കൊച്ചി: കൊച്ചി മെട്രോ സർവീസ് ആരംഭിച്ചിട്ട് ഈ ജൂൺ പതിനേഴിന് ഏഴ് വർഷം. കൊച്ചി മെട്രോ നാടിന് സമർപ്പിക്കപ്പെട്ട ആരംഭിച്ച ജൂൺ പതിനേഴ് കേരള മെട്രോ റെയിൽ ഡേ ആയി ആചരിച്ച് വരികയാണ്. 2024 ഏപ്രിൽ 25ന് കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിട്ടിരുന്നു. കൊച്ചി വാട്ടർ മെട്രോയുടെ ഒന്നാം വാർഷികാഘോഷവും കേരള വാട്ടർ മെട്രോ ദിനവും ജൂൺ പതിനേഴിന് ആചരിക്കുകയാണ്.
ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കുമായി നിരവധി ആഘോഷപരിപാടികളും ഓഫറുകളും കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും ഒരുക്കുകയാണ് കെഎംആർഎൽ. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2024 എന്ന പേരിൽ ഇന്ന് മുതൽ ജൂൺ 29 വരെ മെട്രോ സ്റ്റേഷനുകളിൽ വിവിധ പരിപാടികളും മത്സരങ്ങളും ഉണ്ടാകും.
കൊച്ചി മെട്രോ മെഗാ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ഇന്ന് കെഎംആർഎൽ കോർപ്പറേറ്റ് ഓഫീസിൽ മാനേജിംഗ് ഡയറക്ടർ ശ്രീ.ലോക്നാഥ് ബെഹ്റ നിർവ്വഹിച്ചു. ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. എറണാകുളം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൈക്കോർട്ട് ജംഗ്ഷൻ വാട്ടർ മെട്രോ ടെർമിനലിൽ ബാലവേല വിരുദ്ധ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളും നടന്നു.
ആഘോഷങ്ങളുടെ ഭാഗമായി റോബോട്ടിക് എക്സ്പോ, ഭക്ഷണമേള, ഗസൽ സംഗീത വിരുന്ന്, ഫാഷൻ ഷോ, ക്വിസ് മത്സരം, ചെസ് മത്സരം, ചിത്രരചനാ മത്സരം, സെമിനാറുകൾ തുടങ്ങിയ പരിപാടികൾ ജൂൺ 29 വരെയുള്ള തീയതികളിൽ വിവിധ മെട്രോ സ്റ്റേഷനുകളിലും വാട്ടർ മെട്രോ ടെർമിനലുകളിലും നടക്കുമെന്നും കെഎംആർഎൽ വാർത്താ കുറിപ്പിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: