തിരുവനന്തപുരം: പരിവര്‍ത്തിത ക്രൈസ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ സംവരണം നല്‍കുന്നുണ്ടെന്നും മന്ത്രി ഒ.ആര്.കേളു സഭയില്‍ പറഞ്ഞു. പ്രമോദ് നാരായണന് അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ സര്‍വീസില്‍ ക്ലാസ് 4 തസ്തികയില്‍ രണ്ട് ശതമാനവും ക്ലാസ് 4 ഒഴികെയുള്ള തസ്തികയില്‍ ഒരു ശതമാനവും സംവരണം നല്കുന്നു. പോസ്റ്റ്മെട്രിക് വിദ്യാഭ്യാസ മേഖലയില്‍ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ആര്‍ട്സ് ആന്‍ഡ് സയന്‍സ് എന്നിവയില്‍ ഒരു ശതമാനവും പ്രൊഫഷണല്‍ ബിരുദ കോഴ്സുകള്‍ക്കും മെഡിക്കല്‍ പിജി, എംടെക് എന്നിവയ്ക്കും ഒരു ശതമാനവും സ്കൂള്‍ കോളജ് അഡ്മിഷനില്‍ പട്ടികജാതി വിഭാഗത്തിന്റെ അഭാവത്തില്‍ ഒഇസി വിഭാഗത്തില്‍പ്പെടുത്തിയും സംവരണം നല്‍കുന്നുണ്ട്.
9-10 ക്ലാസുകളിലെ കുട്ടികള്‍ക്ക് 2023 മുതല്‍ ഒഇസി ഗ്രാന്റിനു പുറമെ പ്രീമെട്രിക് സ്കോളര്‍ഷിപ്പുകള്‍ക്കും നടപടി സ്വീകരിച്ചുവരുന്നുണ്ട്. 10-ാം ക്ലാസിനു ശേഷം ഈ വിഭാഗങ്ങള്‍ക്ക് പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഐഎഎസ്, മെഡിക്കല്‍, എന്‍ജിനീയറിങ് ഉള്‍പ്പെടെ വിവിധ മത്സര പരീക്ഷകളില്‍ ധനസഹായം നല്‍കുന്നുണ്ട്. എല്‍എല്‍ബി കഴിഞ്ഞവര്‍ക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിന് മൂന്ന് വര്‍ഷം ഗ്രാന്റും വിദേശ പഠനത്തിന് 10 ലക്ഷം ഗ്രാന്റും നല്‍കുന്നുണ്ട്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വിഭാഗ വികസന കോര്‍പറേഷനും നിരവധി പദ്ധതികള്‍ നിലവില്‍ നടപ്പാക്കിയിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ വായ്പ പദ്ധതികളും സ്റ്റാര്‍ട്ടപ്പ് വായ്പകളും നല്കിവരുന്നു. പരിവര്‍ത്തിത ശിപാര്‍ശിത വിഭാഗ പെണ്‍കുട്ടികള്‍ക്ക് 3.5 ശതമാനം പലിശ നിരക്കിലും ആണ്‍കുട്ടികള്‍ക്ക് 4 ശതമാനം പലിശ നിരക്കിലും 10 ലക്ഷം രൂപവരെ വിദേശ പഠന വായ്പയും നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: