കൊച്ചി: കേരളവും ബിജെപിക്കനുകൂലമായി പാകപ്പെട്ടു കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ വന്‍ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഒരു സീറ്റില്‍ ജയിക്കാനും ഒന്നിലധികം സീറ്റുകളില്‍ ജയത്തിനടുത്തെത്തിയതും 20 ശതമാനത്തിനടുത്ത് വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചതും കേരള ജനത ബിജെപിക്കനുകൂലമായി മാറിയതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയില്‍ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 60 നിയമസഭ മണ്ഡലങ്ങളില്‍ എന്‍ഡിഎയ്‌ക്ക് 35,000 മുതല്‍ 75000 വരെ വോട്ടുകള്‍ ലഭിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റമാണ് പാര്‍ട്ടിക്ക് നടത്താന്‍ കഴിഞ്ഞത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അടിസ്ഥാന വോട്ടുകളും കരസ്ഥമാക്കാന്‍ കഴിഞ്ഞു. ഇത് 2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ കൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ പോരാട്ടങ്ങള്‍ ഫലം കണ്ടിരിക്കുന്നു. പിണറായി വിജയനും പാര്‍ട്ടിക്കാരും നടത്തിയ മുഴുവന്‍ കൊള്ളയും പുറത്തുകൊണ്ടുവരും. ജനവിരുദ്ധ സര്‍ക്കാരിനെ തുറന്നുകാട്ടും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വലിയ സമരങ്ങളുണ്ടാവും. ഡിലിമിറ്റേഷന്‍ ബില്‍ ജനവിധി അട്ടിമറിക്കാനാണ്. യുഡിഎഫ് അതിനെ പിന്തുണയ്‌ക്കുകയാണ്. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ വിജയമാണ് തൃശ്ശൂരില്‍ ഉണ്ടായതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തൃശ്ശൂരില്‍ എത്തി. ജനങ്ങളുടെ മനസില്‍ വലിയ മാറ്റമുണ്ടായതിന്റെ ഫലമാണ് തെരഞ്ഞെടുപ്പു വിജയമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ വലിയ മുന്നേറ്റമാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാന്‍ കാരണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ – ഫിഷറീസ് – മൃഗസംരക്ഷണ വകുപ്പു സഹമന്ത്രി ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന നേതൃയോഗത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്. സി. കൃഷ്ണകുമാര്‍, അഡ്വ. പി. സുധീര്‍, നേതാക്കളായ പദ്മജ വേണുഗോപാല്‍, പി.സി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: