പാലക്കാട്: കാടിനും തണലൊരുക്കിയ കാര്‍ത്തുമ്പികള്‍ മന് കി ബാത്തില്‍ ഇടം നേടിയതോടെ ലോകശ്രദ്ധയിലേക്ക്. അട്ടപ്പാടിയിലെ വനവാസി സ്ത്രീകള്‍ നിര്‍മിക്കുന്ന കാര്‍ത്തുമ്പി കുടകളാണ് ഇന്നലെ പെരുമയുടെ ഹിമാലയം കയറിയത്. ശിശുമരണങ്ങളും അരിവാള്‍ രോഗവും കൈയേറ്റവും ചൂഷണവും വാര്‍ത്തകളായിരുന്ന അതേ അട്ടപ്പാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൃദയഭാഷണത്തില്‍ ഇന്നലെ ഇടം പിടിച്ചത് പത്ത് വര്‍ഷമായി തമ്പ് എന്ന സംഘടന തുടങ്ങിവച്ച സ്വാശ്രയ സംരംഭത്തിലൂടെയാണ്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മലയാളി സംഘടനയുടെ സഹായത്തോടെ പണം സമാഹരിച്ചാണ് വനവാസി സ്ത്രീകള്‍ക്ക് കുടനിര്‍മാണത്തിന് തമ്പ് ആദ്യകാലത്ത് പരിശീലനം നല്‍കിയത്. രണ്ട് കൊല്ലത്തിനുള്ളില്‍ ആ പണം തിരികെ നല്കാന് കാര്‍ത്തുമ്പികുടകളുടെ വിപണനം കൊണ്ടുകഴിഞ്ഞു.
ആദ്യഘട്ട പഠനം കഴിഞ്ഞവരില്‍ മിടുക്കരായ ഏഴുപേര്‍ക്ക് വിദഗ്ധ പരിശീലനം നല്കി. അവര്‍ മറ്റുള്ളവര്‍ക്ക് പരിശീലകരായി. ഇതിനകം തന്നെ എണ്ണൂറോളം വനവാസി സ്ത്രീകള്‍ കുടനിര്‍മാണം കുടില്‍വ്യവസായമാക്കി. നിലവില്‍ 16 ഊരില്‍ നിന്നുള്ള 26 പേരാണ് കാര്‍ത്തുമ്പി കുടകള്‍ നിര്‍മിക്കുന്നത്. അഗളിയിലെ തമ്പിന്റെ ഓഫീസില്‍ തുടങ്ങിയ കുടനിര്‍മാണം ഇപ്പോള്‍ ഓരോ കൂരയിലേക്കും പടര്‍ന്നിരിക്കുന്നു. പകല്‍ നേരം തൊഴിലുറപ്പ് അടക്കമുള്ള ജോലികള്‍ ചെയ്ത് ശേഷിക്കുന്ന സമയമാണ് കുട നിര്‍മിക്കാന്‍ എടുക്കുന്നത്. ഒരാള്‍ ഒരു ദിവസം പത്ത് കുട ഉണ്ടാക്കും.
സാധാരണ കുടകള്‍ നിര്‍മിക്കുന്നവര്‍ക്ക് കമ്പനികള്‍ നല്‍കാറുള്ളത് ഒരു കുടയ്ക്ക് എട്ടു മുതല്‍ 15 രൂപവരെയാണ് എന്നാലിവിടെ 30 രൂപ കിട്ടും. ജീവിതം സുരക്ഷിതമാക്കാനും മക്കളുടെ പഠനത്തിനുമൊക്കെ അതുപകരിക്കും. കുട വിറ്റ് സ്വന്തമായി വാഹനം വാങ്ങിയവരും ഉണ്ട്. കാര്‍ത്തുമ്പിക്കൊപ്പം സര്‍ക്കാര്‍ സഹായം കൂടിയായപ്പോള്‍ വീട് സുരക്ഷിതമാക്കിയവരുണ്ട്.
ഈ സീസണില്‍ രണ്ടായിരം കുടകളാണ് നിര്‍മിച്ചത്. 350 രൂപയാണ് വില. ഗുണവും മെച്ചം. ആവശ്യക്കാരും ഏറെ. കുടവിറ്റുകിട്ടുന്ന ലാഭം മുഴുവന്‍ ‘കാര്‍ത്തുമ്പികള്‍ക്ക്’ തന്നെ. പത്ത് കൊല്ലത്തിനിടെ പണിക്കൂലിയിനത്തില്‍ മാത്രം ലാഭവിഹിതമായി ലഭിച്ച 50 ലക്ഷത്തോളം രൂപ ഇവരുടെ അക്കൗണ്ടുകളില്‍ എത്തി.
കൂടുതല്‍ പേരിലേക്ക് കുടനിര്‍മാണം എത്തിക്കാനുള്ള ശ്രമത്തിലാണ് തമ്പ്. സാധനങ്ങളുടെ വില കൂടിയത് പ്രശ്നമാണ്. ഓര്‍ഡറുകള്‍ കൂടുതല്‍ വന്നാല്‍ 60 സ്ത്രീകള്‍ കുടനിര്‍മാണത്തിനായി സജ്ജരായുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഊരിലുണ്ടാക്കിയ ആഹ്ലാദം ചെറുതല്ല. കാര്‍ത്തുമ്പികള്‍ക്ക് ലോകമാകെ ആരാധകരേറുകയാണ്. ഊരിന്റെ പ്രതീക്ഷകളും ഉയരെ പറക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: