ന്യൂദല്‍ഹി: ഭാരതത്തിന്റെ പ്രഥമ ചാവേര്‍ ഡ്രോണ്‍ സൈന്യത്തിന് കൈമാറി. നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി നാഗാസ്ത്ര-1 വികസിപ്പിച്ചത്.
സോളാര്‍ ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ കമ്പനിയായ ഇക്കണോമിക്സ് എക്സ്പ്ലോസീവ്സ് ലിമിറ്റഡ് 480 ചാവേര്‍ ഡ്രോണുകളാണ് സൈന്യത്തിന് കൈമാറിയത്. 120 എണ്ണം മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുമുണ്ട്. ബെംഗളൂരുവിലെ ഇസഡ് മോഷന്‍ ആട്ടോണമസ് സിസ്റ്റംസുമായി ചേര്‍ന്നാണ്, സോളാര്‍ ഇന്‍ഡസ്ട്രീസ് നാഗാസ്ത്ര വികസിപ്പിച്ചത്.
ജിപിഎസ് ഉപയോഗിച്ച് കൃത്യതയോടെ ശത്രുവിനെ കണ്ടെത്തി നിര്‍വീര്യമാക്കാന്‍ നാഗാസ്ത്ര-1 ന് കഴിയും. ഒമ്പത് കിലോഗ്രാമാണ് ഭാരം. 15 കിലോമീറ്റര്‍ അകലേക്കു വരെ പറത്താം. വളരെ ചെറിയ തോതിലുള്ള തരംഗങ്ങള്‍ മാത്രം സൃഷ്ടിക്കുന്നതിനാല്‍ 200 മീറ്റര്‍ ഉയരത്തില്‍ തിരിച്ചറിയപ്പെടാത്ത വിധം പറക്കാന്‍ ഡ്രോണിന് കഴിയും. ഒരു കിലോ സ്ഫോടകവസ്തുക്കള്‍ വരെ വഹിക്കും. രാത്രിയും പകലും വ്യക്തമായ കാഴ്ച നല്കുന്ന നിരീക്ഷണ കാമറകളടങ്ങുന്നതാണ് ഡ്രോണ്‍. കടുത്ത താപനിലയിലും പ്രവര്‍ത്തിക്കും.
താരതമ്യേന തീവ്രത കുറഞ്ഞ ഭീഷണികള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ചെലുകുറഞ്ഞ പ്രതിരോധ മാര്‍ഗമായി ചാവേര്‍ ഡ്രോണുകള്‍ ഉപയോഗിക്കാം. ഡ്രോണ്‍ അയച്ചതിന് ശേഷം ആവശ്യമെങ്കില്‍ ദൗത്യം ഉപേക്ഷിച്ച് ഡ്രോണ്‍ തിരിച്ചെടുക്കാനും പുനരുപയോഗിക്കാനും സാധിക്കും. ശത്രുക്കളുടെ പരിശീലന ക്യാമ്പുകള്‍, ലോഞ്ച് പാഡുകള്‍, എന്നിവയ്ക്കെതിരെയും നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെയും പ്രയോഗിക്കാന്‍ ഉചിതമായ പ്രതിരോധ സംവിധാനമാണ് നാഗാസ്ത്ര-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: