ന്യൂദല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ് സംഹിത നിലവില്‍ വന്നശേഷമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പോലീസ്. റോഡ് തടസപ്പെടുത്തിയതിന് തെരുവുകച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 285-ാം വകുപ്പ് പ്രകാരമാണ് കേസ്.
രാത്രിയില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് തെരുവുകച്ചവടക്കാരന് കുപ്പിവെള്ളവും പുകയില ഉത്പന്നങ്ങളും വില്‍ക്കുന്നതായി കണ്ടത്. കച്ചവടക്കാരന്റെ താത്കാലിക സ്റ്റാള്‍ റോഡ് തടസമുണ്ടാക്കുമെന്നതിനാല്‍ അത് നീക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനെ തുടര്‍ന്നാണ് പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ സ്വദേശി പങ്കജ് കുമാറാണ് രാജ്യത്തെ ഭാരതീയ ന്യായ് സംഹിത പ്രകാരം രജിസ്റ്റര്‍ചെയ്ത ആദ്യ കേസിലെ പ്രതി.
ഞായറാഴ്ച അര്‍ധരാത്രി മുതലാണ് ഇന്ത്യയില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതോടെ 164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി) ചരിത്രമായി. ഒപ്പം ക്രിമിനല്‍ നടപടിക്രമം (സിആര്‍.പി.സി), ഇന്ത്യന്‍ തെളിവുനിയമം എന്നിവയും അസാധുവായി. ഐ.പി.സിക്ക് പകരം ഭാരതീയ ന്യായ് സംഹിത (ബി.എന്‍.എസ്), സിആര്‍.പി.സിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്), തെളിവുനിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധീനിയം (ബി.എസ്.എ) എന്നിവയാണ് രാജ്യത്ത് നിലവില്‍വന്നത്.
ഇന്ത്യന്‍ പീനല്‍ കോഡിന് പകരം വരുന്ന ഭാരതീയ ന്യായ് സംഹിതയില്‍ ആകെ 358 വകുപ്പുകളാണുള്ളത്. സംഘടിത കുറ്റകൃത്യങ്ങളും തീവ്രവാദത്തിനും നിര്‍വ്വചനം നല്കുന്ന നിയമമാണ് ഭാരതീയ ന്യായ് സംഹിത. കുട്ടികളെ കൂട്ടബലാത്സംഗം ചെയ്താല്‍ ക്രിമിനല്‍ നിയമം അനുസരിച്ച് വധശിക്ഷ വരെ ലഭിക്കാം. വിവാഹ വാഗ്ദാനം നല്കി ലൈംഗിക അതിക്രമത്തിന് വിധേയമാക്കുന്നത് ഭാരതീയ ന്യായ സംഹിത അനുസരിച്ച് ക്രിമിനല്‍ കുറ്റമാകും.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത അഥവാ ബിഎന്‍എസ്എസ് ആണ് ക്രിമിനല്‍ കേസുകളിലെ നടപടിക്രമം സംബന്ധിച്ച പുതിയ നിയമം. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷണവും മുതല്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കുന്നതുവരെയുള്ള നടപടിക്രമങ്ങള്‍ ബിഎന്‍എസ്എസില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. കുറ്റകൃത്യം സംഭവിച്ച പൊലീസ് സ്റ്റേഷനില്‍ മാത്രമല്ല, ഏത് പൊലീസ് സ്റ്റേഷനിലും അധികാരപരിധിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാം. പരാതി ഓണ്‍ലൈനായും നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: