ചെന്നൈ: അണ്ണാമലൈയെ മോദി സര്‍ക്കാര്‍ കാബിനറ്റ് റാങ്കോടെ മന്ത്രിയാക്കുന്നു എന്ന വാര്‍ത്ത തമിഴ്നാട്ടില്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചത് ഡിഎംകെ കേന്ദ്രങ്ങളാണ്. അങ്ങിനെയെങ്കിലും അണ്ണാമലൈയുടെ ശല്യം തീരട്ടെ എന്ന് കരുതിയായിരുന്നു ഇത്.
എന്നാല്‍ അണ്ണാമലൈ കേന്ദ്രത്തിലേക്ക് മന്ത്രിയായി പോകില്ല, പകരം തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെ പടനയിച്ച് മുന്നിലുണ്ടാകും. അണ്ണാമലൈ തമിഴ്നാട്ടില്‍ ബിജെപിയെ നയിക്കട്ടെ എന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമെന്നറിയുന്നു. ഇതോടെ സ്റ്റാലിനും കൂട്ടരും മുട്ടിടിച്ച് നില്‍ക്കുകയാണ്. കാരണം ദ്രാവിഡപ്പാര്ട്ടികളായ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും നാടായി അറിയപ്പെട്ടിരുന്ന തമിഴ്നാട് ഇനി ബിജെപി എന്ന മൂന്നാം രാഷ്ട്രീയ ശക്തിയുടെ കൂടി നാടാണ്.
കാരണം 2019ലെ 3.5 ശതമാനം വോട്ട് പങ്കാളിത്തമുള്ള പാര്‍ട്ടിയല്ല ഇന്ന് ബിജെപി അവിടെ. ഇപ്പോള്‍ 11 ശതമാനമാണ് ബിജെപിയുടെ വോട്ട് പങ്കാളിത്തം. ഇതിന് പിന്നില്‍ അണ്ണാമലൈയുടെ കഠിനാധ്വാനമുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് ബിജെപിയുടെ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെ നിര്‍ഭയം പടനയിക്കുകയായിരുന്നു അണ്ണാമലൈ. ‘എന്റെ മണ്ണ്, എന്റെ മക്കള്‍’ യാത്രയിലൂടെ തമിഴ്നാട്ടിലെ 234 നിയോജകമണ്ഡലങ്ങളും അണ്ണാമലൈ സന്ദര്‍ശിച്ചു. അവിടുത്തെ യുവാക്കളുമായി സംവദിച്ചു. ഹിന്ദുത്വ ശക്തികളെ ബലപ്പെടുത്തുകയും സനാതനധര്‍മ്മത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.
ഈ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇത് നിസ്സാര നേട്ടമല്ല. ഇത് തമിഴ്നാട്ടില്‍ ബിജെപിയുടെ വിജയം തന്നെയാണെന്നാണ് മാധ്യമപ്രവര്‍ത്തകനായ ജി.സി. ശേഖര്‍ അഭിപ്രായപ്പെട്ടത്. “രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഒരു പാര്‍ട്ടിക്ക് ഒന്നാം സ്ഥാനത്തേക്ക് ഉയരാന്‍ വേണ്ടി പരിശ്രമിക്കാം. ബിജെപി ഇനി താഴേത്തട്ടില്‍ കുറെക്കൂടി കഠിനാധ്വാനം ചെയ്താല്‍ വളരാന്‍ ധാരാളം ഇടമുണ്ട്. “- ജി.സി. ശേഖര്‍ വിശദീകരിക്കുന്നു.
തമിഴ്നാട്ടില്‍ എന്‍ഡിഎയുടെ വോട്ട് പങ്കാളിത്തം കൂടിയിട്ടുണ്ട്. അത് 18.2 ശതമാനമായി ഉയര്‍ന്നു എന്നതാണ് അവസാനത്തെ കണക്കുകള്‍ പറയുന്നത്.25 ശതമാനം വോട്ട് നേടുമെന്നും രണ്ടക്ക സീറ്റുകള്‍ പിടിച്ചെടുക്കുമെന്നും അണ്ണാമലൈ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ അണികളുടെ വീര്യം കൂട്ടാനുള്ള ആഹ്വാനങ്ങള്‍ മാത്രമായി കണ്ടാല്‍ മതി. 11 സീറ്റുകളില്‍ തമിഴ്നാട്ടില്‍ ബിജെപിയ്ക്ക് കെട്ടിവെച്ച കാശ് നഷ്ടമായെങ്കിലും അവിടെയും ഭാവിയില്‍ ബിജെപി വളരുമെന്നുറപ്പ്. അത്തരത്തില്‍ ഒരു കൊടുങ്കാറ്റാണ് അണ്ണാമലൈ അവിടെ വിതച്ചത്. ഡിഎംകെയ്ക്ക് 26.93 ശതമാനം വോട്ടാണ് കിട്ടിയതെങ്കില് എഐഎഡിഎംകെയ്ക്ക് 20.46 ശതമാനം വോട്ടുകളാണ് ലഭിച്ചതെങ്കില്‍ മൂന്നാം ശക്തിയായി വളര്‍ന്ന ബിജെപിയ്ക്ക് 11.24 ശതമാനം വോട്ടുകള്‍ ലഭിച്ചത് നിസ്സാര നേട്ടമല്ല. എഐഎ ഡിഎംകെയുമായി സഖ്യം ഇല്ലാതെ ഒറ്റയ്ക്ക് മത്സരിക്കുക എന്ന ബിജെപി തീരുമാനം തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് നില്ക്കാവുന്ന ശക്തിയായി വോട്ട് പങ്കാളിത്തം കൂട്ടി വളരുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ്. അതില്‍ ബിജെപി വിജയിച്ചു.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി ബിജെപിയെ തമിഴ്നാട്ടില്‍ വലിയ ശക്തിയാക്കി വളര്‍ത്തുക എന്നത് തന്നെയാണ് അണ്ണാമലൈയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: