കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ, ജമ്മു കശ്മീരിലെ പാക്കിസ്ഥാന് പിന്തുണയോടെയുള്ള ഭീകരവാദത്തിന്റെ ഫലമായി ജീവന് നഷ്ടമായത് അയ്യായിരത്തിലധികം സൈനികര്‍ക്കാണെന്നാണ് കണക്ക്. ഇതിലേറെയും 1990 മുതല്‍ 2002 വരെ നീണ്ട വലിയ സംഘര്‍ഷകാലത്താണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കശ്മീരില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണത്തിലധികമാണ് രാജ്യത്തെ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ ജീവന് നഷ്ടമായ സൈനികരുടെ എണ്ണം എന്നത് ഗൗരവകരമായ വിഷയമാണ്. 2000-2024 കാലഘട്ടത്തില്‍ 3,500ലേറെ അര്‍ദ്ധസൈനിക-പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് നക്സല്‍ മേഖലകളില്‍ ജീവന് നഷ്ടമായത്. എണ്ണായിരത്തോളം ഗ്രാമീണരും മാവോയിസ്റ്റുകള്ക്കിരയായി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് നക്സലിസം എത്ര വലിയ ഭീഷണിയാണെന്നതിന്റെ തെളിവാണിത്. മാവോയിസ്റ്റ് ഭീകരര്‍ക്കെതിരെ വലിയ പോരാട്ടമാണ് കേന്ദ്രസര്‍ക്കാരും സുരക്ഷാ ഏജന്‍സികളും രാജ്യത്ത് ആരംഭിച്ചിരിക്കുന്നത്. ദണ്ഡകാരണ്യ വനങ്ങളിലെ പാവപ്പെട്ട ആദിവാസികളെ മുന്നില്‍ നിര്‍ത്തി മഹാനഗരങ്ങളിലെ സുഖസൗകര്യങ്ങളില്‍ ജീവിക്കുന്ന അര്‍ബന്‍ നക്സലുകള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന തീവ്ര ഇടതു ബുദ്ധിജീവിക്കൂട്ടങ്ങള്ക്ക് എതിരെ കൂടിയാണ് ഈ പോരാട്ടം. ഭാരതത്തെ വരുന്ന രണ്ട് മൂന്നു കൊല്ലങ്ങള്‍ക്കുള്ളില്‍ മാവോയിസ്റ്റ് ഭീഷണികളില്‍ നിന്ന് മുക്തമാക്കും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ മാവോയിസ്റ്റ് ഓപ്പറേഷനുകള്‍ കൂടുതല്‍ ചര്‍ച്ചയായത്. ഛത്തീസ്ഗഡിലെ തെക്കന്‍ മേഖലയിലെ ദന്തേവാഡ, ബസ്തര്‍, സുക്മ മേഖലകളില്‍ വലിയ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഛത്തീസ്ഗഡിലെ മൂന്നു നാലു ജില്ലകളില്‍ മാത്രമായി ഒതുങ്ങിയ രാജ്യത്തെ മാവോയിസ്റ്റ് ഭീഷണിയെ പരിഹരിക്കാനാവാത്ത പ്രശ്നമായി ഇനിയും കാലാകാലം കൊണ്ടുപോകേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഒരുകാലത്ത് നക്സലിസം ശക്തിപ്രാപിച്ചിരുന്ന ഝാര്‍ഖണ്ഡ്, ബീഹാര്‍, തെലങ്കാന, ഒഡീഷ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ അവരുടെ സ്വാധീന മേഖലകള്‍ ഇന്നില്ലാതായിക്കഴിഞ്ഞു. ആദിവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നിരവധി ക്ഷേമ പദ്ധതികള്‍ ഫലം കണ്ടുവെന്ന് തന്നെയാണ് ഈ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് സ്വാധീനം കുറയുന്നതിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നതും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്‍ക്കത്തയില്‍ വെച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് 2-3 വര്‍ഷത്തിനുള്ളില്‍ നക്സല്‍ ഭീഷണി രാജ്യത്തുനിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കാനാവുമെന്ന പ്രഖ്യാപനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയത്.
‘കീഴടങ്ങുക; അല്ലെങ്കില്‍ വേരോടെ ഇല്ലാതാക്കും’, ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള മാവോയിസ്റ്റ് സ്വാധീന മേഖലയായ കാങ്കറില്‍ ഏപ്രില്‍ 22ന് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ അമിത് ഷാ മാവോയിസ്റ്റുകള്‍ക്ക് അന്തിമ മുന്നറിയിപ്പ് നല്കി. ഈ പ്രസംഗത്തിന് ആറു ദിവസങ്ങള്‍ക്ക് മുമ്പ് കാങ്കറില്‍ വലിയ സൈനിക നടപടിയാണ് മാവോയിസ്റ്റുകള്‍ക്കെതിരെ നടന്നത്. 29 മാവോയിസ്റ്റുകളാണ് ഏപ്രില്‍ 16ന് നടന്ന സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. ബിഎസ്എഫും ജില്ലാ റിസര്‍വ്വ് ഗാര്‍ഡും സംയുക്തമായി നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിലാണ് ഇത്രയധികം മാവോയിസ്റ്റുകളെ വധിക്കാനായത്. കാങ്കര്‍-നാരായണ്‍പൂര്‍ ജില്ലാ അതിര്‍ത്തിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലെ വലിയ വിജയം മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് സുരക്ഷാ സേനകള്‍ക്ക് ആവേശം പകര്‍ന്നു.
ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി ആറു മാസത്തിനുള്ളില്‍ 136 നക്സലുകളെ വധിക്കുകയും 375 പേര് കീഴടങ്ങുകയും 153 പേര് അറസ്റ്റിലാവുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകളെ കൊന്നൊടുക്കുക എന്നതല്ല സര്‍ക്കാര്‍ നയമെന്നും കീഴടങ്ങുന്നവരുടെ പുനരധിവാസം അടക്കമുള്ള നിരവധി നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ വിജയ് ശര്‍മ്മ പറഞ്ഞു. കീഴടങ്ങുന്നവരുടെ പുനരധിവാസം, അവര്‍ക്ക് എല്ലാവിധ സര്‍ക്കാര്‍ സംരക്ഷണവും ഏര്‍പ്പെടുത്തുക, കീഴടങ്ങല്‍ നയം നടപ്പാക്കുക, നക്സലിസന്റെ ഇരകള്‍ക്കായി പ്രത്യേക ആശ്വാസ നടപടികള്‍ സ്വീകരിക്കുക, പുതിയ ആളുകളെ നക്സലിസത്തിലേക്ക് സ്വാധീനിക്കുന്നത് പൂര്‍ണ്ണമായും തടയുക എന്നിവയെല്ലാം ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുകയാണെന്ന് വിജയ് ശര്‍മ്മ വ്യക്തമാക്കുന്നു. മൂന്നുവര്‍ഷത്തെ പദ്ധതിയാണിത്. മാവോയിസ്റ്റ് കേന്ദ്രങ്ങളിലെ ജന്‍ അദാലത്ത്(ജനകീയ കോടതി) എന്ന നക്സല്‍ ഭരണ സംവിധാനത്തിലൂടെ നിരപരാധികളായ നൂറുകണക്കിന് ഗ്രാമീണരെയാണ് നക്സലേറ്റുകള്‍ വിചാരണ നടത്തി കൊന്നൊടുക്കിയത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ബസ്തറിലെ വനത്തിനുള്ളിലൂടെ തോക്കും തൂക്കി നടക്കുന്ന മാവോയിസ്റ്റ് സ്വാധീനത്തില്‍പെട്ട ചെറുപ്പക്കാര്‍ കീഴടങ്ങിയപ്പോള്‍ ടെലിവിഷന്‍ പോലും ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത അവരെ പുനരധിവസിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയല്ലേ, വിജയ് ശര്‍മ്മ ചോദിക്കുന്നു. അവശേഷിക്കുന്ന 85 ശതമാനം നക്സലുകളും അതില്‍നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും എന്നാല്‍ മാവോയിസ്റ്റ് നേതാക്കള്‍ അതനുവദിക്കുന്നില്ലെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി പറയുന്നു.
കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളാ പോലീസിന്റെ ഭീകരവാദവിരുദ്ധ സേനയായ തണ്ടര്‍ബോള്‍ട്ടുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 8 മാവോയിസ്റ്റുകളാണ്. തമിഴ്നാട്ടിലും ആന്ധ്രയിലും മാവോയിസ്റ്റ് സ്വാധീനം ഏറെ കുറഞ്ഞു. കര്‍ണ്ണാടക വളരെ മുന്നേതന്നെ മാവോയിസ്റ്റ് ഭീകരതയില്‍ നിന്ന് മുക്തി നേടി. ബീഹാറിലും ബംഗാളിലും നക്സലിസം പഴങ്കഥകളായിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ ചില മേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും അവര്‍ക്ക് യാതൊരു തരത്തിലും വിജയിക്കാനാവുന്നില്ല. ഝാര്‍ഖണ്ഡിലെ ബൊക്കാറോയിലും ചത്രയിലും കുന്തിയിലും റാഞ്ചിയിലുമടക്കം മാവോയിസ്റ്റ് സ്വാധീനം ഏറെക്കുറെ ഇല്ലാതായി.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ 180 ജില്ലകളിലായി സ്വാധീനം പ്രാപിച്ച ചുവന്ന ഇടനാഴി കേരളം മുതല്‍ ചൈന വരെ നീണ്ടുകിടക്കുന്നതായിരുന്നുവെങ്കില് ഇന്നത് ഛത്തീസ്ഗഡിലെ നാലു ജില്ലകളില്‍ ഒതുങ്ങി. പത്തുവര്‍ഷത്തെ മോദിസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലൊന്നായി നമുക്കതിനെ കണക്കാക്കാം. മാവോയിസ്റ്റ് പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്കുന്ന അര്‍ബന്‍ നക്സലുകള്‍ എന്നറിയപ്പെടുന്ന രാജ്യവിരുദ്ധ ബുദ്ധിജീവി വര്‍ഗ്ഗത്തിനെതിരെ കൂടിയാണ് ഈ പോരാട്ടം. ജനാധിപത്യത്തെപ്പറ്റിയും ഭരണഘടനയെപ്പറ്റിയും നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്ന ഇക്കൂട്ടര്‍, രാജ്യത്തിനകത്ത് പ്രത്യേക ഭരണകൂടം സ്ഥാപിച്ച് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്കുന്ന വൈരുദ്ധ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അരുന്ധതി റോയിയെപ്പോലുള്ളവരുടെ പിന്തുണ മാവോയിസ്റ്റുകള്‍ക്ക് ഏതുതരം അക്രമണങ്ങളെയും ഭരണകൂട വിരുദ്ധ പ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കാന്‍ സഹായിക്കുന്നു. മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ അവരുടെ അതിഥികളായി പോയി അവരെ പുകഴ്ത്തി രാജ്യാന്തര മാധ്യമങ്ങളില്‍ ലേഖനങ്ങളെഴുതുകയും സര്‍ക്കാരുകള്‍ക്കെതിരെ പ്രചാരണം നടത്തുകയും ഭരണകൂടത്തിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സായുധ സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന അര്‍ബന്‍ നക്സല്‍ സംഘത്തിന്റെ അപ്രഖ്യാപിത നേതാവ് കൂടിയാണ് അരുന്ധതി റോയി. കശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ലെന്ന് പ്രഖ്യാപിച്ച് ദല്‍ഹിയില്‍ 2010ല്‍ നടന്ന പരിപാടിയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ കൂടി അടുത്തിടെ ചുമത്തപ്പെട്ടത് ശ്രദ്ധേയമായി. അരുന്ധതി റോയിക്ക് പുറമേ കശ്മീര്‍ കേന്ദ്രസര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ ഷെയ്ക് ഷൗക്കത്ത് ഹുസൈന്, കശ്മീര്‍ വിഘടനവാദി നേതാവ് സയിദ് അലിഷാ ഗിലാനി, ദല്‍ഹി സര്‍വ്വകലാശാല മുന്‍ അധ്യാപകന് സയിദ് അബ്ദുള്‍റഹ്മാന്‍ ഗിലാനി എന്നിവര്‍ക്കെതിരെ കൂടി യുഎപിഎ വകുപ്പുകള്‍ ഈ കേസില്‍ ചുമത്തിയിട്ടുണ്ട്. രണ്ട് ഗിലാനിമാരും മരിച്ചതിനാല്‍ അരുന്ധതി റോയിയും ഷൗക്കത്ത് ഹുസൈനും മാത്രമാകും യുഎപിഎ നടപടികള്‍ നേരിടേണ്ടിവരിക. എഫ്ഐആറില്‍ രാജ്യദ്രോഹ വകുപ്പുകള്‍ ദല്‍ഹി പോലീസ് ചുമത്തിയെങ്കിലും അന്നത്തെ യുപിഎ സര്‍ക്കാര്‍ അരുന്ധതി റോയിക്കും കശ്മീരി വിഘടനവാദികള്‍ക്കും അനൂകൂലമായ നടപടികളെടുക്കുകയായിരുന്നു. അന്നത്തെ ലഫ്. ഗവര്‍ണ്ണറെ ഉപയോഗിച്ച് യുഎപിഎ ചുമത്തുന്നതിന് എതിരായ നിലപാട് സ്വീകരിച്ചു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ഫയല്‍ പൊടിതട്ടിയെടുത്തു എന്നതാണ് ശ്രദ്ധേയം. വിഘടനവാദത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ വരും നാളുകളില്‍ നടപടികള്‍ ശക്തമാകുമെന്ന സന്ദേശം കൂടിയാണ് അരുന്ധതി റോയിക്കെതിരായ യുഎപിഎ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: