തന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ‘ഇന്ത്യൻ’ന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണ് കമൽഹാസൻ. ശങ്കർ-കമൽഹാസൻ ചിത്രം ‘ ഇന്ത്യൻ 2′ 28 വർഷങ്ങൾക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ( സിബിഎഫ്സി ) ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകിയതായാണ് റിപ്പോർട്ടുകൾ.
സിനിമയ്ക്ക് 3 മണിക്കൂറും 4 സെക്കൻഡും റൺ ടൈമുമാണ് ഉള്ളത്. സിനിമയിൽ അഞ്ച് പ്രധാന മാറ്റങ്ങൾ വരുത്താൻ സിബിഎഫ്സി ഉത്തരവിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, പുകവലി മുന്നറിയിപ്പ് വാചകത്തിന്റെ വലുപ്പം കൂട്ടുക,’കൈക്കൂലി ചന്ത’ എന്ന പ്രയോഗം സിനിമയിൽ നീക്കം ചെയ്യുക, ‘ഡേർട്ടി ഇന്ത്യൻ’ പോലുള്ള വാക്കുകളും അശ്ലീല വാചകങ്ങളും ചില രംഗങ്ങളിൽ നിന്ന് നീക്കം ചെയ്യുക എന്നതാണ് മാറ്റങ്ങൾ. പകർപ്പവകാശമുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് എൻഒസി നൽകാനും നിർദേശം നൽകിയിട്ടുണ്ട്.
ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ ജൂലൈ 12 ന് തിയറ്ററുകളിലെത്തും. ചിത്രത്തിലെ അഭിനയത്തിന് കമൽഹാസൻ 150 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോർട്ട്. രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, സിദ്ധാർത്ഥ്, ജെയ്സൺ ലാംബർട്ട്, ഗുൽഷൻ ഗ്രോവർ, ബോബി സിംഹ, എസ്ജെ സൂര്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അന്തരിച്ച നടന്മാരായ വിവേകിനെയും നെടുമുടി വേണുവിനെയും വെള്ളിത്തിരയിൽ ജീവസുറ്റതാക്കാൻ ഷങ്കർ സിജിഐയും ബോഡി ഡബിൾസും ഉപയോഗിച്ചിട്ടുണ്ട്. 20 വർഷത്തിനു ശേഷമാണ് കമലും ശങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഇന്ത്യനിലെ സ്വാതന്ത്ര്യ സമരസേനാനി സേനാപതി നയിക്കുന്ന പുതിയ പോരാട്ടങ്ങളാണ് ഇന്ത്യൻ 2 വിന്റെ ഇതിവൃത്തം എന്നാണറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: