ഈ വീഡിയോ വൈറലായി പ്രചരിച്ചു. വയനാട് പനമരത്തായിരുന്നു തില്ലങ്കേരിയുട ജീപ്പ് ഡ്രൈവ്.
നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ആകാശ് തില്ലങ്കരിയുടെ ജീപ്പ് റൈഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി കവിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. “നിയമം ലംഘിച്ച് ജീപ്പ് യാത്ര നടത്തിയത് ക്രിമിനല്‍ കേസ് പ്രതിയാണ്. ഇത്തരം വാഹനങ്ങള്‍ പൊതു സ്ഥലത്ത് ഉണ്ടാകാന്‍ പാടില്ല. എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല വ്ലോഗിങ്. ജീപ്പ് റൈഡിനെതിരെ സ്വമേധയാ കേസെടുക്കും” – ഹൈക്കോടതി ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന് എന്നിവരുടെ ഡിവിഷന് ബെഞ്ച് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതാണ് ഇക്കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: