ന്യൂദൽഹി: ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിലൂടെ ഹിന്ദു സമൂഹത്തെ അപമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗവും പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതാകും.
അതേസമയം, രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സമൂഹത്തെ മുഴുവൻ അക്രമാസക്തരെന്ന് രാഹുൽ വിളിച്ചതാണ് ബിജെപി ഉയർത്തിക്കാട്ടുന്നത്. അതേസമയം, രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ വാസ്തവ വിരുദ്ധമായ അഗ്നിവീര്‍, ഹിന്ദുഅവഹേളനം അടക്കമുള്ള പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കി.
സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് ചില പരാമര്‍ശങ്ങള്‍ നീക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും സംബന്ധമില്ലാത്ത തരത്തിൽ ബിജെപി, ആര്.എസ്.എസ് എന്നിവയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളും നീക്കിയവയില്‍ ഉള്‍പ്പെടുന്നു.
ഇന്നലെ രാഹുലിന്റെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ രണ്ടുതവണ ഇടപെടുകയും രാഹുല്‍ മാപ്പു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്പീക്കറും പ്രസംഗത്തിനിടെ ഇടപെട്ടു. പിന്നാലെയാണ് പല പരാമര്‍ശങ്ങളും സഭാരേഖകളില്‍നിന്ന് നീക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: