ചണ്ഡീഗഡ്: പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിപുലമായ തിരച്ചിലിൽ പഞ്ചാബിൽ നിന്ന് രണ്ട് ചൈനീസ് നിർമ്മിത പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെടുത്തതായി ബിഎസ്എഫ് അറിയിച്ചു.
അമൃത്സർ ജില്ലയിലെ രത്തൻഖുർദ് ഗ്രാമത്തിൽ നിന്നാണ് ബിഎസ്എഫ് ആദ്യ ഡ്രോൺ കണ്ടെടുത്തത്. രണ്ടാമത്തെ സംഭവത്തിൽ തരൺ തരൺ ജില്ലയിലെ ദാൽ ഗ്രാമത്തിൽ നിന്ന് സൈന്യവും പഞ്ചാബ് പോലീസും സംയുക്തമായി ഒരു ഡ്രോൺ കണ്ടെടുക്കുകയായിരുന്നു. രണ്ട് ഡ്രോണുകളും ചൈനീസ് നിർമ്മിത DJI Mavic 3 ക്ലാസിക് മോഡലുകളാണ്.
ബിഎസ്എഫ് സൈനികരുടെ വിശ്വസനീയമായ വിവരവും വേഗത്തിലുള്ള പ്രവർത്തനവും മൂലം അതിർത്തിക്കപ്പുറത്ത് നിന്ന് പഞ്ചാബിൽ ഡ്രോൺ നുഴഞ്ഞുകയറ്റത്തിനുള്ള മറ്റൊരു ശ്രമത്തെ പരാജയപ്പെടുത്തിയതായി ബിഎസ്എഫ് പറഞ്ഞു.
2023ൽ ബിഎസ്എഫ് 107 ഡ്രോണുകൾ കണ്ടെത്തി വെടിവെച്ച് വീഴ്ത്തുകയും 442.395 കിലോ ഹെറോയിൻ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ വർഷം പഞ്ചാബ് അതിർത്തിയിലെ ബിഎസ്എഫ് സൈനികർ അശ്രദ്ധമായി അന്താരാഷ്ട്ര അതിർത്തി കടന്നെത്തിയ 12 പാകിസ്ഥാൻ പൗരന്മാരെ പാകിസ്ഥാൻ റേഞ്ചേഴ്സിന് കൈമാറിയിരുന്നു.
പഞ്ചാബിലെ 553 കിലോമീറ്റർ ദൈർഘ്യമുള്ള വ്യത്യസ്തവും കഠിനവും വെല്ലുവിളി നിറഞ്ഞതുമായ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സംരക്ഷിക്കുന്നതിന്റെ ചുമതല ബിഎസ്എഫ് സേനയ്ക്കാണുള്ളത്.
പ്രതികൂല കാലാവസ്ഥയും കള്ളക്കടത്തിന്റെ കുത്തൊഴുക്കും ഉൾപ്പെടെ എണ്ണമറ്റ വെല്ലുവിളികളെ അതിജീവിച്ച് ബിഎസ്എഫ് ഭടന്മാർ അചഞ്ചലമായ സമർപ്പണത്തോടെ രാപ്പകലില്ലാതെ അതിർത്തികൾ കാക്കുന്നുണ്ടെന്ന് മുതിർന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: