കൊച്ചി: ഒരാള്‍ ജോലി അന്വേഷിച്ച് പാകിസ്ഥാനിലേക്ക് പോയതുകൊണ്ട് മാത്രം, 1971 ലെ ഡിഫന്‍സ് ഓഫ് ഇന്ത്യ ചട്ടപ്രകാരം അയാളെ ശത്രുവായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. ഭാരത പൗരനല്ലെന്നു ചൂണ്ടിക്കാട്ടി വസ്തുവിന്റെ അടിസ്ഥാന നികുതി സ്വീകരിക്കാത്ത വില്ലേജ് ഓഫീസറുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്.
പാകിസ്ഥാനിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഹര്‍ജിക്കാരന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള വസ്തു ശത്രു സ്വത്തില്പ്പെട്ടതാണെന്ന് കണ്ടെത്തുന്ന നടപടിയും ഹര്‍ജിയില്‍ ചോദ്യം ചെയ്തു. ചട്ടപ്രകാരം ‘ശത്രു’വുമായി വ്യാപാരം നടത്തുന്നതിനോ ശത്രു സ്ഥാപനത്തിന്റെ ഭാഗമാകുന്നതിനോ പരിമിതികളുണ്ട്. ഹര്‍ജിക്കാരന്റെ അച്ഛന് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. മലപ്പുറത്തെ പരപ്പനങ്ങാടി സ്വദേശിയായ അച്ഛന് കറാച്ചിയില്‍ കുറച്ചുകാലമേ ജോലി ചെയ്തിട്ടുള്ളൂ. പാകിസ്ഥാന് പൗരനാണെന്ന് പറഞ്ഞ് പോലീസ് നിരന്തരം വേട്ടയാടുകയായിരുന്നു. പൗരത്വ നിയമപ്രകാരം ദേശീയ പദവി നിര്‍ണയിക്കാന്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയും ഭാരത പൗരനായി തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
1962ലെ ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട്, 1971ലെ ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് എന്നിവയിലെ ശത്രുവിന്റെ നിര്‍വചനം കോടതി പിന്നീട് പരിശോധിച്ചു. ഈ രണ്ട് നിയമങ്ങളും ‘ശത്രു’വിനെ നിര്‍വചിക്കുന്നത് ഭാരതത്തിനെതിരെ ബാഹ്യ ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ടാണെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: