ഫ്രാങ്ക്ഫര്‍ട്ട്: പുലര്‍ച്ചെ ആരംഭിച്ച ജര്‍മനി-സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടത്തോടെ യൂറോ കപ്പ് 2024ന് കൂടുതല്‍ ചുടുപിടിച്ചുതുടങ്ങി. ഇനിയങ്ങോട്ട് വിധി നിര്‍ണയിക്കുന്ന പോരാട്ടങ്ങളാണ്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ജര്‍മനി സേഫ് ആണ്. ആദ്യ രണ്ട് മത്സരവും സ്വന്തമാക്കി ആറ് പോയിന്റുമായി നോക്കൗട്ട് ഉറപ്പിച്ചുകഴിഞ്ഞു.
ഗ്രൂപ്പ് ബിയില്‍ സ്പെയിന് ആണ് രണ്ട് മത്സര വിജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്നത്. ഇതേ ഗ്രൂപ്പില്‍ ഉള്ള നിലവിലെ ജേതാക്കളായ ഇറ്റലി നിലവില്‍ രണ്ടാം സ്ഥാനത്താണ്. പക്ഷെ ഇന്ന് ക്രൊയേഷ്യയ്ക്കെതിരായ പോരാട്ടം നിര്‍ണായകമാകും. ഇന്ന് രാത്രി 12.30നാണ് ഗ്രൂപ്പ് ബിയിലെ അവാസന റൗണ്ട് മത്സരങ്ങള്‍. ഇറ്റലി തോറ്റാല്‍ പുറത്താകും. ജയത്തിലൂടെ ക്രൊയേഷ്യ നാല് പോയിന്റോടെ മുന്നേറാനാകും. പക്ഷെ ഇതേ സമയത്ത് സ്പെയിനെ അല്‍ബേനിയ അട്ടിമറിച്ചാല്‍ ഗോള്‍ വ്യത്യാസം പരിഗണിക്കേണ്ടിവരും.
ഗ്രൂപ്പ് സിയിലേക്ക് വരികയാണെങ്കില്‍ രണ്ട് റൗണ്ട് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആര്‍ക്കും മുന്നേറ്റം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. നാല് പോയിന്റുമായി ഇംഗ്ലണ്ട് ആണ് മുന്നില്‍. ഡെന്മാര്ക്കും സ്ലൊവേനിയയും രണ്ട് വീതം പോയിന്റ് നേടിയിട്ടുണ്ട്.
ഗ്രൂപ്പ് ഡിയില്‍ സമാനമായ സ്ഥിതി തന്നെ. നിലവില്‍ ഒന്നാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്സിനും രണ്ടാമതുള്ള ഫ്രാന്‍സിനും നാല് വീതം പോയിന്റാണുള്ളത്. മൂന്നാമതുള്ള ഓസ്ട്രിയയ്ക്ക് മൂന്ന് പോയിന്റാണുള്ളത്. ഇവിടെ പോളണ്ട് പുറത്തായിക്കഴിഞ്ഞു.
ഗ്രൂപ്പ് ഇയിലേക്ക് വരികയാണെങ്കില്‍ റൊമേനിയ, ബെല്‍ജിയം, സ്ലോവാക്യ, ഉക്രൈന് എന്നീ നാല് ടീമുകള്‍ക്കും മൂന്ന് വീതം പോയിന്റുകളുണ്ട്. ഗ്രൂപ്പ് എഫില്‍ രണ്ട് ജയത്തോടെ പോര്‍ച്ചുഗല്‍ നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയിട്ടുണ്ട്. തോര്ക്കിയാണ് ഇവിടെ മൂന്ന് പോയിന്റുമായി രണ്ടാമത്. ചെക്കിനും ജോര്‍ജിയയ്ക്കും ഓരോ പോയിന്റ് വീതമുണ്ട്. വ്യാഴാഴ്ച്ചയോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: