ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ സ്ഥാപിച്ച ചെങ്കോല്‍ രാജാധിപത്യത്തിന്റെ പ്രതീകമാണെന്ന് ആരോപിച്ച് സമാജ്വാദി പാര്‍ട്ടി (എസ്പി) പാര്‍ലമെന്റ് അംഗം ആര്.കെ. ചൗധരി. ചരിത്രത്തോടും സംസ്കാരത്തോടും ഒരു ബഹുമാനവും കാട്ടാത്തവരാണ് സമാജ് വാദി പാര്‍ട്ടിയെന്ന് തിരിച്ചടിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആര്.കെ. ചൗധരിയുടെ പരാമര്‍ശങ്ങള്‍ അപലപനീയവും അറിവില്ലായ്മയുമാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
ഭാരതീയ ജീവിതത്തോട്, പ്രത്യേകിച്ച് തമിഴ് സംസ്കൃതിയോടുള്ള ഇന്‍ഡി മുന്നണിയുടെ വെറുപ്പാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നത്. ചെങ്കോല്‍ ഭാരതത്തിന്റെ അഭിമാനമാണ്. പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചത് ധര്മ്മദണ്ഡിന്റെ പ്രതീകമായാണ്, യോഗി ആദിത്യനാഥ് പറഞ്ഞു.
ഭരണഘടനയ്ക്ക് മേല്‍ ചെങ്കോലിനെ പ്രതിഷ്ഠിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്ന് പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടിയ എസ്പി എംപി ചൗധരി ഭരണഘടനയെ സംരക്ഷിക്കാന്‍ ചെങ്കോല്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പ്രസ്താവന വിവാദമായതോടെ അതിനെ ന്യായീകരിച്ച് എസ്പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. പ്രധാനമന്ത്രി ചെങ്കോലിന് മുന്നില്‍ തലകുനിച്ചെന്നും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അദ്ദേഹം അത് മറന്നുവെന്നുമാണ് യാദവ് പറഞ്ഞത്. പാര്‍ലമെന്റില്‍ നിന്ന് ചെങ്കോല്‍ നീക്കണമെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും ആവശ്യപ്പെട്ടു.
അതേസമയം എസ്പിയുടെ നിലപാടിനെ അപലപിച്ച ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല പവിത്രമായ തമിഴ് സംസ്കൃതിയെ അപമാനിക്കുകയാണ് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി. അതിരുകടന്നതും വിചിത്രവുമായ ആവശ്യമാണ് ഇന്‍ഡി മുന്നണി നേതാക്കളുടേതെന്ന് ബിജെപി നേതാവ് സി.ആര്. കേശവനും കുറ്റപ്പെടുത്തി. മുഴുവന്‍ ഭാരതീയരെയുമാണ് അവര്‍ അപമാനിക്കുന്നത്. അതിനായി അവര്‍ പാര്‍ലമെന്റിന്റെ പവിത്രതയെ യും രാഷ്ട്രപതിയുടെ ഓഫീസിനെയും ചോദ്യം ചെയ്തുവെന്ന് കേശവന് പറഞ്ഞു.
സഭയില്‍ ചെങ്കോല്‍ സ്ഥാപിച്ചപ്പോള്‍ സമാജ് വാദിക്കാര്‍ എവിടെയായിരുന്നുവെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ ചോദിച്ചു. പാര്‍ലമെന്ററി പാരമ്പര്യം അറിഞ്ഞ് സംസാരിക്കണമെന്ന് കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: