ബുക്കാറസ്റ്റ് : അമേരിക്കയുടെ ഫാബിയാനോ കരുവാന സൂപ്പര്‍ബെറ്റ് ക്ലാസിക് ചെസില്‍ കിരീടം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷവും ഫാബിയാനോ കരുവാന തന്നെയായിരുന്നു ചാമ്പ്യന്‍. അവസാനറൗണ്ടില്‍ ഫാബിയാനോ കരുവാന ഡച്ച് താരം അനീഷ് ഗിരിയോട് തോറ്റെങ്കിലും ടൂര്‍ണ്ണമെന്റില്‍ വിജയിയായി.
അവസാന റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാല് പേര് അഞ്ച് പോയിന്റ് വീതം നേടി ഒന്നാം സ്ഥാനത്തെത്തി. ഫാബിയാനോ കരുവാന, പ്രജ്ഞാനന്ദ, ഗുകേഷ്, അലിറെസ ഫിറൂഷ എന്നിവര്‍. ഇതേ തുടര്‍ന്ന് വിജയിയെ തീരുമാനിക്കാന്‍ റാപിഡ് ഗെയിം നടത്തുകയായിരുന്നു. നാല് പേരും അന്യോന്യം മത്സരിച്ചു. അതില്‍ എല്ലാവരേയും തോല്പിച്ച ഫാബിയാനോ കരുവാനൃയെ ചാമ്പ്യനായി പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ അവസാന റൗണ്ടില്‍ പ്രജ്ഞാനന്ദയും ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. അവസാന നിമിഷം വരെ വിജയത്തിന് വേണ്ടി പൊരുതിയ ഫിറൂഷയ്ക്ക് പക്ഷെ പ്രജ്ഞാനന്ദയില്‍ നിന്നും വിജയം തട്ടിയെടുക്കാനായില്ല. ഒടുവില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞു. സിസിലിയന് നജ് ഡോഫ് എന്ന ഓപ്പണിംഗ് ശൈലിയിലായിരുന്നു തുടക്കം. പക്ഷെ പ്രജ്ഞാനന്ദ ഒട്ടേറെ പിഴവുകള്‍ വരുത്തിയതോടെ കളിയുടെ മധ്യഘട്ടത്തില്‍ ഫിറൂഷ ജയം തട്ടിയെടുക്കുമോ എന്ന് എല്ലാവരും കരുതി. എന്നാല്‍ ചില കരുക്കള്‍ ഇരുവരും ബലികഴിച്ചതോടെ വീണ്ടും പ്രജ്ഞാനന്ദ കളിയിലേക്ക് തിരിച്ചുവന്നു. സമനിലയിലായി.
അമേരിക്കയുടെ വെസ്ലി സോയും ഗുകേഷും തമ്മിലുള്ള മത്സരവും സമനിലയില്‍ കലാശിച്ചു. നിംസോ ഇന്ത്യന്‍ ഓപ്പണിംഗ് ശൈലിയിലായിരുന്നു ഇരുവരും കളിച്ചത്. രാജ്ഞിയെ (ക്വിന്‍) ഇ7 കോളത്തിലേക്കും പിന്നീട് രണ്ട് നീക്കത്തിന് ശേഷം സി7 കോളത്തിലേക്കും നീക്കി വ്യത്യസ്തമായ ചില കരുനീക്കങ്ങള്‍ ഗുകേഷ് നടത്തി. പിന്നീട് ഇരുവരും കുറെ കരുക്കളെ അന്യോന്യം ബലികഴിച്ചതോടെ സമനിലയിലേക്ക് നീങ്ങുകയായിരുന്നു.
ഡിയാക്- വാചിയര്‍ ലെഗ്രാവ് മത്സരവും നെപോമ്നിഷി-അബ്ദുസത്തൊറൊവ് മത്സരവും സമനിലയില്‍ പിരിഞ്ഞു. ഇക്കുറി ഫോം നഷ്ടപ്പെട്ട് നിറം മങ്ങിപ്പോയത് രണ്ട് പേരാണ്. കഴിഞ്ഞ വര്‍ഷത്തെ രണ്ടും മൂന്നും സ്ഥാനക്കാരായ നെപോമ്നിഷിയും അബ്ദുസത്തൊറൊവും. ഇയാന്‍ നെപോമ്നിഷിയ്ക്ക് നാലര പോയിന്റും അബ്ദുസത്തൊറോവിന് നാല് പോയിന്റും മാത്രമേ നേടാനായുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: