ന്യൂദല്‍ഹി: ഇന്ന് നടക്കുന്ന ഫോറിന് മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷന് പരീക്ഷയ്ക്കുള്ള അപേക്ഷകരെ കബളിപ്പിക്കുന്ന വിധത്തില്‍ ചില സാമൂഹ്യ മാധ്യമ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് വ്യക്തമാക്കി. പണം നല്കിയാല് പരീക്ഷയുടെ ചോദ്യപേപ്പര്‍ നല്‍കാം എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ കേരളത്തില്‍ പോലീസ് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശനിയാഴ്ച നടക്കാനിരിക്കുന്ന എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പര്‍ വെള്ളിയാഴ്ച വൈകിയും തയാറാക്കിക്കൊണ്ടിരിക്കുകയാണ്. മുന്‍കരുതല്‍ എന്ന നിലയില്‍ അവസാന നിമിഷം മാത്രമേ ചോദ്യപേപ്പര്‍ ഏതെന്ന് തീരുമാനിക്കൂ. കേരളം കേന്ദ്രീകരിച്ച് പ്രചരിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകളില്‍ തെറ്റിദ്ധരിക്കപ്പെടുകയോ വശംവദരാവുകയോ ചെയ്യരുതെന്നും ദേശീയ പരീക്ഷ ബോര്‍ഡ് മുന്നറിയിപ്പ് നല്കി. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും എഫ്എംജിഇ പരീക്ഷാര്‍ഥികള്‍ ആരെങ്കിലും നേരിട്ടോ അല്ലാതെയോ ഏര്‍പ്പെട്ടാല്‍ എന്‍ബിഇഎംഎസ് അതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേശീയ പരീക്ഷാ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയുടെ ചോദ്യപേപ്പറോ ഉത്തര സൂചികകളോ ആര്‍ക്കെങ്കിലും ലഭിച്ചതിന്റെ യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: