കേരളത്തിന്റെ പൊതുവിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് ഇടതുമുന്നണിയിലെ രണ്ട് മന്ത്രിമാര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചത് വിവാദം സൃഷ്ടിച്ചിരിക്കുകയാണല്ലോ. എസ്എസ്എല്‍സി പരീക്ഷ ജയിച്ചവര്ക്കുപോലും ശരിയായി എഴുതാനും വായിക്കാനും അറിയില്ലെന്നും, പണ്ടൊക്കെ എസ്എസ്എല്‍സിക്ക് പാസ് മാര്‍ക്ക് നേടാന്‍ പോലും വലിയ പാടായിരുന്നുവെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാന് പറഞ്ഞതിനെതിരെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തന്നെ രംഗത്തുവരികയുണ്ടായി. എസ്എസ്എല്‍സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാനും
വായിക്കാനും അറിയില്ലെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് വാര്‍ത്താക്കുറിപ്പ് ഇറക്കേണ്ടി വന്നു. ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാര്‍ത്ഥി മലയാളം അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന വിശദീകരണമാണ് ശിവന്‍കുട്ടി നല്‍കുന്നത്. ഇങ്ങനെയൊരു പരിഷ്കരണം ഇപ്പോഴാണ് നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ സമ്മതിക്കുമ്പോള്‍ പിന്നെ സജി ചെറിയാനെ എന്തിനാണ് വിമര്‍ശിക്കുന്നത്. ഇത്രകാലമായിട്ടും ഇത് നടപ്പാക്കിയിട്ടില്ലെന്ന് പറയാതെ പറയുകയല്ലേ വിദ്യാഭ്യാസമന്ത്രിയും ചെയ്യുന്നത്. ഒന്നാം ക്ലാസെന്നല്ല, പിന്നീടുള്ള ഒന്‍പത് ക്ലാസുകളും കഴിഞ്ഞാലും മാതൃഭാഷയില്‍ പ്രാഥമികമായ ജ്ഞാനം പോലും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാത്ത സാഹചര്യമുണ്ട്. എസ്എസ്എല്‍സിയുടെ ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടും. എന്തൊക്കെ വിചിത്രമായ കാര്യങ്ങളാണ് വികൃതമായ ഭാഷയില്‍ ചില വിദ്യാര്‍ത്ഥികള്‍ എഴുതിവയ്ക്കുന്നത്!
എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ആറ് മാസം മുന്‍പ് അധ്യാപകരുടെ ശില്‍പ്പശാലയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പറഞ്ഞ കാര്യം തന്നെയാണ് മന്ത്രി സജി ചെറിയാനും ആവര്‍ത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം മുന്‍നിര യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും, അതിന്റെ സ്ഥാനത്ത് ഇപ്പോള്‍ കേരളം ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളുമായി ഒത്തുചേര്‍ന്നിരിക്കുകയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞത് ഇടതുമുന്നണി സര്‍ക്കാരിനെ വെട്ടിലാക്കി. ശരിയായി എഴുതാനോ വായിക്കാനോ കഴിവില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് ഗ്രേഡ് നല്‍കുകയാണെന്നും, എ പ്ലസുകാരെ സൃഷ്ടിക്കുന്നതിന് ഉദാരമായി മാര്‍ക്ക് നല്കുന്ന രീതി അവസാനിപ്പിക്കണമെന്നും ഷാനവാസ് പറയുകയുണ്ടായി. വിദ്യാഭ്യാസ മേഖലയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ തങ്ങളുടെ ‘നേട്ടങ്ങള്‍’ പ്രചരിപ്പിക്കുന്നതിനിടെയാണ് അതിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന രീതിയിലുള്ള വിമര്‍ശനം പൊതുവിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നുതന്നെ ഉണ്ടായത്. ഇതൊന്നും സര്‍ക്കാരിന്റെ നയമല്ലെന്നു പറഞ്ഞ് രക്ഷപ്പെടുകയാണ് അന്ന് മന്ത്രി ശിവന്‍കുട്ടി ചെയ്തത്. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായി പറഞ്ഞതിനെക്കുറിച്ച് വിശദീകരണം തേടുമെന്നും വിശദമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞതിനെ ശരിവച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ വിമര്‍ശനത്തിനും പണ്ടത്തെ മറുപടി തന്നെയാണ് ശിവന്‍കുട്ടിക്ക് നല്‍കാനുള്ളത്.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ചയെ വിമര്‍ശിക്കുന്ന മന്ത്രി സജി ചെറിയാനും, അതിനോട് യോജിക്കാത്ത മന്ത്രി ശിവന്‍കുട്ടിയും ഈ അവസ്ഥയ്ക്ക് ഒരുപോലെ ഉത്തരവാദികളാണ്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ക്രിയാത്മകമായി യാതൊന്നും ചെയ്യാത്ത, അതിന് സമയമില്ലാത്ത ഒരു സര്‍ക്കാരിന്റെ പ്രതിനിധികളാണ് രണ്ടുപേരും. കേരളം വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറിയെന്ന അവകാശവാദം അടിസ്ഥാനരഹിതമാണ്. ഇവിടെനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കു പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അത് തെളിയിക്കും. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഇടതമുന്നണി സര്‍ക്കാരിന് ആത്മാര്‍ത്ഥമായ യാതൊരു താല്‍പ്പര്യവുമില്ലെന്ന് വ്യക്തമാക്കുന്നതാണല്ലോ രാഷ്ട്രീയ ഗുണ്ടായിസത്തിന് പേരുകേട്ട സിപിഎം നേതാവിനെ വിദ്യാഭ്യാസ മന്ത്രിയുടെ കസേരയില്‍ കൊണ്ടിരുത്തിയ നടപടി. വിദ്യാത്ഥികളുടെ ഇടയില്‍പ്പോലും ഇത്ര പരിഹാസ്യനായ മറ്റൊരു മന്ത്രി വേറെ ഉണ്ടെന്നു തോന്നുന്നില്ല. യുഡിഎഫ് ഭരണകാലത്ത് നാലകത്ത് സൂപ്പിയും അബ്ദുള്‍ റബ്ബും വിദ്യാഭ്യാസ മന്ത്രിമാരായിരുന്നത് ശിവന്‍കുട്ടിക്ക് സമാധാനിക്കാനുള്ള വക നല്കുന്നുണ്ടാവും. വിദ്യാഭ്യാസ വിചക്ഷണനെന്നു പറഞ്ഞ് ഒന്നാം പിണറായി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായ സി. രവീന്ദ്രനാഥ് വന്നെങ്കിലും എടുത്തുപറയാവുന്ന ഒരു മാറ്റവുമുണ്ടായില്ല. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് ശരിയായ പഠനവും സര്വ്വെയുമൊക്കെ നടത്തി അതിന്റെ അടിസ്ഥാനത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് വേണ്ടത്. കേരള മോഡല്‍ വക്താക്കളായ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്ഥാപിതതാല്പ്പര്യങ്ങള് ഇതിന് തടസ്സമാണ്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസനയം കേരളത്തില്‍ നടപ്പാക്കാതിരിക്കുന്നതും ഇതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: