തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ കബളിപ്പിച്ച് ഗ്രാന്റുകള്‍ നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പിടികൂടിയതോടെയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവിറക്കിയത്. ഇതിന്റെ തെളിവുകളും പുറത്തുവന്നു.
2018 മുതല്‍ തന്നെ പേര് മാറ്റം സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ബ്രാന്റിങ് നടപ്പിലാക്കി എന്ന് ആരോഗ്യവകുപ്പ് സമ്മതിച്ചിരുന്നു. സംസ്ഥാനത്തെ 6903 സ്ഥാപനങ്ങളില്‍ കോ ബ്രാന്‍ഡിങ് സാധ്യമായത് 6298 ആണെന്നും അതില്‍ 6147 എണ്ണത്തിലും പൂര്‍ത്തിയാക്കിയെന്നുമാണ് നിയമസഭയില്‍ മറുപടി നല്‍കിയത്.
എന്നാല്‍ കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമായി ആശുപത്രികളിലെ ബോര്‍ഡിന് പകരം ചുവരുകളില്‍ പോസ്റ്റര്‍ മാതൃകയിലാണ് പേര് രേഖപ്പെടുത്തിയത്. ഇത് ആയുഷ്മാന്‍ പോര്‍ട്ടലില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തി. ഇതോടെ ഫണ്ട് നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരും നിലപാടെടുത്തു. പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
പുതിയ ഉത്തരവിലൂടെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാനരഹിതമായ പ്രചരണമാണെന്ന ന്യായീകരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തി. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും.
നെയിം ബോര്‍ഡുകളില്‍ ആ പേരുകളാണ് ഉണ്ടാകുക. ബ്രാന്‍ഡിങിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’, ‘ആരോഗ്യം പരമം ധനം’ എന്നീ ടാഗ് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നതെന്നാണ് ആരോഗ്യ മന്ത്രിയുടെ ന്യായീകരണം. അതേസമയം ആരോഗ്യ സ്ഥാപനങ്ങളുടെ പേരുകള്‍ക്കൊപ്പം ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന് ചേര്‍ക്കണമെന്ന് ഉത്തരവിലെ ഒന്നാമത്തെ ഖണ്ഡികയില്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: