തൃശൂർ: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി(80) അന്തരിച്ചു. ഇന്ന് രാവിലെ 7.45ഓടെ കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ഫുട്ബോള്‍ താരമായും പരിശീലകനായും അരനൂറ്റാണ്ടിലേറെ കാലം ഇന്ത്യന്‍ കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു ടി കെ ചാത്തുണ്ണി.
ഫുട്ബോൾ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. ഐഎം വിജയന് മുതല്‍ ബ്രൂണോ കുട്ടീഞ്ഞോ വരെ ചാത്തുണ്ണിയുടെ പരിശീലനക്കളരിയില്‍ ഭാഗമായിട്ടുണ്ട്. വാസ്കോ ഗോവ, സെക്കന്ദരാബാദ്, ഓര്‍കേ മില്‍സ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു ടികെ ചാത്തുണ്ണി.കേരള പോലീസ് ആദ്യമായി ഫെഡറേഷന് കപ്പ് നേടിയതും ടി കെ ചാത്തുണ്ണിയുടെ പരിശീലനത്തിന് കീഴിലായിരുന്നു.
1979ലാണ് ടി കെ ചാത്തുണ്ണി കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായത്. പിന്നീട് മോഹന്‍ ബഗാന്, ചര്‍ച്ചില്‍ ബ്രദേഴ്സ്, സാല്‍ഗോക്കര്‍, എഫ്സി കൊച്ചിന് തുടങ്ങി നിരവധി പ്രൊഫഷണല്‍ ക്ലബ്ബുകള്‍ക്കും പരിശീലനം നല്കി. ഫുട്ബോള്‍ മൈ സോണ്‍ എന്ന പേരില്‍ ആത്മകഥയും എഴുതിയിട്ടുണ്ട് ടി കെ ചാത്തുണ്ണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: