ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആര്‍എല്‍വി എല്‍ഇഎക്സ് 03 – റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ ലാന്‍ഡിങ് എക്സ്പിരിമെന്റ് 03) പുഷ്പകിന്റെ മൂന്നാം ലാന്‍ഡിങ് പരീക്ഷണവും വിജയമെന്ന് ഐഎസ്ആര്‍ഒ. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഡിആര്‍ഡിഒ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ ഇന്നലെ രാവിലെ 7.10നായിരുന്നു പരീക്ഷണം.
ആര്‍എല്‍വി പുഷ്പകിനെ വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററില്‍ നാലര കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ചശേഷം താഴേക്ക് ഇടുകയായിരുന്നു. പേടകം സ്വയം ദിശയും വേഗവും നിയന്ത്രിച്ചാണ് റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത്. യാത്രാപഥം കൃത്യമായി പഠിക്കാനായി സ്മോക്ക് ട്രാക്കിങ് സിസ്റ്റവും ദൗത്യത്തില്‍ ഉപയോഗിച്ചിരുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു.
ആര്‍എല്‍വിയെ ബഹിരാകാശത്തേക്ക് അയക്കുന്ന ഓര്‍ബിറ്റല്‍ റീ എന്‍ട്രി പരീക്ഷണമാണ് അടുത്ത ലക്ഷ്യം. നേരത്തെ രണ്ടു തവണ പുഷ്പകിന്റെ ലാന്‍ഡിങ് പരീക്ഷണം നടത്തിയിരുന്നു. മാര്‍ച്ച് 22നായിരുന്നു രണ്ടാമത്തെ പരീക്ഷണം. ആദ്യത്തേത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനും. മൂന്ന് പരീക്ഷണങ്ങളിലും ഒരേ പേടകമാണ് ഉപയോഗിച്ചത്.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഐഎസ്ആര്‍ഒയുടെ സ്പെയ്സ് പ്ലെയിന്‍ ആയി ഈ പ്ലാറ്റ്ഫോമിനെ മാറ്റുകയാണ് ലക്ഷ്യം. ഏറ്റവും മികച്ച രീതിയില്‍ ബഹിരാകാശ ദൗത്യം നടത്താനായി ഭാരതം തദ്ദേശീയമായി നിര്‍മിച്ചതാണ് പുഷ്പക്. ഭാവിയില്‍ ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിരിക്കും ഇവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: