തൃശ്ശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ ബിനാമി വായ്പാ തട്ടിപ്പ് കേസില്‍, പ്രതിപ്പട്ടികയില്‍ സിപിഎമ്മിനെ ഉള്‍പ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശുപാര്‍ശ ചെയ്തത് കഴിഞ്ഞ ദിവസമാണ്. മുഖ്യമന്ത്രി പിണറായി വിജയന് പൊതുസമ്മേളനങ്ങളിലും വേദികളിലും ആവര്‍ത്തിച്ചു പറയാറുള്ള ഒരു വാചകം ഉണ്ട്, ‘ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല’ എന്ന്. ഇക്കാര്യം സത്യമാണെന്ന് മാത്രമല്ല, സിപിഎം എന്നുപറയുന്ന രാഷ്ട്രീയകക്ഷിക്ക് മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ എന്നുകൂടി കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കി.
സാധാരണക്കാരില്‍ സാധാരണക്കാരായ, അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരും ആശ്രയമായി കണ്ട സ്ഥാപനമാണ് കേരളത്തിലെ കാര്‍ഷിക സഹകരണ ബാങ്കുകള്‍. ബ്ലേഡ് ബാങ്കുകാരുടെയും പലിശക്കാരുടെയും കൊള്ളയില്‍ നിന്ന് മോചിപ്പിക്കാനും സാധാരണക്കാര്‍ക്ക് കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും ന്യായമായ പലിശയില്‍ പണം കിട്ടാനുമാണ് സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിലുടനീളം ആരംഭിച്ചത്. അമിതമായ രാഷ്ട്രീയവത്കരണം കേരളത്തിലെ സഹകരണ മേഖലയെയും സഹകരണ സ്ഥാപനങ്ങളെയും മോശമായി ബാധിച്ചു എന്നതാണ് സത്യം. ഏതാണ്ട് പതിനായിരത്തോളം വരുന്ന സഹകരണ സ്ഥാപനങ്ങള്‍ ഇടത്-വലത് മുന്നണികളുടെ ഭരണകാലത്ത് സ്വാധീനം ഉപയോഗിച്ച് സ്വന്തം കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഒരിക്കലും യോഗ്യത മാനദണ്ഡമായിരുന്നില്ല. കൈക്കൂലിയും രാഷ്ട്രീയ താല്പര്യങ്ങളും മാത്രമാണ് മാനദണ്ഡം. സഹകരണ നിയമനങ്ങള്‍ക്ക് കൈക്കൂലി വാങ്ങിയ ശേഷം, പണം കൊടുത്തവര്‍ക്ക് പെന്‍സില്‍ കൊണ്ട് ഉത്തരമെഴുതാന്‍ നിര്‍ദ്ദേശം നല്കിയ പ്രമുഖ സഹകാരി നേതാക്കന്മാര് പോലുമുണ്ട്. കേരളത്തിലെ സഹകരണ മേഖലയെ രാഷ്ട്രീയവല്‍ക്കരിച്ച് സ്വാര്‍ത്ഥ താല്പര്യത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് സിപിഎമ്മാണ്. സഹകരണ ബാങ്കുകളില്‍ നിയമനം നല്‍കിയശേഷം സ്വന്തം പാര്‍ട്ടിയില്‍ അവരെ ഉറപ്പിച്ചു നിര്‍ത്താന്‍ എന്തും ചെയ്യാന്‍ അവര്‍ മടികാട്ടിയിട്ടുമില്ല.
പാര്‍ട്ടിക്കാര്‍ക്ക് നിയമനത്തിനും വായ്പ നല്‍കാനും അഴിമതി കാണിക്കാനും മാത്രമുള്ളതാണ് സഹകരണ സ്ഥാപനങ്ങള്‍ എന്ന് പരസ്യമായി പറയാന്‍ ഒരു മടിയും സിപിഎം കാട്ടിയിട്ടില്ല. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. പാര്‍ട്ടിക്കാരും അല്ലാത്തവരുമായ നൂറുകണക്കിന് ആള്‍ക്കാരുടെ നിക്ഷേപത്തുകയില്‍ നിന്നാണ് ബിനാമി വായ്പ നടത്തി കോടിക്കണക്കിന് രൂപ സിപിഎം നേതാക്കള്‍ അടിച്ചുമാറ്റിയത്. അടിച്ചുമാറ്റിയ പണം മുഴുവന്‍ പാര്‍ട്ടി താല്പര്യത്തിനനുസരിച്ച് പാര്‍ട്ടി അക്കൗണ്ടിലേക്ക് കൂടി മാറ്റിയിരുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ പാര്‍ട്ടിയുടെ എട്ട് അക്കൗണ്ടുകളാണ് ഇഡി കണ്ടുകെട്ടിയത്. സിപിഎമ്മിന്റെ 73 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ അടക്കം 29 കോടിയുടെ സ്വത്തുകളും ബാങ്ക് നിക്ഷേപങ്ങളും കൂടി കണ്ടുകെട്ടാന്‍ ശുപാര്‍ശ ചെയ്തു. ഡയറക്ടറുടെ ഉത്തരവ് ഇറങ്ങിയാല്‍ കണ്ടുകെട്ടല്‍ നടപടികള്‍ തുടങ്ങും.
ഇതോടെ കേസില്‍ കണ്ടുകെട്ടുന്ന മൊത്തം സ്വത്തു വകകള്‍ 115 കോടി രൂപയാകും. സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് സ്ഥിരനിക്ഷേപങ്ങളും പാര്‍ട്ടി കീഴ്ഘടകങ്ങളുടെ നിക്ഷേപങ്ങളും അടങ്ങുന്ന 60 ലക്ഷം രൂപയുടെ എട്ടു ബാങ്ക് അക്കൗണ്ടുകളുമാണ് കണ്ടുകെട്ടിയിട്ടുള്ളത്. സിപിഎം പുറത്തിശ്ശേരി ബ്രാഞ്ച് കമ്മിറ്റിക്ക് വേണ്ടി പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ പേരില്‍ വാങ്ങിയ 13 ലക്ഷം രൂപയുടെ സ്ഥലവും വസ്തുവകകളും കണ്ടുകെട്ടിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത തുക ഉപയോഗിച്ചാണ് പാര്‍ട്ടിയും പ്രതികളും ഇത്രയും സ്വത്ത് സമ്പാദിച്ചത് എന്നാണ് കണ്ടെത്തല്‍. ബിനാമി വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ കരുവന്നൂര്‍ ബാങ്കിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയ 10 പേരുടെ 28.27 കോടി രൂപയുടെ സ്വത്തും ഇപ്പോള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.
എം. എം. വര്‍ഗീസ് ഉള്‍പ്പടെ 9 പേരുടെ സ്വകാര്യ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. മുന്‍ സഹകരണ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എ.സി. മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് നേരത്തെ തന്നെ ഇ.ഡി മരവിപ്പിച്ചതാണ്. കരുവന്നൂരില്‍ 10,000ത്തിലേറെ നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായത്. ബിനാമി വായ്പാ അക്കൗണ്ടുകളിലൂടെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വന്‍തോതില്‍ ഈ ബാങ്കില്‍നിന്ന് പണം അടിച്ചുമാറ്റി എന്നാണ് കണ്ടെത്തല്‍. പാര്‍ട്ടി നേതൃത്വം നേരിട്ട് പണം കൈപ്പറ്റി എന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു രഹസ്യ അക്കൗണ്ട് ഇഡി കണ്ടുകെട്ടിയിരുന്നു. ഇതില്‍ അഞ്ചുകോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായിരുന്നത്. ഭാരതത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. പാര്‍ട്ടിക്ക് ദേശീയ പദവി നഷ്ടമായാലും അഭിമാനിക്കാവുന്ന നേട്ടമാണ് സിപിഎം കൈവരിച്ചിട്ടുള്ളത്. ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ കണ്ടുകെട്ടിയ സ്വത്തില്‍ നിന്ന് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതിന് നിയമതടസ്സം ഇല്ലെന്ന് ഇഡി നേരത്തെ വിചാരണ കോടതിയെ ബോധിപ്പിച്ചിരുന്നു. നിക്ഷേപകര്‍ക്ക് നഷ്ടമായ നിക്ഷേപം കണ്ടുകെട്ടിയ വസ്തുവകകളില്‍നിന്ന് തിരിച്ചു പിടിക്കാനായി നിയമപ്രകാരം കേസിന്റെ വിചാരണ തീരും മുമ്പ് തന്നെ കോടതിയെ സമീപിക്കാവുന്നതാണ്. പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തിയാല്‍ കണ്ടുകെട്ടിയ സ്വത്തില്‍നിന്ന് നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാനുള്ള വ്യവസ്ഥ 2019 ല്‍ തന്നെ വിചാരണ കോടതികളെ അധികാരപ്പെടുത്തിയിട്ടുള്ളതാണ്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയില്‍ സിപിഎം ഉള്‍പ്പെടുന്നതോടെ നേതൃത്വം ഇതുവരെ അവകാശപ്പെട്ടിരുന്ന ആദര്‍ശ രാഷ്ട്രീയത്തിന്റെയും തത്വാധിഷ്ഠിത, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും മുഖംമൂടി അഴിഞ്ഞു വീണു. പാലോറ മാതയുടെ പശുക്കിടാവിനെ വിറ്റ പണം കൊണ്ടാണ് പാര്‍ട്ടി പത്രം തുടങ്ങിയതെന്നും ഇഎംഎസിന്റെ സ്വത്തുക്കള്‍ വിറ്റ പണം പാര്‍ട്ടിക്ക് സംഭാവന ചെയ്തെന്നും ഒക്കെ എത്രയെത്ര പൊടിപ്പും തൊങ്ങലും വച്ച കഥകളാണ് പാര്‍ട്ടി നേതാക്കളെ കുറിച്ച് സംസ്ഥാനത്തുടനീളം പ്രചരിപ്പിച്ചിരുന്നത്. പാലോറ മാതയുടെ സ്ഥാനം പിന്നെ സാന്‍ഡിയാഗോ മാര്‍ട്ടിനും മറ്റ് പ്രസിദ്ധരും കുപ്രസിദ്ധരും ആയ വ്യവസായികളും വ്യാപാരികളും അന്താരാഷ്ട്ര കള്ളക്കടത്തുകാരും കയ്യടക്കിയപ്പോള്‍ പാര്‍ട്ടിയുടെ പേരില്‍ കേരളത്തിലുടനീളം മനോഹരമായ സൗധങ്ങള്‍ ഉയര്‍ന്നു എന്നത് സത്യമാണ്. പക്ഷേ ദരിദ്രനാരായണന്മാരായ ഗ്രാമീണജനതയുടെ ആശ്രയമായ സഹകരണമേഖലയില്‍ കൂടി കയ്യിട്ടുവാരി കോടികളുടെ നിക്ഷേപം സൃഷ്ടിച്ച പാര്‍ട്ടി നേതാക്കളുടെ ധൂര്‍ത്തിനും രാജകീയ ജീവിതത്തിനും ചെലവഴിച്ചതിന്റെ ധാര്‍മികത എങ്ങനെയാണ് കേരളത്തിലെ സാധാരണക്കാരെ ബോധ്യപ്പെടുത്താന്‍ കഴിയുക. കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. കാസര്‍കോഡ് മുതല്‍ പാറശാല വരെ നിരവധി സഹകരണ ബാങ്കുകളില്‍ ഈ തട്ടിപ്പ് യാതൊരു മാറ്റവും ഇല്ലാതെ ആവര്‍ത്തിച്ചിരിക്കുന്നു. നിരവധി ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ സിപിഎം നേതൃത്വത്തിന്റെ അറിവോടെ തന്നെ കടത്തിയിരിക്കുന്നു. ആദര്‍ശ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാര് എന്ന് സ്വയം പ്രഖ്യാപിച്ചു നടന്നിരുന്ന പി.കെ. ബിജുവും കെ. രാധാകൃഷ്ണനും വരെ ഉള്‍പ്പെടുന്നു എന്നറിയുമ്പോഴാണ് ഈ തട്ടിപ്പിന്റെ ആഴം ബോധ്യപ്പെടുക.
സിപിഎം ജില്ലാ സെക്രട്ടറിയുടെയും സെക്രട്ടറിയേറ്റിന്റെയും ചുമതല വഹിച്ചവരാണ് കെ. രാധാകൃഷ്ണനും പി. കെ. ബിജുവും. അവരൊക്കെ തന്നെ ഈ തട്ടിപ്പ് മറച്ചുപിടിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും പണം പാര്‍ട്ടി ഫണ്ടിലേക്ക് മാറ്റി സ്ഥാപിക്കാനും ഒക്കെ നേതൃത്വം നല്കി എന്നറിയുമ്പോള്‍ വിഗ്രഹങ്ങള്‍ ഉടഞ്ഞു വീഴുന്നു. സാമ്പത്തിക തട്ടിപ്പുകാരുടെയും അഴിമതിക്കാരുടെയും പണം വാങ്ങില്ലെന്ന് പ്രതിജ്ഞ ചെയ്യാനും അതിനനുസരിച്ച് ജീവിക്കാനും പറ്റാത്ത രീതിയിലേക്ക് സിപിഎമ്മിന്റെ ചില മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ മാറിയിരിക്കുന്നു. ആലപ്പുഴയിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ തടി ബെഞ്ചില്‍ കിടന്നുറങ്ങിയിരുന്ന ആര്. സുഗതനെ ഇന്ന് എത്രപേര്‍ക്കറിയാം. സിപിഎം നേതൃത്വത്തിന്റെ ഇത്തരം മൂല്യങ്ങളില്‍ നിന്നുള്ള അകല്‍ച്ചയാണ് പഴയ തീവണ്ടി കൊള്ളക്കാരെയും വ്യാജ ലോട്ടറിക്കാരെയും തട്ടിപ്പ് വീരന്മാരെയും ഒക്കെ രക്ഷിക്കാനും ശുദ്ധീകരിക്കാനും ഉള്ള തത്രപ്പാടിലേക്ക് സിപിഎം മാറാന്‍ കാരണം.
എന്‍ഫോമെന്റിന്റെ കേസ് കൂടി വന്നതോടെ സിപിഎമ്മിന്റെ ചരിത്ര പ്രാധാന്യം വര്‍ധിക്കുകയാണ്. ഒരു പാര്‍ട്ടി ആദ്യമായി അഴിമതി കേസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്ന അഭിമാനാര്‍ഹമായ നേട്ടം സിപിഎം കൈവരിച്ചിരിക്കുന്നു. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ സഹകരണ വകുപ്പില്‍ നിയന്ത്രണം കൊണ്ടുവരുന്നു, നിയമനത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുന്നു, ഇതൊക്കെ കേന്ദ്ര ഇടപെടലോ അവഗണനയോ സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങളില്‍ കൈകടത്തലോ ഒക്കെയാണെന്നാണ് വ്യാഖ്യാനിക്കുന്നത്. സാധാരണക്കാരായ പാവപ്പെട്ട സഹകാരികളുടെ പണം കൊള്ളയടിച്ചത് ഏതു വകുപ്പിലാണ് ഉള്‍പ്പെടുന്നതെന്ന് ഔദ്യോഗികമായി ഇനിയെങ്കിലും സിപിഎം വ്യക്തമാക്കുമോ? കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ഭരണത്തില്‍ നിന്ന് ഇനിയെങ്കിലും മാറിനിന്ന് സംശുദ്ധമായ ഒരു സഹകരണ മേഖല കെട്ടിപ്പടുക്കാന്‍ അവസരം ഒരുക്കണമെന്നാണ് കേരളത്തിലെ സാധാരണ സഹകാരികളുടെ ആഗ്രഹം. ഇനിയെങ്കിലും സിപിഎം ആ വഴിക്ക് ചിന്തിക്കുമോ? മറ്റു കേസുകള്‍ കൂടി വരാനിരിക്കുകയാണ്, കണ്ടല മുതല്‍ കാസര്‍കോഡ് വരെ. സംസ്ഥാനത്തുടനീളം സിപിഎം സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തുന്ന ആ സുന്ദര ദിനം നമുക്ക് സമീപഭാവിയില്‍ തന്നെ പ്രതീക്ഷിക്കാം. പാര്‍ട്ടിക്ക് പശുകുട്ടിയെ വിറ്റ് പണം കൊടുത്ത പാലോറ മുതല്‍ പാര്‍ട്ടി സംവിധാനത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയ സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ പാവപ്പെട്ടവരോട് നമുക്ക് സഹതപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: