കടുത്ത ഇടതാണ് സിപിഎം എന്നു പറയേണ്ടതില്ലല്ലോ. അതില്‍ തന്നെ എം.വി. ജയരാജന് കടുകട്ടിയുമാണ്. പറഞ്ഞിട്ടെന്തു ഫലം. ആളുമാറി പോകുന്നു. ഇടതേത് വലതേത് എന്നു തിരിച്ചറിവില്ലായ്മ.
പോരാളി ഷാജിയെന്ന സൈബര്സംഘത്തിനെതിരേ നിലപാട് കടുപ്പിച്ചിരിക്കുന്നു സിപിഎം. പോരാളി ഷാജിയുടെ അഡ്മിന് ആരെന്ന് വെളിപ്പെടുത്തണമെന്നും മറനീക്കി പുറത്തുവരണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന് ആവശ്യപ്പെട്ടിരിക്കുന്നു. സൈബര്‍സംഘങ്ങളും സിപിഎമ്മുമായി പോരുകനത്തത് പാര്‍ട്ടി അണികളുടെ ഇടയിലും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ഇടതുപക്ഷമെന്ന് നമ്മള് കരുതുന്ന സാമൂഹികമാധ്യമത്തിലെ പല ഗ്രൂപ്പുകളെയും വിലയ്ക്കുവാങ്ങിയെന്നാണ് ജയരാജന് പറഞ്ഞത്. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര് തുടങ്ങിയ പേരുകള്‍ എടുത്തുപറയുകയും ചെയ്തു.
വൈകാതെ കടുത്തവിമര്‍ശനവുമായി പോരാളി ഷാജിയുടെ ഫെയ്സ്ബുക്ക് പേജില്‍ സിപിഎമ്മിനെതിരേ പോസ്റ്റുവന്നു.
‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടത്. ഞങ്ങള്‍ ആരുടെയും പൈസ വാങ്ങിയിട്ടുമില്ല, വാങ്ങുകയുമില്ല. പൈസവാങ്ങി കുനിഞ്ഞുനില്ക്കാന് ഞങ്ങള്‍ക്ക് ബിനാമി ബിസിനസുമില്ല. നേതാക്കള്‍ ദന്തഗോപുരങ്ങളില്‍നിന്നിറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിനുപറ്റില്ലെങ്കില്‍ ചെങ്കൊടി താഴെവച്ച് വല്ല പണിയുമെടുത്ത് ജീവിക്കുന്നതാണ് നല്ലത്’ എന്നായിരുന്നു കുറിപ്പിന്റെ ചുരുക്കം. പിന്നാലെയാണ് എം.വി. ജയരാജന് വ്യാഴാഴ്ച പത്രസമ്മേളനം നടത്തിയത്.
ജയരാജന് പറഞ്ഞത്
‘പോരാളി ഷാജിയെന്ന പേരില്‍ എത്ര പേജുകളുണ്ട്. യഥാര്‍ഥ പോരാളി ഷാജിയാണോ അതോ വ്യാജനാണോയെന്ന് നമുക്കറിയില്ല. അതിന്റെ അഡ്മിന് ആരാണ്. അയാള്‍ പുറത്തുവരട്ടെ. എല്‍ഡിഎഫിന് അനുകൂലമാണ് ഇവരുടെ നിലപാടെങ്കില്‍ ആരാണെന്ന് തുറന്നുപറയാന്‍ എന്താ അഡ്മിന് മടി?.
എന്റെ വാര്‍ത്താസമ്മേളനം കാണുന്ന പോരാളി ഷാജിയുടെ അഡ്മിന് ഇടതുപക്ഷ ആശയം നാട്ടില്‍ പ്രചരിപ്പിക്കുന്ന ആളാണെങ്കില്‍ പുറത്തുവരണം. ധൈര്യത്തോടെ പറയണം പോരാളി ഷാജി ആരാണെന്ന്. ഒരു പോരാളി ഷാജിയെക്കുറിച്ചും പാര്‍ട്ടിക്ക് അറിവില്ല. ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടുള്ള പോസ്റ്റുകളല്ല പലപ്പോഴും കൊടുക്കുന്നത്.
കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരില്‍ ഒറിജിനലുമുണ്ട് വ്യാജനുമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വ്യാജനില്‍ പാര്‍ട്ടിവിരുദ്ധമായ പോസ്റ്റുകള്‍ വരുന്നുണ്ട്. സംഘടനാകാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത് സാമൂഹികമാധ്യമങ്ങള്‍ വഴിയല്ല. ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല ജയരാജന് വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം തങ്ങളാണെന്ന എം.വി.ജയരാജന്റെ കുറ്റപ്പെടുത്തലിന് മറുപടിയുമായി ഇടത് സൈബര്‍ പേജായ പോരാളി ഷാജിയും രംഗത്തെത്തി. അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ് ഇടതുപക്ഷത്തിന്റ തോല്‍വിക്ക് കാരണമെന്നും തങ്ങളല്ല അതിന് കാരണമെന്നും ‘പോരാളി ഷാജി’ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നില്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ ഇടതുവിരുദ്ധ പ്രചാരണങ്ങളാണെന്നായിരുന്നു ജയരാജന് പറഞ്ഞത്. യുവാക്കള്‍ സാമൂഹ്യമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ ദുരന്തം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായി. ‘സാമൂഹിക മാധ്യമങ്ങളിലെ ഇടതുപക്ഷ അനുകൂല ഗ്രൂപ്പുകളെ വിലയ്ക്കെടുക്കുന്നുണ്ട്. ചെങ്കോട്ട, പോരാളി ഷാജി തുടങ്ങിയ ഗ്രൂപ്പുകളുടെ അഡ്മിന്മാര് വിലയ്ക്ക് വാങ്ങപ്പെടുന്നുണ്ട്. ആദ്യം ഇത്തരം ഗ്രൂപ്പുകളില്‍ ഇടതുപക്ഷ അനുകൂലമായ വാര്‍ത്തകള്‍ വരുമെങ്കിലും പിന്നീട് ഇടതുവിരുദ്ധ പോസ്റ്റുകള്‍ വരും. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്. ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കണം’ ജയരാജന് പറയുന്നു.
ഇതിന് പിന്നാലെയാണ് അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടതെന്ന തലക്കെട്ടില്‍ പോരാളി ഷാജി പേജില്‍ ജയരാജന് അക്കമിട്ട് മറുപടി നല്‍കിയിരിക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളില്‍ നിന്ന് താഴെയിറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിന് പറ്റില്ലെങ്കില്‍ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെവച്ച് വല്ല പണിയുമെടുത്ത് ജീവിക്കണമെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം ഇടത് തോല്‍വി സംബന്ധിച്ച് ഇടത് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും രണ്ടഭിപ്രായമാണ്. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞതിനെ തള്ളിക്കൊണ്ടാണ് ഇടത് സെക്രട്ടറി എം.വി. ഗോവിന്ദന് പെരിന്തല്‍മണ്ണയില്‍ നടത്തിയ പ്രസംഗം.
‘ഇം.എം.എസിന്റെ ലോകം’ ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
”രണ്ടാം പിണറായിസര്‍ക്കാര്‍ അധികാരത്തില്വന്നപ്പോളുള്ള പ്രവണതകളുണ്ട്. ആ പ്രവണത ഈ മുതലാളിത്തസമൂഹത്തില്‍ അരിച്ചരിച്ച് നമ്മുടെ പാര്ട്ടികേഡറുകളിലും നമ്മളിലെല്ലാംതന്നെ ഉണ്ടാവും. അതെല്ലാം തൂത്തെറിഞ്ഞുകൊണ്ടുമാത്രമേ നല്ല തിരുത്തലുകള്‍ നടത്താനാകൂ. സംഘടനാരംഗത്തും തിരുത്തലുകള്‍ വേണം” അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടു തോറ്റു എന്നകാര്യം നല്ലതുപോലെ കണ്ടുപിടിക്കണം. ഒരുപാട് അഭിപ്രായങ്ങള്‍ വരുന്നുണ്ട്. എല്ലാം ഞങ്ങള്‍ സ്വീകരിക്കുന്നു. എല്ലാം സൂക്ഷ്മമായിട്ട് പരിശോധിച്ച് എന്തൊക്കെ, ഏതൊക്കെ രീതിയിലാണ് നമ്മുടെ ഈ തോല്‍വിക്ക് അടിസ്ഥാനമായ കാര്യങ്ങളെന്ന് കണ്ടെത്തുകതന്നെ ചെയ്യും. നല്ലപോലെ തിരുത്തുമെന്നും ഒരു സംശയവും വേണ്ടെന്നും ഉറപ്പുനല്‍കിയാണ് എം.വി. ഗോവിന്ദന് പ്രസംഗം അവസാനിപ്പിച്ചത്.
തെരഞ്ഞെടുപ്പില്‍ നല്ലതുപോലെ തോറ്റു. തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതില്‍ കാര്യമില്ല. തോല്‍വിയുടെ കാരണം കണ്ടെത്തി തിരുത്തി മുന്നോട്ടുപോവും. 62 ലക്ഷം ആളുകള്‍ക്ക് കൊടുക്കേണ്ട പെന്ഷന് കൊടുത്ത് തീര്‍ക്കാനായിട്ടില്ല. അദ്ധ്യാപകര്‍ക്കുള്ള ഡി.എ പൂര്‍ണ്ണമായും കൊടുത്തിട്ടില്ല. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും കൊടുക്കാനായില്ല. കൈത്തറിത്തൊഴിലാളികള്‍, നെയ്ത്തു തൊഴിലാളികള്‍, കശുവണ്ടിത്തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് കൃത്യമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സാമ്പത്തിക പരാധീനത കാരണം നല്‍കാനായില്ല.
സംഘടനാപരമായ പ്രശ്നങ്ങളും വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്നു കരുതിയ പ്രവണതകള്‍ അരിച്ചരിച്ച് നമ്മുടെ കേഡര്‍മാരിലും പ്രകടമായി.
അതിന്റെ ചോര്‍ച്ച സംഭവിച്ചു. ബി.ജെ.പിക്ക് 10 വര്‍ഷം കൊണ്ട് ഇരട്ടിയോളം ശക്തിവന്നു. 2019മായി താരതമ്യം ചെയ്യുമ്പോള്‍ തൃശൂരില്‍ കോണ്‍ഗ്രസിന് 86,000 വോട്ടിന്റെ കുറവുണ്ടായി. എല്‍.ഡി.എഫിന് 16,000 വോട്ട് കൂടി. കിട്ടുമെന്ന വിചാരിച്ച 1,000 വോട്ടുകള്‍ കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുമുന്നണിയുടെ പ്രകടനത്തില്‍ വലിയ നിരാശയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കനത്ത നഷ്ടമാണ് പാര്‍ട്ടിയ്ക്കുണ്ടായത്. വിശദമായ പരിശോധന നടത്തി പിഴവുകള്‍ പരിഹരിച്ച് മുന്നോട്ട് പോവും. ഹിന്ദുത്വ അജന്‍ഡ മാത്രം ലക്ഷ്യമാക്കുന്ന നരേന്ദ്രമോദിക്ക് അധിക കാലം ഭരണത്തില്‍ തുടരാനാവില്ലെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. പക്ഷേ ഇടതേത് വലതേത് എന്ന് നിശ്ചയമില്ലാതെ നട്ടം തിരിയുന്ന പാര്‍ട്ടിയാണ് നരേന്ദ്രമോദിയുടെ അധികാരത്തെ കുറിച്ച് കാലം നിശ്ചയിക്കുന്നത്.
അതേ സമയം വെള്ളാപ്പള്ളി പറയുന്നത് നോക്കുക. ”ഇടതു പക്ഷവും ന്യൂനപക്ഷ പ്രീണനം മുഖ്യ അജണ്ടയാക്കി. ഈഴവരാദി പിന്നാക്കക്കാരും പട്ടികജാതിക്കാരുമായിരുന്നു കുറുച്ചുകാലം മുമ്പുവരെ ഈ പാര്‍ട്ടികളുടെ രക്തവും മാംസവും മജ്ജയും മസ്തിഷ്ക്കവുമെല്ലാം. ജീവിതകാലം മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടി ജീവിച്ചവരെയെല്ലാം അവഗണിച്ച് ഇന്നലെ വന്ന ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പാര്‍ട്ടി പദവികളില്‍ ഡബിള്‍, ട്രിപ്പിള്‍ പ്രമോഷനുകള്‍ നല്കി”യെന്നാണ് വെള്ളാപ്പള്ളി ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: