വിഴിഞ്ഞം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷപ്പിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനമാരംഭിക്കുന്നു. 1500 കണ്ടെയ്നറുകളുമായി ആദ്യ കൂറ്റന്‍ കപ്പല്‍ തീരത്തടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജൂലൈ 11ന് കപ്പല്‍ പുറംകടലില്‍ നങ്കൂരമിടും. 12ന് ട്രയല്‍ റണ്‍. ആദ്യമായി എത്തുന്ന ചരക്ക് കപ്പലിനെ വരവേല്‍ക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും ആരംഭിച്ചതായി തുറമുഖവകുപ്പ് അധികൃതര്‍ പറഞ്ഞു.
ചൈനയില്‍ നിന്ന് ക്രെയിനുമായി തുറമുഖത്ത് ആദ്യമെത്തിയ ഷെന്ഹുവാ 15 ന് കേരളം നല്കിയ വരവേല്പ്പിന് സമാനമായിട്ടാണ് ചരക്ക് കപ്പലിനും അധികൃതര്‍ നല്‍കുക. പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലിനെ ബര്‍ത്തില്‍ അടുപ്പിക്കുന്നതിനുള്ള 4 ടഗ്ഗുകളും തയ്യാറായി. ചൈനയില്‍ നിന്ന് കൊണ്ടുവന്ന വലുതും ചെറുതുമായ അത്യാധുനിക ക്രെയിനുകളുടെ ശേഷി പരിശോധനകളും പൂര്‍ത്തിയായി വരുന്നു.
2015 ഡിസംബറില്‍ ഉദ്ഘാടനം നടത്തി നിര്‍മ്മാണം തുടങ്ങിയ അന്താരാഷ്ട്ര തുറമുഖത്തില്‍ ചരക്കുമായുള്ള ഒരു കപ്പല്‍ കണികാണാന്‍ കേരളജനതയ്ക്ക് 9 വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു.
അന്താരാഷ്ട്ര തുറമുഖത്തിന് ആവശ്യമായ 800 മീറ്റര്‍ ബര്‍ത്തും സുരക്ഷയ്ക്കായുള്ള മൂന്ന് കിലോമീറ്റര്‍ പുലിമുട്ടും പൂര്‍ത്തിയാക്കിയാണ് സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരത്തിനുള്ള കാത്തിരിപ്പിന് വിരാമമിടുന്നത്. ക്രെയിനുമായി ഷെന്‍ഹുവ തീരത്തടുത്തതും കൂറ്റന്‍ കപ്പലുകള്‍ അടുപ്പിച്ച് ക്രൂ ചേഞ്ചിംഗ് നടത്തി ലോക ഭൂപടത്തില്‍ ഇടം നേടിയ വിഴിഞ്ഞത്തിന് 12ന് നടക്കുന്ന ചടങ്ങോടെ ഒരു പൊന്‍തൂവല്‍ ലഭ്യമാകും. ഈ ദിവസം മുതല്‍ യാര്‍ഡിലേക്ക് ഇറക്കുന്ന കണ്ടെയ്നറുകള്‍ കടല്‍മാര്‍ഗ്ഗം ചെറുകപ്പലുകളുടെ സഹായത്തോടെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും.
കരമാര്‍ഗ്ഗത്തിലൂടെയുള്ള കണ്ടെയ്നര്‍ നീക്കം ഉടന്‍ ഇല്ലെങ്കിലും തിരുവനന്തപുരത്തും തൊട്ടടുത്ത ജില്ലകളിലേക്ക് വരുന്ന സാമഗ്രികള്‍ റോഡു മാര്‍ഗ്ഗം എത്തിക്കും. എന്നാല്‍ കരമാര്‍ഗ്ഗമുള്ള ചരക്ക് നീക്കം പൂര്‍ണ്ണതോതില്‍ എത്തണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. അതിനായി ഇനിയും തുടക്കം കുറിക്കാത്ത റെയില്‍വേ ലൈനും റിങ് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന കാര്യങ്ങള്‍ സഫലമാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: