കോട്ടയം: കമല്ഹാസന് നായകനാകുന്ന ഇന്ത്യന്‍ 2: സീറോ ടോളറന്‍സ് എന്ന സിനിമയുടെ പോസ്റ്ററുകളില്‍ ദേശീയ പതാക ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് മുഖ്യമന്ത്രി, ഡിജിപി, ഫിലിം സര്ട്ടിഫിക്കേഷന് ബോര്‍ഡ് റീജണല്‍ ഓഫീസര്‍ എന്നിവര്‍ക്കു പരാതി നല്കി.
ദേശീയ പതാകയില്‍ യാതൊരുവിധ എഴുത്തുകളും പാടില്ലെന്ന് ദേശീയ പതാക കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടമായ ഫഌഗ് കോഡ് ഓഫ് ഇന്ത്യ 2002ലെ ദുരുപയോഗം വകുപ്പ് 5 സെക്ഷന്‍ 328 പ്രകാരം പറയുന്നു. സെക്ഷന്‍ 329 പ്രകാരം ദേശീയ പതാക ഒരു തരത്തിലുമുള്ള പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
1971ലെ നാഷണല്‍ ഒാണര്‍ ആക്ട് വകുപ്പ് 2 സെക്ഷന്‍ എഫ് പ്രകാരവും ദേശീയ പതാകയില്‍ എതെങ്കിലും വിധത്തില്‍ എഴുതുന്നതും വിലക്കിയിട്ടുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഈ നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് സംസ്ഥാനത്തുടനീളം ഇന്ത്യന്‍ 2 വിന്റെ പോസ്റ്ററുകള്‍ വ്യാപകമായി പ്രദര്ശിപ്പിച്ചിക്കുന്നതെന്നും ഫൗണ്ടേഷന് കുറ്റപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് അന്ന്യന് എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ദേശീയ പതാക ദുരുപയോഗം ചെയ്തതിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് പരാതിപ്പെട്ടപ്പോള്‍ നിര്‍മാതാക്കള്‍ പോസ്റ്റര്‍ പിന്‍വലിച്ചിരുന്നു.
പരസ്യ ആവശ്യത്തിനായി പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ദേശീയ പതാകയില്‍ നിര്‍മാണ കമ്പനികളുടെ പേരും കമല്‍ഹാസന്റെ ചിത്രവും ചേര്‍ത്തിരിക്കുന്നത് അനാദരവാണ്. സിനിമാ പ്രവര്‍ത്തകര്‍ക്കു മാത്രമായി വാണിജ്യ ആവശ്യങ്ങള്‍ക്കായി ദേശീയപതാക ഉപയോഗിക്കാനും പതാകയില്‍ എഴുതുവാനും അനുവദിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ കമല്ഹാസന് അടക്കമുള്ളവരുടെ നടപടി അനുചിതമാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംസ്ഥാനത്തുടനീളം പ്രദര്‍ശിപ്പിച്ചിരിക്കുന്ന പോസ്റ്ററുകള്‍ ഫഌഗ് കോഡ് നിഷ്കര്‍ഷിക്കും വിധം അടിയന്തരമായി നീക്കം ചെയ്യണമെന്നും ഫൗണ്ടേഷന് ചെയര്മാന് എബി ജെ.ജോസ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: