ന്യൂദല്‍ഹി: മുന്‍ നയതന്ത്രജ്ഞ ലക്ഷ്മി പുരി നല്കിയ മാനനഷ്ടക്കേസില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സാകേത് ഗോഖലെയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ ഭാര്യയാണ് ലക്ഷ്മി പുരി. ഇവര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ അനധികൃത സ്വത്തുണ്ടെന്ന് ആരോപിച്ച് സാകേത് ഗോഖലെ നടത്തിയ പ്രചാരണങ്ങള്‍ക്കെതിരെയാണ് ജസ്റ്റിസ് അനൂപ് ജയറാം ഭംഭാനിയുടെ ഉത്തരവ്. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിലും സാകേത് ഗോഖലെയുടെ എക്സ് ഹാന്‍ഡിലിലും ക്ഷമാപണം പ്രസിദ്ധീകരിക്കാനും കോടതി നിര്‍ദേശിച്ചു. എട്ടാഴ്ചയ്ക്കകം ഉത്തരവ് നടപ്പാക്കണം.
കേസില്‍ 2021 ജൂലൈയില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അപകീര്‍ത്തികരമായ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ അന്ന് ഗോഖലെയോട് നിര്‍ദേശിച്ചു. ഗോഖലെയുടെ ആരോപണങ്ങള്‍ തെറ്റും അസത്യവുമാണെന്ന് ഉത്തരവില്‍ ജസ്റ്റിസ് ഭംഭാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: