ബെംഗളൂരു: നിശാ പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗിച്ച കേസില്‍ തെലുങ്ക് നടി ഹേമയ്ക്ക് സോപാധിക ജാമ്യം അനുവദിച്ചു. പാര്‍ട്ടിയില്‍ വെച്ച് ഹേമയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് ഇവരുടെ അഭിഭാഷകന് മഹേഷ് കിരണ്‍ ഷെട്ടി വാദിച്ചതിനെ തുടര്‍ന്നാണ് എന്‍ഡിപിഎസ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹേമയുടെ വൈദ്യപരിശോധന നടത്തിയതെന്നും ഷെട്ടി ചൂണ്ടിക്കാട്ടി.
കേസില്‍ ജൂണ്‍ മൂന്നിനായിരുന്നു നടിയെ അറസ്റ്റ് ചെയ്തത്. മെയ് 19നാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫാം ഹൗസില്‍ വെച്ച് നിശാ പാര്‍ട്ടി നടത്തിയത്. ഡിജെകള്‍, സിനിമ താരങ്ങള്‍, ടെക്കികള്‍ എന്നിവരുള്‍പ്പെടെ നൂറോളം പേര് പാര്‍ട്ടിയുടെ ഭാഗമായിരുന്നു. ഇവിടെ നടന്ന റെയ്ഡില്‍ നിന്നും വന്‍ തോതില്‍ ലഹരിമരുന്ന് ശേഖരം സിസിബി പോലീസ് കണ്ടെത്തി.
തുടര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത ഹേമ ഉള്‍പ്പെടെയുള്ളവരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചത്. എന്നാല്‍, തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് ഹേമ പിന്നീട് സോഷ്യല്‍ മീഡിയ വഴി അവകാശപ്പെട്ടു. പാര്‍ട്ടിയില്‍ പങ്കെടുത്തെങ്കിലും തന്റെ അറിവോടെ ലഹരിമരുന്ന് കഴിച്ചില്ലെന്നായിരുന്നു നടിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: